മലപ്പുറത്ത് അരക്കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു; 4 പ്രതികൾ പിടിയിൽ
മലപ്പുറത്ത് അരക്കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു; 4 പ്രതികൾ പിടിയിൽ
മലപ്പുറം: വേങ്ങര കണ്ണമംഗലത്ത് പുകയില ഉൽപന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. വട്ടപൊന്തയിലെ വാടക വീട്ടിൽ നടത്തിയിരുന്ന നിരോധിത പുകയില ഉൽപന്ന പാക്കിങ് കേന്ദ്രത്തിൽ പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 2 പാക്കിങ് യന്ത്രങ്ങളും സാമഗ്രികളും അരക്കോടിയുടെ ഉൽപന്നങ്ങളുമാണ് പിടിച്ചെടുത്തു.

സംഭവത്തെ തുടർന്ന് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുകയില കേന്ദ്രത്തിന്റെ ഉടമകളായ പട്ടാമ്പി വല്ലപ്പുഴ നടുത്തൊടി ഹംസ(36), വേങ്ങര കച്ചേരിപ്പടി കെ.കെ.അഫ്സൽ (30), എആർ നഗർ കൊളപ്പുറം കെ.ടി.മുഹമ്മദ് സുഹൈൽ (25), ജോലിക്കാരൻ ഡൽഹി സ്വദേശി അസ്‌ലം (23) എന്നിവരാണ് പിടിയിലായത്.
വട്ടപൊന്ത സ്കൂളിന് സമീപമുളള ഇരുനില വീട്ടിൽ, ബീഡി നിർമാണ യൂണിറ്റെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പാക്കിംങ് ആരംഭിച്ചത്. 4 മാസം മുൻപ് തന്നെ പുകയില ഉൽപന്ന പാക്കിങ് ആരംഭിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കർണ്ണാടകയിലെ ബെംഗളൂരുവിൽ നിന്ന് മത്സ്യം, കോഴി എന്നിവ കൊണ്ടുവരുന്ന ലോറികളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൊണ്ടു വന്ന് യന്ത്ര സഹായത്തോടെ ചെറിയ പാക്കറ്റുകളിലാക്കുകയായിരുന്നു ഇവർ. തുടർന്ന് പെരുമ്പാവൂർ, ഈരാറ്റുപേട്ട, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിൽപനയ്ക്കായി ആഡംബര വാഹനങ്ങളിൽ കയറ്റ് മതി ചെയ്തിരുന്നു.
മലപ്പുറം ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. മലപ്പുറം ഡിവൈഎസ്പി പി.എം.പ്രദീപ്, വേങ്ങര എസ്എച്ച്ഒ പി.കെ.മുഹമ്മദ് ഹനീഫ, നർകോട്ടിക് സ്ക്വാഡ് എസ്ഐമാരായ കുണ്ടറക്കാട് ശശി, സത്യനാഥൻ മനാട്ട്, കാരിയോട്ട് അബ്ദുൽ അസീസ്, എഎസ്ഐ ഉണ്ണിക്കൃഷ്ണൻ മാരാത്ത്, സിവിൽ പൊലീസ് ഓഫിസർ പി.സഞ്ജീവ്, വേങ്ങര എസ്ഐ ടി.കെ.ഉണ്ണിക്കൃഷ്ണൻ, എഎസ്ഐമാരായ അശോകൻ, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.
അതേസമയം, ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തിരൂരിൽ എത്തിയ മംഗള എക്സ്പ്രസിൽ നിന്നാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് സിഗരറ്റ് പിടിച്ചെടുത്തത്. 70 വലിയ പെട്ടികളിലായി 35,000 പാക്കറ്റ് കൊറിയൻ നിർമിത സിഗരറ്റാണ് ട്രെയിൻ വഴി എത്തിച്ചത്.
എന്നാ, ഒരു പാക്കറ്റിന് മാർക്കറ്റിൽ 300 രൂപയിലേറെ വിലയുണ്ടെന്നും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും നികുതി വെട്ടിച്ച് വിൽപന നടത്താൻ കടത്തിക്കൊണ്ടുവന്നതാണ് ഇവയെന്നും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ കേന്ദ്രീകരിച്ചാണ് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി വരികയായിരുന്നു. ഡൽഹിയിൽ നിന്നാണ് ഇവ എത്തിയത്.












Click it and Unblock the Notifications