'ഫിറോസിനെ' കൊട്ടി കെടി ജലീല്‍: ഓഫറുകളുടെ ബമ്പർ പ്രഖ്യാപിച്ചവരുടെ പൊടി പൊലും ഇനി കാണില്ല
തവനൂര്‍: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫിനെതിരെ പരിഹാസവുമായി കെടി ജലീല്‍. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരിക്കുന്ന യുഡിഎഫ് ക്യാമ്പില്‍ ചെളിവാരിയെറിയലുകൾ തുടങ്ങിക്കഴിഞ്ഞു. ഇനിയും എന്തൊക്കെ വൈകൃതങ്ങളാണാവോ കാണാനിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഫിറോസിനെ പരോക്ഷമായി ട്രോളുകയും ചെയ്യുന്നുണ്ട് ജലീല്‍. ഓഫറുകളുടെ ബമ്പർ പ്രഖ്യാപിച്ചവരുടെ പൊടി പോലും ഇനി കണ്ടെന്നു വരില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. കൂടാതെ ഇന്നത്തെ വിജയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തവനൂരിലെ വിജയം
എല്ലാ പ്രതിലോമകാരികളും മതരാഷ്ട്ര വാദികളും ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയക്കോമരങ്ങളും ഒരുമിച്ചു പടനയിച്ചിട്ടും തവനൂരിൽ ഇടതുപക്ഷം നേടിയ അതിഗംഭീര വിജയം അവിസ്മരണീയമാണ്. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പരസ്പരം തോളിൽ കയ്യിട്ടാണ് അങ്കത്തട്ടിൽ ലീഗിനും കോൺഗ്രസ്സിനുമൊപ്പം നിലയുറപ്പിച്ചത്.

സത്യത്തിന്‍റെ പക്ഷം
എല്ലാവരും ചേർന്ന് പതിനെട്ടടവും പയറ്റിയിട്ടും എല്‍ഡിഎഫിനെമുട്ടുകുത്തിക്കാൻ കഴിയാതെ പോയത് സത്യം ഏതു പക്ഷത്താണെന്നതിൻ്റെ വ്യക്തമായ തെളിവാണ്. പ്രലോഭനങ്ങളും കള്ളപ്രചാരണങ്ങളും തിമർത്താടിയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മിന്നും ജയം സമ്മാനിച്ച എല്ലാ ഓരോരുത്തരേയും നേരിൽ കണ്ട് നന്ദി പറയണമെന്ന് അതിയായ ആഗ്രമുണ്ടെങ്കിലും കൊവിഡ് മഹാമാരിയുടെ വ്യാപനം തീർത്ത ഭീതിതമായ ചുറ്റുപാടിൽ അതിന് സാദ്ധ്യമാകാതെ വന്നിരിക്കുകയാണ്. നിങ്ങൾ ക്ഷമിക്കുമെന്ന് കരുതുന്നു.

അവസാനിപ്പിക്കുന്ന പ്രശ്നമേയില്ല
മുസ്ലിം തീവ്രവാദികൾ ഇസ്ലാമിക വിരുദ്ധനെന്ന് എന്നെ മുദ്രകുത്തിയപ്പോൾ ഹിന്ദു വർഗീയവാദികൾ ഞാനൊരു ഹൈന്ദവ ശത്രുവാണെന്നാണ് കട്ടായം പറഞ്ഞത്. മാനവികതക്ക് എതിര് നിൽക്കുന്നവർ ഏതു മത പക്ഷത്തായാലും പല്ലും നഖവും ഉപയോഗിച്ച് ഇക്കാലമത്രയും എതിർത്തിട്ടുണ്ട്. എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായാലും ജനങ്ങളെ ഭിന്നിപ്പിക്കുന്ന സങ്കുചിത ആശയങ്ങളോടുള്ള എതിർപ്പ് അവസാനിപ്പിക്കുന്ന പ്രശ്നമേയില്ല.

മുസ്ലിംലീഗും പരിവാരങ്ങളും
വിവേകികളിൽ അർപ്പിതമായ ചരിത്ര ധർമ്മമാണത്. പൂർവ്വോപരി കരുത്തോടെ പ്രസ്തുത ദൗത്യം തുടരുകതന്നെ ചെയ്യും. അതാരോടെങ്കിലുമുള്ള എതിർപ്പായി കരുതരുത്. എൻ്റെ നിലപാടായി കണ്ടാൽ മതി. തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ്, പ്രത്യേകിച്ച് മുസ്ലിംലീഗും പരിവാരങ്ങളും നടത്തിയ നുണപ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട് വഴിമാറി സഞ്ചരിച്ച സഹോദരീ സഹോദരൻമാരുണ്ടാകാം. വൈകിയാണെങ്കിലും അവർ യാഥാർത്ഥ്യം മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.

നിങ്ങളിൽ ഒരാളായി
നിങ്ങളിൽ ഒരാളായി എന്നും വിളിപ്പുറത്ത് ഞാനുണ്ടാകും. മനുഷ്യസാദ്ധ്യമായ എല്ലാ സഹായങ്ങളും നിങ്ങൾക്ക് എന്നിൽ നിന്ന് പ്രതീക്ഷിക്കാം. വാഗ്ദാനങ്ങളുടെ പെരുമല സമ്മാനിച്ച് മോഹിപ്പിച്ചവർ കളം കാലിയാക്കി സ്ഥലം വിട്ടുകഴിഞ്ഞു. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരിക്കുന്നു യുഡിഎഫ് ക്യാമ്പ്. ഓഫറുകളുടെ ബമ്പർ പ്രഖ്യാപിച്ചവരുടെ പൊടി പോലും ഇനി കണ്ടെന്നു വരില്ല. ചെയ്യാൻ വേണ്ടി പറഞ്ഞതായിരുന്നില്ലല്ലോ അവയൊന്നും.

യുഡിഎഫ് ക്യാമ്പിൽ
അത് പക്ഷേ യഥാസമയം മനസ്സിലാക്കാൻ ചിലർക്കെങ്കിലും കഴിയാതെ പോയി. പതിവുപോലെ യുഡിഎഫ് ക്യാമ്പിൽ ചെളിവാരിയെറിയലുകൾ തുടങ്ങിക്കഴിഞ്ഞു. ഇനിയും എന്തൊക്കെ വൈകൃതങ്ങളാണാവോ കാണാനിരിക്കുന്നത്!. സത്യത്തിൻ്റെ വെളിച്ചം പരക്കുമ്പോൾ ഇരുട്ടിൻ്റെ ശക്തികൾ നിഗൂഢതയുടെ മാളങ്ങളിലേക്ക് ഉൾവലിഞ്ഞ് അസഭ്യവർഷം നടത്തുന്നത് കാലം കരുതിവെച്ച കാവ്യനീതിയല്ലാതെ മറ്റെന്താണ്?

ചങ്കുറപ്പുള്ള ക്യാപ്ടന്‍
സഖാവ് പിണറായി വിജയനെന്ന ചങ്കുറപ്പുള്ള ക്യാപ്റ്റൻ്റെ നായകത്വത്തിൽ എല്‍ഡിഎഫ് നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയം കെങ്കേമമായി ഇന്ന് സന്ധ്യക്ക് സ്വന്തം വീടുകളിലും പരിസരങ്ങളിലും പ്രകാശം വിതറിയും മധുരം പങ്കുവെച്ചും ലോകമെങ്ങുമുള്ള മലയാളികൾ അഘോഷിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഹ്വാന പ്രകാരം നടക്കുന്ന ആഹ്ളാദാരവങ്ങളിൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് തവനൂർ മണ്ഡലത്തിലെ നല്ലവരായ ജനങ്ങളും കക്ഷിഭേദമന്യേ പങ്കുചേരുക.












Click it and Unblock the Notifications