മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; വിദ്യാര്‍ഥി മരിച്ചത് രോഗം ബാധിച്ച്
മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആശങ്ക സൃഷ്ടിച്ച് എച്ച് വണ്‍ എന്‍ വണ്‍ മരണവും. മലപ്പുറം കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം മരിച്ച വിദ്യാര്‍ഥിക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചു. പൈങ്കണ്ണൂരിലെ ദാസന്റെ മകന്‍ ഗോകുലിന്റെ മരണം വൈറസ് ബാധ മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മലപ്പുറത്ത് കഴിഞ്ഞ ദിവസം പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഴയും വെയിലും പൊടുന്നനെ മാറി വരുന്നതാണ് രോഗ വ്യാപനത്തിന് ഒരു കാരണം പറയുന്നത്. അതിനിടെയാണ് എച്ച് വണ്‍ എന്‍ വണ്‍ മരണം സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് ആരോഗ്യ വകുപ്പ്.

ഈ മാസം 19നാണ് ഗോകുല്‍ മരിച്ചത്. ശക്തമായ പനിയെ തുടര്‍ന്നാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത്. 24 മണിക്കൂറിനകം കുട്ടി മരിക്കുകയും ചെയ്തു. സംശയത്തെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് എച്ച്1എന്‍1 ആണ് എന്ന് സ്ഥിരീകരിച്ചത്. ഈ മഴക്കാലത്ത് ആദ്യമായിട്ടാണ് ജില്ലയില്‍ എച്ച്1എന്‍1 മരണം സംഭവിക്കുന്നത്.
സാധാരണ പനിയാകാനിടയില്ല എന്ന് ഡോക്ടര്‍മാര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സാംപിളികള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം വന്നതോടെയാണ് ആരോഗ്യ വകുപ്പ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications