ഇന്നലെ 81 ലക്ഷം, ഇന്ന് 30 ലക്ഷം... കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട, കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
കരിപ്പൂര്‍: വിമാനത്താവളത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണം പിടികൂടി. യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ജിതിന്‍ എന്ന യുവാവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണത്തിന് 30 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറയുന്നു. തിങ്കളാഴ്ച രണ്ടു തവണയായി 81 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടിച്ചത്.

(പ്രതീകാത്മക ചിത്രം)
Recommended Video
എല്ലാവരും ഒരേ സംഘത്തിലെ കണ്ണികളാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവരാണ് സ്വര്‍ണം കടത്തുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ വിമാനങ്ങളും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലും ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് വിമാനത്തിലുമാണ് കഴിഞ്ഞദിവസം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വഴിക്കടവ് സ്വദേശി ജിത്തുവിനെയാണ് ആദ്യം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ തലശേരി സ്വദേശികളായ ബഷീര്‍, ഫഹദ്, നസറുദ്ദീന്‍ എന്നിവരാണ് പിന്നീട് അറസ്റ്റിലായത്. അടിവസ്ത്രത്തില്‍ ദ്രാവക രൂപത്തിലായിരുന്നു എല്ലാവരും സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഒന്നേകാല്‍ കിലോ വീതമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച രീതിയും സമാനമാണ്. ഇതാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കാന്‍ കാരണം.
ചാര്‍ട്ടേഡ് വിമാനത്തിലെത്തിയവരാണ് സ്വര്‍ണം കടത്തിയ എല്ലാവരും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ടിയാണ് പ്രത്യേക സര്‍വീസ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് ആരംഭിച്ചു. ഇതോടെ കള്ളക്കടത്ത് മാഫിയ സംഘങ്ങള്‍ വീണ്ടും സജീവമായി എന്നാണ് വ്യക്തമാകുന്നത്.












Click it and Unblock the Notifications