കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റില്‍ 7 പേര്‍ക്ക് കൊറോണ; പകര്‍ന്നത് കൊയിലാണ്ടി സ്വദേശിയില്‍ നിന്ന്
മലപ്പുറം: കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശിയായ മത്സ്യ വ്യാപാരിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. തുടര്‍ന്ന് എംഎല്‍എ ടിവി ഇബ്രാഹിമിന്റ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം, ജില്ലയില്‍ നിന്ന് ഇതുവരെ 16,265 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,875 പേരുടെ ഫലം ലഭിച്ചു. 12,880 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,390 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
39,960 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 737 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 389 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 58 പേരും, മുട്ടിപ്പാലം 15, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 236 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 34 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 37,580 പേര്‍ വീടുകളിലും 1,643 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.












Click it and Unblock the Notifications