ഫിറോസ് ജയിക്കും, ഫിറോസ് കുന്നംപറമ്പില്‍ തോല്‍ക്കും; പെരിന്തല്‍മണ്ണയിലും തിരൂരും വള്ളിക്കുന്നും അട്ടിമറി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറികളും ആവര്‍ത്തനങ്ങളും പ്രവചിച്ച് മലപ്പുറം ജില്ലയിലെ മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. മിക്ക മണ്ഡലങ്ങളിലും മുസ്ലിം ലീഗ് കോട്ട കാക്കുമെങ്കിലും ലീഗിന് അടിപതറുന്ന മണ്ഡലങ്ങളും ഇത്തവണയുണ്ടെന്ന് ഫലം സൂചിപ്പിക്കുന്നു. ശക്തമായ പോരാട്ടമായിരിക്കും ചില മണ്ഡലങ്ങളില്‍. മെയ് രണ്ടിന് യഥാര്‍ഥ ഫലം വരും വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മാതൃഭൂമി സര്‍വ്വെ ഫലത്തിലെ മലപ്പുറത്തിന്റെ ചിത്രം ഇങ്ങനെയാണ്...

മാറാതെ കൊണ്ടോട്ടി
കൊണ്ടോട്ടിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ടിവി ഇബ്രാഹീം തന്നെ ജയിക്കും. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ് കൊണ്ടോട്ടി. ഇതുവരെ ഇടതുപക്ഷത്തിന് ജയിക്കാന്‍ സാധിച്ചിട്ടില്ല. വ്യവസായിയായ സുലൈമാന്‍ ഹാജിയെ വച്ചുള്ള ഇടതുപക്ഷത്തിന്റെ പരീക്ഷണം പരാജയപ്പെടുമെന്ന് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നു.

ഏറനാട്ടില്‍ പികെ ബഷീര്‍
ഏറനാട് മാറ്റമില്ല, പികെ ബഷീര്‍ മുസ്ലിം ലീഗിന്റെ മണ്ഡലം കാക്കുമെന്ന് മാതൃഭൂമി ആക്‌സിസ് മൈ ഇന്ത്യ ഫലം സൂചിപ്പിക്കുന്നു. സിപിഐയുടെ കെടി അബ്ദുറഹ്മാന്‍ തോല്‍ക്കും. നിലമ്പൂരിലെ വിവി പ്രകാശിന്റെ നിര്യാണത്തെ തുടര്‍ന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടില്ല. ജില്ലയില്‍ ശക്തമായ മല്‍സരം നടന്ന മണ്ഡലമാണ് നിലമ്പൂര്‍.

മഞ്ചേരിയില്‍ ഇഞ്ചോടിഞ്ച്
വണ്ടൂരില്‍ സിപിഎമ്മിന്റെ പി മിഥുനയ്ക്ക് അനില്‍ കുമാറിന്റെ ജനകീയതയ്ക്ക് ഇളക്കം തട്ടിക്കാന്‍ സാധിക്കില്ലെന്ന് ഫലം സൂചിപ്പിക്കുന്നു. അഞ്ചാം തവണയും അനില്‍കുമാര്‍ വണ്ടൂരില്‍ നിന്ന് ജയിക്കും. മഞ്ചേരിയില്‍ പി ഡിബോണ നാസര്‍ മുസ്ലിം ലീഗിന്റെ യുഎ ലത്തീഫിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഇഞ്ചോടിഞ്ചാണിവിടെ.

പെരിന്തല്‍മണ്ണയില്‍ അട്ടിമറി
പെരിന്തല്‍മണ്ണയില്‍ അട്ടിമറി നടക്കും. ഇടതുസ്വതന്ത്രന്‍ കെപി മുസ്തഫ ജയിക്കും. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം തോല്‍ക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. മുസ്ലിം ലീഗില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ നില്‍ക്കുന്ന മണ്ഡലമാണിത്. ഇവിടെ നേരത്തെ മല്‍സരിച്ച മഞ്ഞളാം കുഴി അലി മങ്കടയിലേക്ക് മാറിയിരുന്നു. മങ്കടയില്‍ അലി ജയിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു.

വള്ളിക്കുന്നില്‍ ഐഎന്‍എല്‍
മലപ്പുറം മണ്ഡലത്തില്‍ മാറ്റമില്ല, പി ഉബൈദുള്ള ഇത്തവയും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ ജയിക്കും. പി ജിജിക്ക് കുഞ്ഞാലിക്കുട്ടിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നാണ് പ്രവചനം. വള്ളിക്കുന്നില്‍ അട്ടിമറിയാണ് പ്രവചിക്കുന്നത്. ഐഎന്‍എല്ലിന്റെ എപി അബ്ദുല്‍ വഹാബ് ജയിക്കുമെന്നാണ് പറയുന്നത്. സിറ്റിങ് എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തോല്‍ക്കുമെന്നും. ഇതില്‍ എത്രത്തോളം ശരിയുണ്ട് എന്നറിയാന്‍ മെയ് രണ്ട് വരെ കാത്തിരിക്കാം.

താനൂരില്‍ പികെ ഫിറോസ്
തിരൂരങ്ങാടിയില്‍ കെപിഎ മജീദ് ജയിക്കും. അജിത് കോളാടിയെ മാറ്റി നിയാസ് പുളിക്കലകത്തിനെ ഇറക്കിയ സിപിഐ പരീക്ഷണം വിജയിക്കില്ലെന്നാണ് പ്രവചനം. താനൂരില്‍ പികെ ഫിറോസ് അട്ടിമറി ജയം നേടുമെന്നും പ്രവചിക്കപ്പെടുന്നു. സിറ്റിങ് എംഎല്‍എ വി അബ്ദുല്‍ റഹ്മാന്‍ തോല്‍ക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.

തിരൂര്‍ സിപിഎം പിടിക്കും
തിരൂരില്‍ സിപിഎമ്മിന്റെ ഗഫൂര്‍ പി ലില്ലീസ് അട്ടിമറി ജയം നേടുമെന്നാണ് പ്രവചനം. കുറുക്കോളി മൊയ്തീന്‍ നാട്ടുകാരനാണെങ്കിലും അദ്ദേഹത്തെ ജയം കൈയ്യൊഴിയുമത്രെ. കോട്ടക്കലില്‍ മാറ്റമില്ല. കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ തന്നെ ജയിക്കും. എന്നാല്‍ വാശിയേറിയ മല്‍സരം നടന്ന തവനൂരില്‍ കെടി ജലില്‍ ജയിക്കും. ഫിറോസ് കുന്നംപറമ്പില്‍ തോല്‍ക്കും. പൊന്നാനിയില്‍ പി നന്ദകുമാര്‍ ഇടതുകോട്ട നിലനിര്‍ത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications