കണ്ണന്റെ പിന്‍ഗാമിയാകുമോ ലീഗിനെ 'വെള്ളം കുടിപ്പിച്ച' മിഥുന; കോണ്‍ഗ്രസ് കോട്ട- വണ്ടൂര്‍ മണ്ഡലം ചരിത്രം
മലപ്പുറം: യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ് വണ്ടൂര്‍ നിയമസഭാ മണ്ഡലം. 1977ല്‍ രൂപീകൃതമായ ശേഷം ഒരു തവണ മാത്രമേ വണ്ടൂരില്‍ ചെങ്കൊടി പാറിയുട്ടൂള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കൂടിയതും കുറഞ്ഞതും മാത്രമാണ് ഫലം അറിയുമ്പോള്‍ ചര്‍ച്ച ചെയ്യാറ്. ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നു പറയാം.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ഒരിക്കല്‍ സിപിഎമ്മിനെ ജയിപ്പിച്ച ചരിത്രമുണ്ട് വണ്ടൂരിന്. ഇത്തവണ സിപിഎം കളത്തിലിറക്കുന്നത് മുസ്ലിം ലീഗ് പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റായ പി മിഥുനയെ ആണ്. വളരെ രസകരമാണ് വണ്ടൂരിലെ കാര്യങ്ങള്‍....

ഇവരാണ് ഏറ്റുമുട്ടുന്നത്
മലപ്പുറം ജില്ലയിലെ പട്ടിക ജാതി സംവരണ മണ്ഡലമാണ് വണ്ടൂര്‍. എപി അനില്‍ കുമാര്‍ പതിവായി ജയിച്ചുവരുന്ന മണ്ഡലം. ഇത്തവണയും കോണ്‍ഗ്രസ് കളത്തിലിറക്കുന്നത് അനില്‍കുമാറിനെ തന്നെ. മുന്‍ മന്ത്രിയായ ഇദ്ദേഹത്തിനെതിരെ സിപിഎം മിഥുനയെ കളത്തിലിറക്കിയിരിക്കുന്നു. 1996 ആവര്‍ത്തിക്കുമോ.

യുഡിഎഫ് ഞെട്ടിയ വര്‍ഷം
1977ന് ശേഷം നടന്ന പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ 1996ല്‍ മാത്രമാണ് ഇടതുപക്ഷം വണ്ടൂരില്‍ ജയിച്ചത്. സിറ്റിങ് എംഎല്‍എ പന്തളം സുധാകരനെ അടിച്ചിരുത്തി സിപിഎമ്മിന്റെ എന്‍ കണ്ണന്‍ ജയിച്ചത് ഇന്നും യുഡിഎഫിന് ദുഃസ്വപ്‌നമാണ്. എന്നാല്‍ 2001ല്‍ കണ്ണനെ പരാജയപ്പെടുത്തി അനില്‍കുമാര്‍ തേരോട്ടം തുടങ്ങി.

എട്ടില്‍ ആറും യുഡിഎഫിനൊപ്പം
ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി, തുവ്വൂര്‍, വണ്ടൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വണ്ടൂര്‍ നിയമസഭാ മണ്ഡലം. കരുവാരക്കുണ്ടും മമ്പാടും ഒഴികെ ആറ് പഞ്ചായത്തുകളും യുഡിഎഫ് ആണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഒട്ടും ഭയമില്ലാതെയാണ് അനില്‍കുമാര്‍ ഇത്തവണയും ഇറങ്ങുന്നത്.

ഇവരാണ് മണ്ഡലത്തെ പ്രതിനീധീകരിച്ചത്
കോണ്‍ഗ്രസിലെ വെള്ള ഈച്ചരനാണ് ആദ്യം വണ്ടൂരില്‍ നിന്ന് ജയിച്ചത്. പിന്നീട് എംഎ കുട്ടപ്പന്‍, പന്തളം സുധാകരന്‍ എന്നിവരും പലതവണ ജയിച്ചു. 1996ല്‍ സിറ്റിങ് എംഎല്‍എ പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് സിപിഎമ്മിന്റെ എന്‍ കണ്ണന്‍ ജയിച്ചത്. കണ്ണനെ പരാജയപ്പെടുത്തി അനില്‍കുമാര്‍ തിരിച്ചുപിടിച്ചു.

ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചില്‍
തുടര്‍ച്ചയായി നാല് തവണ അനില്‍കുമാര്‍ ജയിക്കുന്ന മണ്ഡലമാണ് വണ്ടൂര്‍. ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും ആശങ്കയ്ക്ക് വകയില്ല അനില്‍കുമാറിന്. രണ്ടു തവണ മന്ത്രിയായ വിഐപി പരിവേഷയോടെയാണ് അനില്‍ കുമാര്‍ വീണ്ടും മല്‍സര രംഗത്തിറങ്ങുന്നത്. 2016ല്‍ 23864 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.

സിപിഎം സ്ഥാനാര്‍ഥി
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മുസ്ലിം ലീഗ് പാനലില്‍ പ്രസിഡന്റായ വ്യക്തിയാണ് പി മിഥുന. വിദ്യാര്‍ഥിയായിരിക്കെ ആയിരുന്നു അത്. 2015ലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. പട്ടിക ജാതി സംവരണമായതാണ് മിഥുനയെ പിന്തുണയ്ക്കാന്‍ മുസ്ലിം ലീഗിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഭരണത്തില്‍ മിഥുനയും ലീഗും രണ്ടു തട്ടിലായിരുന്നു.

മുസ്ലിം ലീഗ് സസ്‌പെന്റ് ചെയ്തു
മുസ്ലിം ലീഗ് പിന്തുണയോടെ പ്രസിഡന്റായ മിഥുന ഇടതുപക്ഷ പരിപാടികളില്‍ പങ്കെടുത്തതോടെയാണ് തര്‍ക്കം മൂത്തത്. കെടി ജലീലിനെതിരെ ലീഗ് സമരം നടത്തുന്ന കാലത്ത് പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് ജലീല്‍ പങ്കെടുത്ത പരിപാടിക്കെത്തി പ്രസിഡന്റ് മിഥുന. മുസ്ലിം ലീഗ് സസ്‌പെന്റ് ചെയ്‌തെങ്കിലും മിഥുന കുലുങ്ങിയില്ല.

നിരന്തര കലഹം
വനിതാ മതില്‍ പരിപാടിയിലും പങ്കെടുത്തു. ഭരണപക്ഷം കൊണ്ടുവരുന്ന പല പദ്ധതികളും തള്ളി. എന്നാല്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്തു. പഞ്ചായത്ത് ഹാളിന് ഇഎംഎസിന്റെ പേരിട്ടു. ലീഗുകാര്‍ ഗ്രാമസഭയില്‍ വച്ച് ആക്രമിച്ചു എന്ന പരാതിയും മിഥുന ഉന്നയിച്ചു. മുസ്ലിം ലീഗുമായി നിരന്തരം കലഹിച്ചിരുന്ന മിഥുനയെ ആണ് വണ്ടൂരില്‍ ഇത്തവണ ഇറക്കിയിരിക്കുന്നത്.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications