കൊണ്ടോട്ടി മിനി സിവില്‍ സ്‌റ്റേഷന്‍; അടിയന്തര യോഗം വിളിക്കുമെന്ന് മന്ത്രി കെ രാജന്‍
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര യോഗം വിളിക്കാന്‍ തീരുമാനം. റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ ഇക്കാര്യം അറിയിച്ചു. സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിന് നേരത്തെ കണ്ടെത്തിയ സ്ഥലം യോഗ്യമല്ലെന്ന് ബോധ്യമായിരുന്നു. ശേഷം മറ്റു രണ്ടു സ്ഥലങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒന്ന് യോഗ്യമാണ്. ഇവിടെ നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ...

കൊണ്ടോട്ടി താലൂക്കിന് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ റീ സര്‍വെ 376/1ല്‍പ്പെട്ട 50 സെന്റ് സ്ഥലം നെല്‍വയലായതിനാല്‍ മറ്റൊരു കരഭൂമി കണ്ടെത്തുന്നതിന് ജില്ലാകലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കി. ഇതടിസ്ഥാനത്തില്‍ രണ്ട് സ്ഥലം കണ്ടെത്തിയിരുന്നു. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഭൂമിയും കൊണ്ടോട്ടി വില്ലേജിലെ കൊളത്തൂരിലെ ട്രിഗര്‍ ലോജിസ്റ്റിക്ക് എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള ഭൂമിയുമാണ് കണ്ടെത്തിയത്.
കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിന് 0.98303 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കേണ്ടിവരും. ഇവിടെ രണ്ട് നില ബില്‍ഡിങ് മാത്രം പണിയാന്‍ കഴിയൂ എന്നതിനാല്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്. കൊളത്തൂരിലെ ട്രിഗര്‍ ലോജിസ്റ്റിക് എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി ഫെയര്‍ വാല്യൂ നോക്കി ഒരു സെന്റിന് എത്ര രൂപ വേണ്ടിവരുമെന്ന് കണ്ടെത്തുന്നതിന് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപന ഉടമകള്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലും തെരഞ്ഞെടുപ്പും കോവിഡിന്റെയും സാഹചര്യത്തിലുമാണ് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നത്.












Click it and Unblock the Notifications