പൊട്ടിത്തെറിച്ചിട്ടില്ല, ഒറ്റപ്പെടുത്തിയിട്ടില്ല, ലീഗ് യോഗത്തിലെ വാർത്തകൾ തള്ളി കെപിഎ മജീദ്
കോഴിക്കോട്: മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടായെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ശാന്തമായാണ് യോഗം അവസാനിച്ചത് എന്ന് കെപിഎ മജീദ് വ്യക്തമാക്കി. താന്‍ യോഗത്തില്‍ പൊട്ടിത്തെറിച്ചു എന്നുളളതും കുഞ്ഞാലിക്കുട്ടിയെ ഒറ്റെപ്പെടുത്തി എന്നുളളതുമായ വാര്‍ത്തകള്‍ സത്യവിരുദ്ധമാണെന്നും കെപിഎ മജീദ് വ്യക്തമാക്കി.
ചന്ദ്രിക വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനുളളിലെ തര്‍ക്കങ്ങള്‍ വന്‍ ചര്‍ച്ചയാകുന്നതിനിടെയാണ് കെപിഎ മജീദിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങളാണ് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്. മുഈനലിക്കെതിരെയുളള നടപടി ചര്‍ച്ച ചെയ്യാനാണ് മലപ്പുറത്ത് ഇന്നലെ ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍ കെപിഎ മജീദ് കുഞ്ഞാലിക്കുട്ടിക്കെതിരെ പൊട്ടിത്തെറിച്ചുവെന്നും പിഎംഎ സലാം ഒഴികെയുളള നേതാക്കള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

കെപിഎ മജീദിന്റെ പ്രതികരണം: '' ഇന്നലെ മലപ്പുറത്ത് നടന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് ചില ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണ്. യോഗത്തിൽ വളരെ കാര്യഗൗരവത്തോടെയും തർക്കങ്ങളില്ലാതെയും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ് മാധ്യമ പ്രവർത്തകർക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഒറ്റപ്പെടുത്തി, പൊട്ടിത്തെറിച്ചു എന്നൊക്കെ ഈ യോഗത്തെക്കുറിച്ച് വാർത്തകൾ നൽകുന്നതിൽ അര ശതമാനം പോലും വാസ്തവമില്ല. ഞാൻ യോഗത്തിൽ പൊട്ടിത്തെറിച്ചു എന്നൊക്കെ പറയുന്നത് പൂർണമായും സത്യവിരുദ്ധമാണ്. ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, വളരെ ശാന്തമായാണ് ഇന്നലെ യോഗം അവസാനിപ്പിച്ചത്.
കള്ളവാർത്തകളും കുപ്രചാരണങ്ങളും നടത്തി മുസ്ലിംലീഗിനെ തകർക്കാമെന്ന് ആരും വിചാരിക്കേണ്ട. വലിയ പ്രതിസന്ധികൾ തരണം ചെയ്ത് ജനങ്ങളുടെ അംഗീകാരം നേടിയ പാർട്ടിയാണിത്. കൂടിയാലോചിച്ചും കൂട്ടുത്തരവാദിത്തത്തോടെയും പുതിയ കർമ്മ പദ്ധതികളുമായി പാർട്ടി മുന്നോട്ട് പോകും. അതിനിടയിൽ കുളം കലക്കാൻ വരുന്നവരെ തിരിച്ചറിയാനുള്ള വിവേകം പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കുമുണ്ട്''.












Click it and Unblock the Notifications