മുത്തച്ഛനും 3പേരകുട്ടികളും മുങ്ങിമരിച്ചു
മലപ്പുറ: മങ്കടയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും പേരകുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കള്‍ സിനോ(9), ബിനോ(10), ആന്റണിയുടെ സഹോദരന്റെ മകന്‍ സിജോ(12) ഇവരുടെ മുത്തച്ഛന്‍ ദേവസ്യ(60) എന്നിവരാണ് മരിച്ചത്.
ക്രിസ്മസ് ആഘോഷത്തിന് ബന്ധുവീട്ടില്‍ ഒത്തുകൂടിയതായിരുന്നു എല്ലാവരും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാറമടയില്‍ മീന്‍പിടിക്കാനിറങ്ങിയ ബിനോ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിനോയും സിജോയും അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മൂവരെയും രക്ഷിക്കാനിറങ്ങിയ ദേവസ്യയും കയത്തില്‍പ്പെട്ടു.

ഉച്ചയായിട്ടും കുളിക്കാന്‍ പോയ മുത്തച്ഛനെയും പേരകുട്ടികളെയും കാണാതായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങിയത്. പാറമടയുടെ കരയില്‍ വസ്ത്രങ്ങളും ചെരുപ്പും അഴിച്ചുവച്ചത് കണ്ടാണ് നാട്ടുകാര്‍ വെള്ളക്കെട്ടില്‍ ഇറങ്ങി തിരച്ചില്‍ ആരംഭിച്ചത്.
മങ്കട പൊലീസും പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. വൈകിട്ട് നാലരയോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications