ജലീല്‍ വീഴും, ഫിറോസിന് 5000 വരെ ഭൂരിപക്ഷം, താനൂരില്‍ 15000; മലപ്പുറത്ത് 16 സീറ്റും നേടുമെന്ന് ലീഗ്
മലപ്പുറം: ഏത് അടിയൊഴുക്കിന്‍റെ ഘട്ടത്തിലും യുഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. 2006 ല്‍ കനത്ത തിരിച്ചടി ഉണ്ടായപ്പോള്‍ പോലും ജില്ലയിലെ മേധാവിത്വം യുഡിഎഫിന് തന്നെയായിരുന്നു. ഇത്തവണയും ജില്ലയില്‍ യുഡിഎഫിന്‍റെ ആധിപത്യം പൂര്‍ണ്ണമായിരിക്കുമെന്നാണ് മുസ്ലം ലീഗ് വിലയിരിക്കുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ട സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് 16 ല്‍ 16 സീറ്റുകളും പിടിക്കാന്‍ മുന്നണിക്ക് സാധിക്കുമെന്നും മുസ്ലിം ലീഗ് കണക്ക് കൂട്ടുന്നു. ഇടതുപക്ഷത്തിന് ഒരിടത്ത് പോലും വിജയ സാധ്യതയില്ലെന്നാണ് ലീഗിന്‍റെ അനുമാനം.

2016 ല്‍
2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 സീറ്റുകളില്‍ 12 ഇടത്തായിരുന്നു മലപ്പുറത്ത് യുഡിഎഫ് വിജയിച്ചത്. 11 സീറ്റില്‍ മുസ്ലിം ലീഗ് ഒരിടത്ത് ( വണ്ടൂര്‍ ) കോണ്‍ഗ്രസും വിജയിച്ചു. ശേഷിക്കുന്ന പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്പൂര്‍ സീറ്റുകളിലായിരുന്നു എല്‍ഡിഎഫിന്‍റെ വിജയം.

ഇടതിന്‍റെ വിജയം
സിറ്റിങ് സീറ്റുകളായ പൊന്നാനിയും തവനരൂം നിലനിര്‍ത്തിയ എല്‍ഡിഎഫ് നിലമ്പൂര്‍ കോണ്‍ഗ്രസില്‍ നിന്നും താനൂര്‍ മുസ്ലിം ലീഗില്‍ നിന്നും തിരിച്ച് പിടിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഈ സീറ്റുകളില്‍ എല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുമെന്നാണ് തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള മുസ്ലിം ലീഗിന്‍റെ വിലയിരുത്തല്‍.

ഇത്തവണ 16 ലും
16 സീറ്റിലും വിജയിക്കാനുള്ള സാധ്യത ശക്തമാണെന്നാണ് ബൂത്തുതല വിശകലനത്തിെൻറ അടിസ്ഥാനത്തിൽ നിയോജകമണ്ഡലം-ജില്ല തല നേതൃയോഗം വിലയിരുത്തിയത്. ജില്ല ലീഗ് പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഓരോ മണ്ഡലത്തിലേയും വിജയ-പരാജയ സാധ്യതകള്‍ വിലയിരുത്തി.

മൂന്ന് ലക്ഷം വോട്ട്
ജില്ലയിലാകെ യുഡിഎഫിന് മൂന്ന് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുസ്ലിം ലീഗിന്‍റെ കണക്ക് കൂട്ടല്‍. മലപ്പുറത്തെ 94 ഗ്രാമപഞ്ചായത്തുകളിൽ 81 ഗ്രാമപഞ്ചായത്തിലും 12 നഗരസഭകളിൽ ഒമ്പത് ഇടത്തും മേല്‍ക്കൈ നേടാന്‍ യുഡിഎഫിന് സാധിക്കും. തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

ഉപതിരഞ്ഞെടുപ്പില്‍
പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളില്‍ ഭൂരിപക്ഷ വന്‍ തോതില്‍ വര്‍ധിക്കും. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് നടക്കുന്ന ലോക്സഭ ഉപതിരഞ്ഞടെപ്പില്‍ 2019 ല്‍ ലഭിച്ച ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്ക് കൂട്ടുന്നത്. എങ്കില്‍ ഭൂരിപക്ഷം ഒന്നര ലക്ഷം കടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 260153 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.

താനൂരില്‍
എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളായ തവനൂര്‍, പൊന്നാനി, തിരൂര്‍, നിലമ്പൂര്‍ എന്നിവ തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ലീഗിന് സംശയമില്ല. തിരിച്ച് പിടിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഉണ്ടാവുക താനൂരില്‍ മത്സരിക്കുന്ന പികെ ഫിറോസിനായിരിക്കുമെന്നാണ് പ്രതീക്ഷ.

ലഭിക്കുന്ന കണക്കുകള്‍
15000 ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് പികെ ഫിറോസിന് താനൂരില്‍ അബ്ദുള്‍ റഹ്മാനെതിരെ പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്. മണ്ഡലത്തില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ ഇതിനോട് അടുത്ത് നില്‍ക്കുന്നത്. ശേഷിക്കുന്ന ഇടത് സീറ്റിങ് സീറ്റുകളില്‍ ഭൂരിപക്ഷം ഇത്ര പ്രതീക്ഷിക്കുന്നില്ലെങ്കിലും വിജയത്തിന്‍റെ കാര്യത്തില്‍ സംശയമില്ല.

ജലീല്‍ വീഴും
മന്ത്രി കെടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകന്‍ പികെ ഫിറോസിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. സ്ത്രീ വോട്ടര്‍മാര്‍ക്കും നിക്ഷ്പക്ഷര്‍ക്കും ഇടയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ഫിറോസിന് സാധിച്ചു. അവസാന ഘട്ടത്തിലെ എതിര്‍ പ്രചരണങ്ങളും ഗുണം ചെയ്തു. 3000 മുതല്‍ 5000 വരേയുള്ള ഭൂരിപക്ഷമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

പൊന്നാനിയും നിലമ്പൂരും
പൊന്നാനിയില്‍ വിജയിക്കുമെങ്കിലും ഭൂരിപക്ഷ വളരെ കുറവായിരിക്കും. എന്നാല്‍ ഇത് എത്രയെന്ന് വ്യക്തമാക്കാന്‍ പ്രാദേശിക നേതാക്കള്‍ പോലും തയ്യാറാവുന്നില്ല. വിജയം ഉറപ്പ് എന്നത് മാത്രമാണ് അവര്‍ ഉപദേശിക്കുന്നത്. കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഇത്തവണ ഉണ്ടായില്ല എന്നതാണ് നിലമ്പൂരില്‍ അനുകൂല ഘടകമായി കാണുന്നത്.

ഇടതിന്‍റെ പ്രതീക്ഷ
അതേസമയം ജില്ലയില്‍ ഇടതുപക്ഷവും വലിയ പ്രതീക്ഷയിലാണ്. സിറ്റിങ് സീറ്റുകല്‍ എല്ലാം നിലനിര്‍ത്താന്‍ സാധിക്കും ഇതിന് പുറമെ അധികമായി മൂന്നിലേറെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇടതിന്‍റെ പ്രതീക്ഷ. പെരിന്തല്‍മണ്ണ, മങ്കട, തീരുരങ്ങാടി എന്നി സീറ്റുകളിലാണ് സിപിഎമ്മിന്‍റെ അധിക പ്രതീക്ഷ.












Click it and Unblock the Notifications