ആ കേസില്‍ നിന്നും വിട്ടുനിന്നതിനുള്ള പാരിതോഷികമാണോ: ലീഗ് എംഎല്‍എയ്ക്കെതിരെ യുഡിഎഫ് ചെയർമാന്‍
മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദ് അംഗമായതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും യു ഡി എഫ് മലപ്പുറം ജില്ലാ ചെയർമാനുമായ പി ടി അജയ്മോഹന്‍. കേരളാ ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗമായതിൽ യു ഡി എഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടെന്നും വിഷയത്തില്‍ ലീഗ് നേതൃത്വം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും യു ഡി എഫ് ജില്ലാ ചെയർമാന്‍ പറഞ്ഞു.
കേരള ബാങ്കിനെതിരെ മലപ്പുറത്തെ യു ഡി എഫ് നേതൃത്വം നടത്തുന്ന കേസ് പി അബ്ദുൽ ഹമീദ് എംഎൽഎ സഹകരിച്ചില്ല. മറ്റ് എല്ലാവരും സഹകരിച്ചപ്പോള്‍ ഹമീദ് എംഎൽഎ പ്രസിഡന്റ് ആയ പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് വിട്ട് നിന്നു. കേസില്‍ നിന്നും വിട്ടുനിന്നതിനുള്ള സി പി എമ്മിന്റെ പാരിതോഷികമാണ് ഡയറക്ടർ ബോർഡ് അഗമെന്ന പദവിയെന്ന് ഹമീദ് എം എല്‍ എ തന്നെ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും വ്യക്തമാക്കണെന്നും അജയ് മോഹന്‍ മലപ്പുറത്ത് പറഞ്ഞു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ ജില്ലയിലെ 98 ബാങ്കുകളും എതിരായിരുന്നു. എന്നാല്‍ തുടക്കം മുതൽ തന്നെ കേസുമായി ഹമീദ് എം എൽ എ സഹകരിച്ചിട്ടില്ല. എന്തിന് വിട്ടുനിന്നുവെന്ന് ഹമീദ് എം എൽ എ പറയണം. ഇപ്പോള്‍ പദവി ലഭിച്ച സാഹചര്യം ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്. ഈ വിഷയം മുസ്ലിം ലീഗിന്റെ ആഭ്യന്തര വിഷയമാണ് അവരാണ് പ്രശ്നം തീർക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിൽ നിന്ന് ഹമീദ് മാഷിന് പകരം തന്നെയാണ് നോമിനേറ്റ് ചെയ്തിരുന്നതെങ്കിൽ പോകില്ലായിരുന്നു. സി പി എം വെച്ച് നീട്ടിയ സ്ഥാനം എം എല്‍ എ ഏറ്റെടുക്കാന്‍ പാടില്ലായിരുന്നു. തനിക്ക് മാത്രമല്ല, തീരുമാനത്തില്‍ ലീഗ് അണികള്‍ക്കിടയിലും പ്രതിഷേധമുണ്ടെന്നും യു ഡി എഫ് ചെയർമാന്‍ കൂട്ടിച്ചേർത്തു.
അതേസമയം, യു ഡി എഫ് നേതൃത്വവുമായി ആലോചിച്ചാണ് തീരുമാനമെന്നും സഹകരണത്തില്‍ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നുമായിരുന്നു അബ്ദുള്‍ ഹമീദിന്റെ പ്രതികരണം. സഹകരണ വിഷയത്തില്‍ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. യു ഡി എഫ് നേതാക്കളുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. പാർട്ടി പറയാതെ ഭരണ സമിതി സ്ഥാനം ഏറ്റെടുക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കേരള ബാങ്ക് ഭരണസമിതിയിൽ ആദ്യമായാണ് ഒരു യു ഡി എഫ്, എം എൽ എ അംഗമാകുന്നത്. കേരള ബാങ്ക് രൂപീകരിക്കുന്നത് വരെ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്ന വ്യക്തിയാണ് അബ്ദുള്‍ ഹമീദ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ്












Click it and Unblock the Notifications