മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിങ്ങൾ എന്നെയും കമ്മ്യൂണിസ്റ്റാക്കിയത് ഇങ്ങനെയാണ്; മുന്‍ ഡിസിസി സെക്രട്ടറിയുടെ കുറിപ്പ് വൈറലാവുന്നു

Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ഡിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിന് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയായ ടികെ അലവികുട്ടിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം സിപിഎമ്മില്‍ ചേരുകയായിരുന്നു.

മറ്റേതൊരു വിഷയത്തേയും പോലെ ഈ ദുരന്തത്തേയും സമീപിക്കരുതെന്നും ഇതിൽ രാഷ്ട്രീയനേട്ടങ്ങൾക്ക്‌ സാദ്ധ്യതയില്ലെന്നും ഞാൻ ശങ്കയില്ലാതെ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കെഎസ്‌ യുവിലൂടെ

കെഎസ്‌ യുവിലൂടെ

കോൺഗ്രസ്സിന്റെ വിദ്യാർത്ഥിസംഘടനയായ കെ എസ്‌ യുവിലൂടെ‌യാണ് ഞാനെന്റെ രാഷ്ട്രീയപ്രവർത്തനമാരഭിച്ചത്‌. പിന്നീട്‌ യുവജനസംഘടനയിലൂടെ കോൺഗ്രസ്സ്‌ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. കോൺഗ്രസ്സിനകത്തുണ്ടായ ആശയതർക്കങ്ങളെ തുടർന്ന് രൂപം കൊണ്ടൊരു ചേരിയായ കോൺഗ്രസ്സ്‌ എസ്സിന്റെ കൂടെ ഇടക്കാലത്ത്‌ നിൽക്കുകയും ചെയ്തു.

കോൺഗ്രസ്സ്‌ ജീവിതം

കോൺഗ്രസ്സ്‌ ജീവിതം

ഏതാണ്ട്‌ നാലുപതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ്സ്‌ ജീവിതം. അതിനെ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നുള്ളിയെടുത്ത്‌ ചവിട്ടിയരച്ച മലപ്പുറം ഡീസിസിക്ക്‌ ആദ്യമേ അഭിനന്ദനങ്ങൾ. നിങ്ങൾ എനിക്ക്‌ നൽകിയ പട്ടും വളയും ഞാൻ ചില്ലിട്ട്‌ സൂക്ഷിച്ചിട്ടുണ്ട്‌. ഈ ദുരന്ത കാലത്ത്‌ മറ്റൊരു ദുരന്തമായി മാറുന്ന കോൺഗ്രസ്സ്‌ പാർട്ടിയെ കണ്ട്‌ മിണ്ടാതിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനിന്നും കോൺഗ്രസ്സുകാരനായി തന്നെ തുടരുമായിരുന്നു.

ഈ ദുരന്തത്തെ

ഈ ദുരന്തത്തെ

മറ്റേതൊരു വിഷയത്തേയും പോലെ ഈ ദുരന്തത്തേയും സമീപിക്കരുതെന്നും ഇതിൽ രാഷ്ട്രീയനേട്ടങ്ങൾക്ക്‌ സാദ്ധ്യതയില്ലെന്നും ഞാൻ ശങ്കയില്ലാതെ പറഞ്ഞു. ഡീ സി സി സെക്രട്ടറിയെന്നൊരു സ്ഥാനത്തിരുന്ന് ഇങ്ങനെയൊക്കെ പറയുന്നത്‌ അച്ചടക്കലംഘനമാണെന്നും വിശദീകരണം നൽകണമെന്നും പാർട്ടി പറഞ്ഞപ്പോൾ അമ്പരപ്പായിരുന്നു തോന്നിയത്‌. എന്റെ മുന്നിൽ രണ്ടുവഴികളുണ്ടായിരുന്നു. ഒന്ന് പറഞ്ഞതിൽ അടിയുറച്ച്‌ നിൽക്കുക, അല്ലെങ്കിൽ മാപ്പ്‌ പറഞ്ഞ്‌ കെഞ്ചുക.

മലക്കം മറിയാമായിരുന്നു

മലക്കം മറിയാമായിരുന്നു

ഡിസിസി സെക്രട്ടറിയെന്നൊരു സ്ഥാനം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നെങ്കിൽ എനിക്ക്‌ കെഞ്ചിക്കേണ് മലക്കം മറിയാമായിരുന്നു. പക്ഷേ, ഞാൻ സ്വീകരിച്ച നിലപാട്‌ മനുഷ്യപക്ഷനിലപാടാണെന്ന ബോദ്ധ്യമുള്ളത്‌ കൊണ്ട്‌ പറഞ്ഞതിൽ ഉറച്ച്‌ നിൽക്കാനാണ് തീരുമാനിച്ചത്‌. നേതാക്കളല്ല, പാർട്ടിയാണ് വലുതെന്നും പാർട്ടിയെ മുന്നോട്ട്‌ നയിക്കാൻ നിയോഗിക്കപ്പെട്ടവർ മാത്രമാണ് നേതാക്കളെന്നും അവർ ജനവിരുദ്ധനിലപാടെടുക്കുമ്പോൾ തിരുത്തേണ്ടതുണ്ടെന്നും എന്റെ ബോദ്ധ്യങ്ങളായിരുന്നു.

കോൺഗ്രസ്സുകാരെങ്കിലും എനിക്ക്‌ പറഞ്ഞ്‌ തരണം

കോൺഗ്രസ്സുകാരെങ്കിലും എനിക്ക്‌ പറഞ്ഞ്‌ തരണം

മുണ്ടുരിയലും തെറിവിളിയും കല്ലേറും കസേരകൊണ്ടേറും ഒക്കെ പരസ്പരം ചെയ്യുന്നത്‌ ഒരു സാധാരണ നടപടിക്രമം മാത്രമായൊരു പാർട്ടിയിൽ പ്രാഥമികാംഗത്വത്തിൽ നിന്ന് പോലും പുറത്താക്കപ്പെടാൻ മാത്രം‌ മറ്റെന്ത്‌ ഭീകരകുറ്റമാണ് ഞാൻ ചെയ്തതെന്ന് കോൺഗ്രസ്സുകാരെങ്കിലും എനിക്ക്‌ പറഞ്ഞ്‌ തരണം. ഞാൻ ഇടതുപക്ഷസ്വഭാവം പുലർത്തുന്ന കോൺഗ്രസ്സുകാരനാണെന്ന് ഡിസിസി പ്രസിഡന്റ്‌ ആരോപിച്ചു. അതൊരു ബഹുമതിയായാണ് ഞാൻ സ്വീകരിച്ചത്‌.

ബീജേപ്പിയായി മാറുന്ന കോൺഗ്രസ്സിൽ

ബീജേപ്പിയായി മാറുന്ന കോൺഗ്രസ്സിൽ

വലിയ തോതിൽ വലതുവ്യതിയാനം സംഭവിച്ച്‌ മറ്റൊരു ബീജേപ്പിയായി മാറുന്ന കോൺഗ്രസ്സിൽ ഇടതുപക്ഷമനോഭാവം വെച്ചുപുലർത്തുന്നത്‌ ഒരു മഹാ അപരാധം തന്നെയാണ്. അത്തരം മനോഭാവങ്ങളെ പടിയടച്ച്‌ പിണ്ടം വെച്ച്‌ കോൺഗ്രസ്സിനെ ഒരു സമൂല വലത്‌ വർഗ്ഗീയ പ്രസ്ഥാനമാക്കാനാണല്ലോ ശ്രമിക്കുന്നത്‌.

എത്ര ദയനീയമാണ്

എത്ര ദയനീയമാണ്

കോൺഗ്രസ്സ്‌ ഇന്ന് എത്തിനിൽക്കുന്ന രാഷ്ട്രീയപരിസരം എത്ര ദയനീയമാണെന്ന് കോൺഗ്രസ്സിന് മനസ്സിലാകുന്നേയില്ല. അവരിപ്പോഴും രാജ്യത്തെ വൻശക്തിയാണെന്നും ബീജേപ്പിക്ക്‌ ബദലാണെന്നും പറഞ്ഞുനടക്കുയാണ്. പാരമ്പര്യത്തിന്റെ തഴമ്പിൽ തടവി കുളിരുകോരുകയാണ്. റിസോർട്ടുകളിൽ നിന്നും റിസോർട്ടുകളിലേക്ക്‌ എം എൽ എ മാരെക്കൊണ്ട്‌ പായേണ്ട ഗതികേട്‌ എങ്ങനെ ഉണ്ടായെന്നും ബീജേപ്പിക്ക്‌ സൗകര്യപൂർവ്വം വിലക്കെടുക്കാവുന്ന തരത്തിലേക്ക്‌ പാർട്ടിക്കാർ എങ്ങനെ അധപതിച്ചെന്നും ചിന്തിക്കുന്നേയില്ല.

അന്ന് തുടങ്ങിയതാണ് ഈ ഗതികേട്‌

അന്ന് തുടങ്ങിയതാണ് ഈ ഗതികേട്‌

ബീജേപ്പിയെ എതിർക്കാൻ മറ്റൊരു ബീജേപ്പിയായി മാറണമെന്ന്, എന്ന് കോൺഗ്രസ്സിന് തോന്നിത്തുടങ്ങിയോ അന്ന് തുടങ്ങിയതാണ് ഈ ഗതികേട്‌. പല സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ്‌ മാനിഫെസ്റ്റോകൾക്ക്‌ ബീജേപ്പിയുടെ മണവും ഗുണവുമുണ്ടായത്‌ യാദൃശ്ചികമായിരുന്നില്ലല്ലോ. രണ്ടും ഒന്നാണെങ്കിൽ പിന്നെന്തിന് കോൺഗ്രസ്സ്‌ എന്ന് കോൺഗ്രസ്സുകാർക്ക്‌ തന്നെ തോന്നുന്നത്‌ കൊണ്ടാണ് അവർ ബീജേപ്പിയിലേക്ക്‌ ഒഴുകുന്നത്‌.

Recommended Video

cmsvideo
പിണറായിയുടെ മകളുടെ വിവാഹത്തില്‍ കുരു പൊട്ടി സംഘികള്‍ | Oneindia Malayalam
അതിശയകരം

അതിശയകരം

ഈ അപചയങ്ങളേയും നിലപാടില്ലായ്മയേയും തുറന്നുകാട്ടാൻ ശ്രമിക്കുന്നവരെയൊക്കെ അച്ചടലംഘനത്തിന്റെ അച്ചുനിരത്തി നിശബ്ദരാക്കി. ഫലമെന്താണ്? സ്വയം കുഴിച്ച കുഴിയിൽ കിടന്ന് കോൺഗ്രസ്സ്‌ മുക്രയിടുന്നു. ബീജേപ്പി അധികാരത്തിലേറിയ ശേഷം സമരമുഖരിതമായ പല ഘട്ടങ്ങളിലൂടെയും രാജ്യം കടന്നുപോയിട്ടുണ്ട്‌. ആ സമരങ്ങളിലൊന്നിൽ പോലും നേതൃപരമായ പങ്ക്‌ കോൺഗ്രസ്സിനുണ്ടായില്ലെന്നത്‌ അതിശയകരമാണ്.

കുറ്റകരമായ മൗനം

കുറ്റകരമായ മൗനം

രാജ്യം കോൺഗ്രസ്സിനെ പ്രതീക്ഷയോടെ കാത്തിരുന്നിടത്തൊക്കെ കോൺഗ്രസ്സ്‌ കുറ്റകരമായ മൗനം പാലിച്ചു. പ്രക്ഷുബ്ധമായ തെരുവുകളിൽ യുവത്വം ചോരതുപ്പിവീണു. നമ്മുടെ പാർട്ടി എന്തുകൊണ്ട്‌ ഈ സമരങ്ങളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് ചോദ്യമുന്നയിച്ചാൽ തിരിച്ചൊരു ചോദ്യമുണ്ടാകും, ഇതൊക്കെ ഒരു സമരമാണോ എന്ന്. സമരമെന്ന് പറഞ്ഞാൽ സ്വാതന്ത്ര്യ സമരമാണ്. വല്ലഭായീം ഞാനും പിന്നെ താന്തിയാതോപ്പിയും! ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകും.

ഇടതുപക്ഷം

ഇടതുപക്ഷം

കോൺഗ്രസ്സ്‌ മടിച്ചുനിന്നിടത്ത്‌ ഇടതുപക്ഷം സമരങ്ങളുടെ മുഖമായി മാറി. ഭരണകൂട ഭീകരതക്കും അടിച്ചമർത്തലുകൾക്കും വിധേയരായവർ തെരുവിൽ ഒന്നിച്ചുകൂടുമ്പോൾ, അവരൊരു സമരമായി നടന്നുനീങ്ങുമ്പോൾ അവർക്ക്‌ പിടിക്കാനുള്ളത്‌ ഒരു ചെങ്കൊടിയായിരുന്നു. വിണ്ടുകീറിയ കാൽപാദങ്ങളോടെ കിലോമീറ്ററുകൾ മാർച്ച്‌ ചെയ്യുന്ന കർഷകനും ഈ ചെങ്കൊടി തന്നെയാണ് ഏന്തുന്നത്‌.

പ്രതീക്ഷയോടെ നോക്കുന്നു

പ്രതീക്ഷയോടെ നോക്കുന്നു

രാജ്യത്തെ പാവപ്പെട്ടവരും പീഡിതരും ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കുന്നു. അതൊക്കെ വോട്ടാകുമോ എന്ന് ചോദിക്കുന്നവരുണ്ടാകും. വോട്ടിനെ കുറിച്ചല്ല മനുഷ്യരെ കുറിച്ചാണ് അവരുടെ വിശപ്പിനേയും നോവുകളേയും കുറിച്ചാണ് പറയുന്നത്‌. കേരളത്തിലേയ്ക്കുവന്നാൽ ഇവിടുത്തെ ഇടതുസർക്കാർ സമസ്ഥമേഖലയിലും മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്‌. ഈ ദുരന്തകാലത്തും സർക്കാരിന്റെ കണ്ണുകൾ എല്ലായിടത്തേക്കുമെത്തുകയാണ്.

തട്ട്‌ താണുതന്നെ കിടക്കും

തട്ട്‌ താണുതന്നെ കിടക്കും

മനുഷ്യർക്കപ്പുറം മറ്റുസഹജീവികളും ഈ ദുരിതത്തിൽ പട്ടിണിയിലാണെന്ന് ഒരു ഭരണാധികാരി മനസ്സിലാക്കുന്നിടത്താണ് ആ നാട്‌ സ്വർഗ്ഗമായി മാറുന്നത്‌. എല്ലാവരേയും ഒരുപോലെ പരിഗണിക്കുകയാണ്. സമത്വമെന്നൊരാശയം ഈ നാട്ടിലറ്റുപോവുകില്ലെന്ന് പിന്നെയും ബോദ്ധ്യപ്പെടുകയാണ്. ഏറ്റവുമൊടുവിലായ്‌ കുട്ടികളുടെ പരീക്ഷ സമയത്ത്‌ നടത്തിയതും ഓൺലൈനിലൂടെ അധ്യയനവർഷമാരംഭിച്ചതും മികവ്‌ തന്നെയാണ്. സർവ്വസന്നാഹങ്ങളും കൊണ്ട്‌ അപകീർത്തിപ്പെടുത്തിയാലും ഈ മികവിന്റെ തട്ട്‌ താണുതന്നെ കിടക്കും.

ഇന്നിന്റെ രാഷ്ട്രീയം

ഇന്നിന്റെ രാഷ്ട്രീയം

രാജ്യത്താകമാനം ഇടതുപക്ഷമിങ്ങനെ ജനപക്ഷത്ത്‌ നിൽക്കുമ്പോൾ ആ പക്ഷം ചേർന്ന് നിൽക്കലാണ് ഇന്നിന്റെ രാഷ്ട്രീയമെന്ന് ഞാൻ കണിശമായും വിശ്വസിക്കുന്നു. ഇടതുപക്ഷത്തെ മുന്നിൽ നിന്ന് നയിക്കുന്ന സി പി എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നത്‌ അതുകൊണ്ടുതന്നെ അഭിമാനകരമാണ്. കോൺഗ്രസ്സിന്റെ അവിശുദ്ധരാഷ്ട്രീയത്തെ നന്നാക്കിക്കളയാമെന്ന വ്യാമോഹം കൊണ്ട്‌ വിമർശനമുന്നയിച്ച്‌, അവരോട്‌ മാനുഷികമൂല്യങ്ങൾ പറഞ്ഞു പരാജയപ്പെട്ട ഒരാളാണ് ഞാൻ.

നന്ദിയുണ്ട്

നന്ദിയുണ്ട്

ആ എന്നെ ഒരു മടിയും കൂടാതെ സ്വീകരിച്ച സി പി എം പാർട്ടിയോട്‌ എനിക്ക്‌ നന്ദിയുണ്ട്‌. എന്നെ സ്വാഗതം ചെയ്ത സഖാവ്‌ പാലോളിയും ജില്ലാ സെക്രട്ടറി സഖാവ്‌ മോഹൻദാസുമുൾപ്പെടെ എല്ലാ സഖാക്കളോടും എന്റെ നന്ദി അറിയിക്കുന്നു. എന്നോട്‌ സ്നേഹം കാണിച്ച എനിക്ക്‌ പരിചയമുള്ളതും ഇല്ലാത്തവരുമായ സഖാക്കളേ... നിങ്ങളോടൊക്കെ ഞാനെന്റെ ഹൃദയം കൊണ്ട്‌ ചേർന്ന് നിൽക്കുന്നു.

ചൈനയുടെ ക്രൂര നീക്കം? അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍, ഗാല്‍വന്‍ നദിയുടെ ഒഴുക്ക് തടയുന്നുചൈനയുടെ ക്രൂര നീക്കം? അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍, ഗാല്‍വന്‍ നദിയുടെ ഒഴുക്ക് തടയുന്നു

Malappuram
English summary
former dcc secretary Alavikutty Tk about cpm and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X