മരിച്ചുപോയെന്ന് കാണിച്ച് പെന്‍ഷന്‍ നിഷേധിക്കപ്പെട്ട 79കാരിയായ കാളിക്ക് അവസാനം പെന്‍ഷന്‍ കിട്ടി
മലപ്പുറം: മരിച്ചുപോയെന്ന് കാണിച്ച് പെന്‍ഷന്‍ നിഷേധിക്കപ്പെട്ട കാളിക്ക് ഇത്തവണത്തെ ഓണം സന്തോഷത്തിന്റെതായി. രണ്ടു വര്‍ഷമായി മഞ്ചേരി പയ്യനാട് പുളിക്കല്‍ കണ്ടി കോളനിയിലെ കാളിയെന്ന 79കാരിക്ക് വിധവാ പെന്‍ഷന്‍ മുടങ്ങിയിരുന്നു. 1977 മുതല്‍ കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ 2016 ജുലൈ മുതല്‍ കിട്ടാതായി. കാരണമന്വേഷിച്ചപ്പോള്‍ അധികൃതര്‍ നല്‍കിയ മറുപടിയായിരുന്നു ഏറെ വിചിത്രം. നിങ്ങള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പെന്‍ഷന്‍ നല്‍കാനാവില്ലെന്നായിരുന്നു കാളിക്ക് ലഭിച്ച മറുപടി.
പെന്‍ഷന്‍ അനുവദിക്കേണ്ട ഡി.ബി.ടി. സെല്ലിന് മഞ്ചേരി നഗരസഭ നല്‍കിയ റിപ്പോര്‍ട്ട് കാളി മരിച്ചു പോയി എന്നായിരുന്നു. മഞ്ചേരി നഗരസഭ സെക്രട്ടറി, സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍, ജില്ലാ കളക്ടര്‍, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കി. ജസ്റ്റിസ് വിജയകുമാര്‍ ചെയര്‍മാനായ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ ചെയര്‍മാന്റെ നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. സംഭവത്തില്‍ ആര്‍.ഡി.ഒ. നഗരസഭയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മഞ്ചേരി സരോജിനിയമ്മ സ്മാരക മഹിളാ സമാജത്തിന്റെ സഹായത്തോടെ കാളി നടത്തിയ പോരാട്ടം ഫലം കാണുകയായിരുന്നു. ഇന്നലെ ബാങ്ക് ജീവനക്കാരന്‍ വീട്ടിലെത്തി കാളിക്ക് 2018 ഏപ്രില്‍ മുതല്‍ നാലു മാസത്തെ പെന്‍ഷന്‍ കൈമാറി.

വ്യാപാരി കൂട്ടായ്മയില്‍ ഓടക്കയത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് സ്‌കൂളില്‍ 28,000 രൂപ ചെലവില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. ഓഗസ്റ്റ് 19ന് ദുരിതാശ്വാസ ക്യാമ്പില്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി സന്ദര്‍ശിച്ച മഞ്ചേരി യൂത്ത് യൂനിറ്റ് പ്രസിഡന്റ് മുജീബ് രാജധാനി, ജനറല്‍ സെക്രട്ടറി റസാഖ് എന്ന കുഞ്ഞിപ്പു, ട്രഷറര്‍ സുധീര്‍ കിഡ്‌സ്, അജിത് അജ്‌വ, ജില്ലാ ട്രഷറര്‍ ഫൈസല്‍ ചേലാടത്തില്‍, അബ്ബാസ് ബെന്‍സ്, ഷബീര്‍, മുജീബ് മൗലാന, ഷമീര്‍ വല്ലാഞ്ചിറ തുടങ്ങിയവരാണ് മുന്‍കയ്യെടുത്തത്. വ്യാപാരി യൂത്ത് ജില്ലാ പ്രസിഡന്റ് അഖ്‌റം ചുണ്ടയിന്റെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ മുഴുവന്‍ കേന്ദ്രങ്ങളിലും വ്യാപാരി യുവജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്. അരീക്കോട് ഓടക്കയത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രി കെ.ടി. ജലീല്‍ മഞ്ചേരിയിലെ വ്യാപാരി യുവജന പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് പദ്ധതി ഏറ്റെടുത്തത്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 1600 ഓളം പേരായിരുന്നു ഇവിടെ. ക്യാമ്പില്‍ അടിഞ്ഞുകൂടുന്ന മാലിന്യം സംസ്‌കരിക്കാനാണ് ചെറിയ തോതിലുള്ള ഇന്‍സിനറേറ്റര്‍ ആവശ്യപ്പെട്ടത്. ക്യാമ്പ് കഴിഞ്ഞാലും സ്‌കൂളിലെ ഉപയോഗത്തിന് ഇത് മുതല്‍ക്കൂട്ടാകും.












Click it and Unblock the Notifications