മലപ്പുറത്തെ സെവന്‍സ് ഗ്യാലറി അപകടം: സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ പൂങ്ങോട്ട് സെവന്‍സ് ഫുട്ബോള്‍ ഗ്യാലറി തകർന്ന് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ടൂർണ്ണമെന്റ് കമ്മറ്റിക്കെതിരേയാണ് പൊലീസ് നടപടി. മതിയായ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആയിരത്തോളം പേർക്കുള്ള സൌകര്യമായിരുന്നു മൈതാനത്ത് ഒരുക്കിയിരുന്നത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഏഴായിരത്തോളം ആളുകളാണ് കളി കാണാന്‍ വേദിയില്‍ എത്തിയിരുന്നത്. ഇവരെ നിയന്ത്രിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വലിയിരുത്തുന്നത്.
ജില്ലിയിലെ വണ്ടൂരിനടുത്ത് പൂങ്ങോടായിരുന്നു ഇന്നലെ രാത്രിയോടെ അപകടം നടന്നത്. സെവന്‍സ് ഗ്യാലറി തകർന്ന് വീണുണ്ടായ അപകടത്തില്‍ നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഉണ്ട്. പരിക്കേറ്റവരില്‍ പകുതിയില്‍ അധികം പേരെയും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഇരുപത് പേർ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പൂങ്ങോട് ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതിയായിരുന്നു ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത്.

ഒരു മാസമായി നടന്നു വരുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിനിടെയായിരുന്നു അപകടം. യുണെറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലായിരുന്നു മത്സരം ഫൈനല്‍ മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ മൈതാനത്ത് കാണികള്‍ നിറഞ്ഞിരുന്നു. ടിക്കറ്റ് മൂലമായിരുന്നു പ്രവേശനം. ആയിരക്കണക്കിന് വരുന്ന കാണികള്‍ക്കായി മുളയും കവുങ്ങുകളും കൊണ്ട് പണിത താല്‍ക്കാലിക ഗ്യാലറിയായിരുന്നു തയ്യാറാക്കിയത്. ഇവിടെ നിയന്ത്രണമില്ലാതെ ആളുകള്‍ കയറിയതാണ് അപകടത്തിന് ഇടയാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. സെമിഫൈനല്‍ മത്സരത്തിനും ഇത്രയേറെ കാണികള്‍ വേദിയിലേക്ക് എത്തിയിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. മലപ്പുറത്തെ ഏറ്റവും പ്രശസ്തമായ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റായതിനാല്‍ വന്‍ജനക്കൂട്ടമാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രണ്ട് വർഷത്തിന് ശേഷം ഇപ്രാവശ്യമാണ് ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളിച്ചുള്ള മത്സരം നടക്കുന്നത്.
#WATCH Temporary gallery collapsed during a football match in Poongod at Malappuram yesterday; Police say around 200 people suffered injuries including five with serious injuries#Kerala pic.twitter.com/MPlTMPFqxV
— ANI (@ANI) March 20, 2022
ഗ്യാലറിയില്‍ കൊള്ളാവുന്നതിലും കൂടുതല്‍ പേരെ പ്രവേശിപ്പിച്ച സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് പി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഗാലറി നിര്‍മ്മാണത്തിലെ ഗുണനിലവാരത്തിലും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം താല്‍കാലിക ഗാലറി നിര്‍മ്മാണങ്ങള്‍ക്കൊന്നും പരിശോധനയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള സംവിധാനമില്ലാത്തതാണ് അപകടം പതിവാക്കുന്നത്. നേരത്തേയും ജില്ലയില്‍ ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ട്.












Click it and Unblock the Notifications