സ്റ്റേഷനറി ഉല്‍പ്പന്നങ്ങളല്ല... അത് 170 കിലോ കഞ്ചാവ്; മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍
മലപ്പുറം: സ്റ്റേഷനറി സാധനങ്ങള്‍ എന്ന വ്യാജേന കടത്തിയ കഞ്ചാവ് വണ്ടൂരില്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെയാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടിച്ചത്. മിനിലോറിയില്‍ 170 കിലോ കഞ്ചാവാണ് കടത്താന്‍ ശ്രമിച്ചത്. വണ്ടൂരിലെ മഞ്ചേരി റോഡില്‍ വച്ചാണ് കാളികാവ് റേഞ്ച് എക്‌സൈസും എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശേരി പാലക്കാപ്പറമ്പില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്പരില്‍ മിഥുന്‍, പത്തുന്‍വീട്ടില്‍ സുജുത്ത് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. 77 പാക്കറ്റുകളിലായിട്ടായിരുന്നു ഒളിപ്പിച്ചിരുന്നത്. ആന്ധ്രയില്‍ നിന്ന് സിമന്റ് ലോറിയിലാണ് കഞ്ചാവ് കേരളത്തിലെത്തിച്ചത്. ഇവ പ്രതികള്‍ മിനിലോറിയിലാക്കി കൊണ്ടുവരികയായിരുന്നു. കണ്ണൂരില്‍ നിന്നാണ് മിനിലോറിയിലേക്ക് മാറ്റിയത്.
മൂന്ന് ദിവസം മുമ്പ് വണ്ടൂരിലെ ഒരു യുവാവിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയതും അറസ്റ്റുണ്ടായതും. ഒരു കോടിയോളം വില വരുന്ന കഞ്ചാവാണ് പിടിച്ചതെന്ന് കാളികാവ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദ് പറഞ്ഞു. മുമ്പും സംഘം സമാനമായ രീതിയില്‍ കഞ്ചാവ് കടത്തി എന്ന് സംശയമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് പച്ചക്കറികള്‍ക്ക് മറവില്‍ കഞ്ചാവ് കടത്തിയ മറ്റൊരു സംഘത്തെ മഞ്ചേരിയില്‍ പോലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications