ലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സിപിഎം; സമസ്ത ഇകെ വിഭാഗത്തിന്റെ നിലപാടില്‍ ലീഗില്‍ ആശങ്ക
കോഴിക്കോട്: എക്കാലവും മുസ്ലീം ലീഗിന് അടിയുറച്ച പിന്തുണ നല്കിപോരുന്ന നിലപാടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇകെ വിഭാഗം സ്വീകരിച്ച് പോരുന്നത്. കാന്തപരും നയിക്കുന്ന എപി വിഭാഗം ഇടതുപക്ഷത്തിനും ഇകെ വിഭാഗം യുഡിഎഫിനും പിന്തുണ നല്കുന്നു എന്നത് മലബാറിലെ പരസ്യമായ രഹസ്യമാണ്. മുസ്ലിം ലീഗിന്റേയും സമസ്തയുടേയും നേതൃത്വത്തില്‍ പാണക്കാട് കുടുംബത്തിനുള്ള സ്വാധീനം രാഷ്ട്രീയ നിലപാടുകളിലും സ്വാധീനിക്കുകയായിരുന്നു. എന്നാല്‍ സമീപ കാലത്ത് ഇകെ വിഭാഗം സ്വീകരിച്ച് വരുന്ന നിലപാടുകളില്‍ കടുത്ത ആശങ്കയാണ് മുസ്ലിം ലീഗിന് ഉള്ളത്.

പൗരത്വ ഭേദഗതി വിഷയം
പൗരത്വ ഭേദഗതി വിഷയം മുതലുള്ള സമസ്തയുടെ നിലപാടില്‍ കടത്തു ആശങ്കയാണ് മുസ്ലിം ലീഗിന് ഉള്ളത്. യുഡിഎഫിന് പിന്തുണ എന്ന നിലപാട് മാറ്റി കഴിഞ്ഞ കുറച്ച് കാലമായി സ്വതന്ത്രനിലപാടാണ് സമസ്ത സ്വീകരിക്കുന്നത്. ലീഗ് നേതാക്കളും സമസ്തയുമായുള്ള പോരും സമസ്തയിലെ ഒരു വിഭാഗം പിണറായി വിജയന് സര്‍ക്കാറിനോട് കാണിക്കുന്ന മമതയും ലീഗിന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

സമുദായത്തിന്റെ വോട്ട് വാങ്ങിയവര്‍
സമുദായത്തിന്റെ വോട്ട് വാങ്ങി സ്ഥിരമായി ജയിച്ച് പോരുന്നവര്‍ സമുദായത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്നാണ് സമസ്തയിലെ യുവനേതാക്കള്‍ക്ക് ഉള്ളത്. ഇതില്‍ ലീഗ് നേതൃത്വം പലപ്പോഴും പരാജയപ്പെട്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമുദായത്തോട് ഒപ്പം നില്ക്കുമെങ്കില് സിപിഎം അടക്കമുള്ള പാര്‍ട്ടികളെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നുമാണ് അവരുടെ വിലയിരുത്തല്‍.

കോൺഗ്രസിനുള്ള പിന്തുണ
ലീഗുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസിന് ഉപാധികളില്ലാതെ വോട്ടുചെയ്യുന്നതിനോടും പലർക്കും യോജിപ്പില്ല. ബാബരി മസ്ജിദ് വിഷയത്തില്‍ അടക്കം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ പലരും സ്വീകരിച്ച നിലപാടില്‍ സമസ്തയ്ക്കുള്ളില് കടുത്ത അതൃപ്തിയുണ്ട്. അവര്‍ അത് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടിന് സമസ്തയില്‍ സ്വാധീനം വര്‍ധിക്കുന്നതില്‍ ഏറെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം കാണുന്നത്.

മികച്ച സമീപനം
പിണറായി വിജയന് മുഖ്യമന്ത്രിയായതിന് പിന്നാലെ സര്‍ക്കാറില്‍ നിന്നും മികച്ച സമീപനമാണ് ഉണ്ടായതെന്നാണ് സമസ്ത നേതാക്കളുടെ വിലയിരുത്തല്‍. വിവിധ വിഷയങ്ങളില്‍ സംഘടനാ നേതാക്കളെ നേരിട്ട് വിളിച്ച് അഭിപ്രായങ്ങള്‍ തേടിയതും പൗരത്വ ഭേദഗതി വിഷയത്തില്‍ ശക്തമായ നിലപാടെടുത്തതും സമസ്തയെ ഇടതു സർക്കാരുമായി അടുപ്പിച്ചു. മന്ത്രി കെടി ജലീലിന്റെ ഇടപെടലുകളും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.

ജലീലിന്റെ അഭിമുഖം
ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും രൂക്ഷമായി വിമര്‍ശിച്ചുള്ള കെടി ജലീലിന്റെ അഭിമുഖം സമസ്തയുടെ പ്രസിദ്ധീകരണമായ സത്യധാരയില്‍ വന്നത് മുസ്ലിം ലീഗില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഭാഷാനൈപുണ്യം ഇല്ലാത്തതുകൊണ്ടാണോ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചു വരുന്നതെന്ന ജലീല്‍ പരിഹാസ്യവും വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക് സ്റ്റേറ്റിനുള്ള ചവിട്ടുപടി എന്ന വിമര്‍ശനവും മാസികയില്‍ അച്ചടിച്ച് വന്നു.

ആലിക്കുട്ടി മുസ്ല്യാരെ തടഞ്ഞത്
സമസ്തയുടെ ഇത്തരം നിലപാടുകളെ തടയാന്‍ പലപ്പോഴും ലീഗിന്റെ ഭാഗത്ത് നിന്നും ബോധപൂര്വ്വമയാ ശ്രമവും ഉണ്ടായിട്ടുണ്ട്. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന് സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ തടഞ്ഞതും പൗരത്വ വിഷയത്തില്‍ ചർച്ചചെയ്യാൻ സമസ്ത മുൻകൈയെടുത്ത് കോഴിക്കോട്ട് വിളിച്ചുചേർത്ത യോഗം മുടക്കിയതുമെല്ലാം ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.

മായിൻ ഹാജിയെ
എന്നാല്‍ ആലിക്കുട്ടി മുസ്ല്യാരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അബൂബക്കർ ഫൈസി മലയമ്മക്കെതിരേ നടപടിയെടുത്താണ് സമസ്ത തിരിച്ചടിച്ചത്. ലീഗ് നേതാവ് എം.സി. മായിൻ ഹാജിയെ വിളിച്ചുവരുത്തുകയും സമസ്ത ചെയ്തിരുന്നു. സമസ്തയെ തകര്‍ക്കാന്‍ മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജി വിഭാഗീയ യോഗം വിളിച്ചതായി സമസ്ത അന്വേഷണ കമ്മീഷന് മുമ്പാകെ പരാതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ബന്ധത്തിലും സമസ്തയ്ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫ് വോട്ട് ചോരാന്‍ വെല്‍ഫെയര്‍ ബന്ധം കാരണമായതായി വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പിനുശേഷവും വെൽഫെയർ പാർട്ടി ബന്ധത്തെ ലീഗ് തള്ളിപ്പറയാത്തതിൽ സമസ്തയ്ക്ക് ശക്തമായ എതിർപ്പ് നിലനില്‍ക്കുകയാണ്.

ലീഗ് കേന്ദ്രങ്ങളിലേക്ക്
സമസ്തയ്ക്ക് ആരുമായും അകൽച്ചയില്ലെന്നും രാഷ്ട്രീയകക്ഷികൾ വിളിക്കുന്ന യോഗങ്ങളിൽ മുന്നണിനോക്കാതെ ഇനിയും പങ്കെടുക്കുമെന്നുമാണ് സമസ്തയുടെ നിലപാട്. സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന നിലപാടുമായി ലീഗ് മുന്നോട്ട് പോയാല്‍ മലബാറില്‍ അത് ലീഗിനും യുഡിഎഫിനും തിരിച്ചടിയാവും. അതിലൂടെ പല ലീഗ് കേന്ദ്രങ്ങളിലേക്കും കടന്ന് കയറാന്‍ ഇടതുപക്ഷത്തിന് സാധിക്കുകയും ചെയ്യും.
ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം