കുഞ്ഞാലിക്കുട്ടിയെ ഉന്നമിട്ട് കെഎം ഷാജി, 'മുസ്ലീം ലീഗിനുളളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്'
മലപ്പുറം: മുസ്ലീം ലീഗിനുള്ളിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി കെഎം ഷാജി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈനലി തങ്ങള്‍ കഴിഞ്ഞ ദിവസം പരസ്യമായി കുഞ്ഞാലിക്കുട്ടിക്ക് എതിരെ വന്നതോടെയാണ് ലീഗിനുളളിലെ തര്‍ക്കം രൂക്ഷമായത്. കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി ഉന്നമിട്ടാണ് കെഎം ഷാജിയുടെ പ്രതികരണം.
വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് കെഎം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ല. മുസ്ലീം ലീഗിനുളളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് എന്ന് പറയുന്നതിലൂടെ മുഈനലി തങ്ങളെ പിന്തുണയ്ക്കുക കൂടിയാണ് കെഎം ഷാജി.

കെഎം ഷാജിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം: '' എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല''.
ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ ആയിരുന്നു മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത് വന്നത്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടി ആണെന്നാണ് മുഈനലി തങ്ങള്‍ ആരോപിച്ചത്. ചന്ദ്രികയുടേത് അടക്കം 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി ആണെന്നും ഫണ്ട് കൈകാര്യം ചെയ്യുന്നതിനെ വീഴ്ചകളെ കുറിച്ച് കുഞ്ഞാലിക്കുട്ടിയെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മുഈനലി ആരോപിച്ചിരുന്നു.
മുഈനലിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ലീഗില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കെഎം ഷാജി അടക്കമുളളവരുടെ ഇടപെടല്‍ മൂലമാണ് നടപടി ഒഴിവാക്കിയത് എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരില്‍ ലീഗ് സംസ്ഥാന നേതൃയോഗത്തില്‍ നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചന്ദ്രിക വിവാദത്തോടെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ പടയൊരുക്കം രൂക്ഷമായിരിക്കുകയാണ്.












Click it and Unblock the Notifications