കൊറോണ കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം വേറെ ലെവലാണ്; ഈ നിര്‍ദേശങ്ങള്‍ പാലിക്കണം
മലപ്പുറം: കൊറോണ ഭീതി അകന്നിട്ടില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം പഴയ പോലെ കൊഴുപ്പിക്കാനാകില്ല. പ്രചാരണ റാലികളും വന്‍ ജനപങ്കാളിത്തത്തോടെയുള്ള പരിപാടികളും നടക്കില്ല. വീടുകളില്‍ പ്രചാരണത്തിന് പോകുന്നവര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദേശങ്ങളുണ്ട്. വീടിനകത്ത് കയറിയുള്ള വോട്ടുപിടിത്തം വേണ്ട. അഞ്ചില്‍ കൂടുതല്‍ പേരുടെ ഭവന സന്ദര്‍ശനം ഒഴിവാക്കണം. എങ്ങനെയാണ് പ്രചാരണം നടത്തേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സക്കീന പറയുന്നു....

* കോവിഡ് പോസിറ്റീവായ രോഗികളോ ക്വാറന്റൈനില്‍ ഇരിക്കുന്ന വ്യക്തികളോ ഉള്ള വീടുകളില്‍ നേരിട്ട് പോകാതെ ഓണ്‍ലൈനായോ ഫോണ്‍ വഴിയോ വോട്ടഭ്യര്‍ത്ഥിക്കാം.
* അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു വീട്ടില്‍ ഒരേ സമയം പ്രചാരണത്തിന് പങ്കെടുക്കരുത്.
*വീടുകളില്‍ നേരിട്ട് പ്രചാരണം നടത്തുന്നവര്‍ ഒരു കാരണവശാലും വീടിനകത്തേക്ക് പ്രവേശിക്കരുത്. പ്രചരണത്തിലുള്ളവര്‍ പരസ്പരവും വീട്ടുക്കാരുമായും കൃത്യമായ സാമൂഹിക അകലം പാലിക്കണം.
*തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ വീടുകളിലെത്തുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ മാത്രം മാസ്‌ക് വച്ച് സാമൂഹിക അകലം പാലിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുമായി സംസാരിക്കണം.
* പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ പരാമാവധി ഒഴിവാക്കുകയും അവ നടത്തുമ്പോള്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം.
* ജാഥ, ആള്‍ക്കൂട്ടം, കൊട്ടികലാശം എന്നിവ ഒഴിവാക്കണം.
* തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
* വീടുകളില്‍ എന്തെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കില്‍ അതിനു ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരും വീട്ടുക്കാരും കൈ അണു നശീകരണം നടത്തണം.
* റോഡ് ഷോ, വാഹനറാലി എന്നിവയില്‍ പരമാവധി മൂന്ന് വാഹനങ്ങളായി പരിമിതപ്പെടുത്തുകയും വാഹനങ്ങളില്‍ എയര്‍ കണ്ടീഷണര്‍ ഒഴിവാക്കുകയും ജനാലകള്‍ തുറന്നിടുകയും വേണം.
* പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രചരണത്തിന് ഇറങ്ങരുത്. അങ്ങനെയുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തേണ്ടതാണ്.
* പ്രചരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ഇടക്കിടെ കൈ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുനശീകരണം നടത്തണം.
* തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ സ്വന്തം വീടുകളിലും മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.












Click it and Unblock the Notifications