മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരിയില്‍ മൂന്നു ദിവസം മൂന്ന് ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരിയില്‍ മൂന്നൂ ദിവസത്തിനുള്ളില്‍ മൂന്നു ചോര കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചോരക്കുഞ്ഞുങ്ങളെ ലഭിച്ചത്. ലഭിച്ച മൂന്നു കുഞ്ഞുങ്ങളും ആണ്‍കുട്ടികളാണ്. ഇവരെ മൂവരെയും നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദ്യ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


ഏകദേശം പത്തു ദിവസം പ്രായവും മൂന്നര കിലോഗ്രാം തൂക്കവുമുള്ള ആണ്‍കുഞ്ഞിനെ ആശുപത്രി അധികൃതര്‍ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇന്നലെ ഈ കുഞ്ഞിനെ ശിശു ക്ഷേമ സമിതി കൈമാറി. സമിതി കുഞ്ഞിലെ മലപ്പുറം മൈലപ്പുറത്തുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേല്‍പ്പിച്ചു.

thirur-1539844380.j

രണ്ടാമത്തെ കുഞ്ഞിനെ ലഭിച്ചത് തിരൂരില്‍ നിന്നാണ്. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോ. കുമാരി സുകുമാരന്റെ വീട്ടു വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ കുഞ്ഞ്. പൊലീസ് സഹായത്തോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ ശിശു ക്ഷേമ സമിതിക്ക് കൈമാറി. സമിതി കുഞ്ഞിനെ ചികിത്സ നല്‍കുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ ഈ കുഞ്ഞിനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ അമ്മത്തൊട്ടിലില്‍ നിന്നാണ് മൂന്നാമത്തെ കുഞ്ഞിനെ ലഭിച്ചത്. ഇന്നലെ മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് എന്‍ ഐ സി യുവില്‍ ചികിത്സയിലാണ്. കുഞ്ഞിന് നാലു ദിവസം പ്രായമുണ്ട്. ശിശുരോഗ വിദഗ്ദന്‍ ഡോ. ഷിബു കിഴക്കാത്രയുടെ നേതൃത്വത്തില്‍ നഴ്‌സുമാരാണ് കുഞ്ഞിനെ പരിപാലിക്കുന്നത്.

അതേ സമയം തിരൂര്‍ പൊറ്റേത്ത് തറവാടിനോടടുത്ത് ഡോ. കുമാരി സുകുമാരന്‍ സ്ഥാപിച്ച അമ്മത്തൊട്ടിലിനു സമീപം കഴിഞ്ഞ ദിവസം ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചിനാണ് റോഡരികില്‍ അമ്മതൊട്ടിലിനു സമീപമുള്ള ഗേറ്റില്‍ കുഞ്ഞിനെ കണ്ടത്. കുമാരി സുകുമാരന്‍ സ്ഥലത്തില്ലാഞ്ഞതിനെ തുടര്‍ന്ന് അമ്മത്തൊട്ടില്‍ രാത്രി തുറന്നു വെച്ചിരുന്നില്ല. തലേ ദിവസം ഒരു യോഗം വീട്ടില്‍ നടന്നിരുന്നു. യോഗത്തിനു ശേഷം അമ്മത്തൊട്ടിലിന്റെ ഭാഗത്തുള്ള ഗേറ്റ് തുറന്നാണ് യോഗത്തിനെത്തിയവര്‍ പോയത്. ഇവര്‍ ഗേറ്റ് അടച്ചിരുന്നുമില്ല.

രാത്രി വൈകിയാണ് കുമാരി സുകുമാരന്‍ വീട്ടിലെത്തിയത്. പുലര്‍ച്ചെ അഞ്ചോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നു. എന്നാല്‍ പ്രദേശത്ത് ധാരാളം മയിലുകളുള്ളതിനാല്‍ മയില്‍ കുഞ്ഞിനെ നായ കടിച്ചതിനാല്‍ കരയുകയാവുമെന്നു കരുതി വന്നു നോക്കിയപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. തലേന്നു രാത്രി ഗേറ്റ് അടക്കാത്തതിനാല്‍ പറമ്പിലേക്ക് കയറ്റിയാണ് കുഞ്ഞിനെ വെച്ചത്. ഉടന്‍ തന്നെ പോലീസില്‍ വിവരം നല്‍കി. പോലീസെത്തി മലപ്പുറം ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി കുഞ്ഞിനെ ഏറ്റെടുത്തു. തെരുവുനായ്ക്കള്‍ ഏറെയുള്ള സ്ഥലത്ത് കുഞ്ഞിനെ സുരക്ഷിതമായി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുമാരി സുകുമാരന്‍.

ഇതിനകം 16 കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയലട്ടുണ്ട്. 12 ആണ്‍കുട്ടികളും ഇതടക്കും നാല് പെണ്‍കുട്ടികളുമായി. കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയാണ് പതിവ്. അവിഹിത ഗര്‍ഭത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുന്നത് കണ്ടുള്ള വേദനയിലാണ് കുമാരി സുകുമാരന്‍ അമ്മതൊട്ടില്‍ തുടങ്ങിയത്.

അമ്മത്തൊട്ടില്‍ പൂട്ടിക്കാന്‍ ഒരു വിഭാഗമാളുകള്‍ നേരത്തെ ശ്രമിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് 12 നവജാത ശിശുക്കളെയാണ് തിരൂര്‍ മേഖലയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച പച്ചാട്ടിരി സ്വദേശിയായ യുവതി കുഞ്ഞിനെ ഫ്രിഡ്ജില്‍ അടച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കുഞ്ഞിന്റെ ജഡം അസമയത്ത് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്‌തെങ്കിലും ആര്‍.ഡി.ഒ.ഇടപെട്ട് പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ പരാതി പ്രകാരം അന്നത്തെ തിരൂര്‍ സി.ഐ.കസ്റ്റഡിയിലെടുത്തെങ്കിലും ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒതുക്കി തീര്‍ക്കുകയായിരുന്നു.

Malappuram
English summary
infant babies found abandoned in malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X