കൊറോണയുടെ മറവില്‍ പരോള്‍ നാടകം; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെടി ജലീല്‍
മലപ്പുറം: ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ എടുത്തു പറഞ്ഞ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെടി ജലീല്‍. ഉറ്റ ബന്ധുവായ ഫാദര്‍ കോട്ടൂരിന് പരോള്‍ അനുവദിക്കാന്‍ സിറിയക് ജോസഫ് ഇടപെട്ടു എന്നാണ് കെടി ജലീല്‍ പറയുന്നത്. അഭയ കേസില്‍ ഇരട്ട ജീവപരന്ത്യം ശിക്ഷിച്ച ഫാദര്‍ കോട്ടൂരിന് കൊവിഡിന്റെ മറവില്‍ പരോള്‍ ലഭിക്കാന്‍ സിറിയക് ജോസഫ് ഇടപെട്ടുവെന്ന് ജോമോന്റെ വാക്കുകള്‍ സൂചിപ്പിച്ച് കെടി ജലീല്‍ പറയുന്നു.
സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേനയായിരുന്നു ഈ ഇടപെടല്‍. ലോകായുക്ത പദവി ദുരുപയോഗം ചെയ്താണ് ബന്ധുവിന്റെ പരോളിനായി സമ്മര്‍ദ്ദം ചെലുത്തിയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞ മുഖ്യമന്ത്രി പരോള്‍ റദ്ദാക്കി പ്രതികളെ ജയിലിലേക്ക് അയച്ചുവെന്നും ജോമോന്റെ ആത്മകഥ അവലംബമായി കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒന്നുകില്‍ സിറിയക് ജോസഫ് രാജിവയ്ക്കുക, അല്ലെങ്കില്‍ സ്വാഭാവികമായ വീഴ്ചയ്ക്ക് കാത്തിരിക്കുക എന്നും കെടി ജലീല്‍ പറയുന്നു.

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കെടി ജലീലിന് ലോകായുക്തയുടെ ഉത്തരവിനെ തുടര്‍ന്നാണ് മന്ത്രി പദവിയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്. പിന്നീട് അദ്ദേഹം തുടര്‍ച്ചയായി സിറിയക് ജോസഫിനെതിരെ രംഗത്തുവരുന്നുണ്ട്. അഭയ കേസില്‍ നാര്‍ക്കോ പരിശോധന നടന്ന ബെംഗളൂരിലെ ലാബ് സിറിയക് ജോസഫ് സന്ദര്‍ശിച്ചിരുന്നു എന്ന കാര്യവും കഴിഞ്ഞ ദിവസം കെടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇന്ന് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനൊപ്പം സിസ്റ്റര്‍ അഭയയുടെ ചിത്രവും കെടി ജലീല്‍ ചേര്‍ത്തിട്ടുണ്ട്. കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...
ഉറ്റ ബന്ധുവായ കൊലക്കേസ് പ്രതി ഫാദര്‍ കോട്ടൂരിന് പരോള്‍ അനുവദിച്ചതില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചു.
'നാടിനെ നടുക്കിയ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കോടതി ശിക്ഷിച്ച് അഞ്ചു മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുമ്പ് കൊറോണയുടെ മറവില്‍ നല്‍കിയ 'പരോള്‍ നാടകം' ഞെട്ടിക്കുന്നത്.
സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേന 2021 മെയ് 9 ന് നിയമ വിരുദ്ധമായാണ് അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത എന്ന പദവി ദുരുപയോഗം ചെയ്താണ് സ്വന്തം ഭാര്യാ സഹോദരീ ഭര്‍ത്താവിന്റെ ജേഷ്ഠന്‍ ഫാദര്‍ തോമസ് കോട്ടൂര്‍ എന്ന കൊലക്കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി ജയില്‍ ഡിജിപി ആയിരുന്ന ഋഷിരാജ് സിംഗിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിയാതെയാണ് ഫാദര്‍ കോട്ടൂര്‍ ഉള്‍പ്പടെയുള്ള രണ്ടു പ്രതികള്‍ക്ക് പരോള്‍ അനുവദിപ്പിച്ചതെന്ന സത്യം അത്യന്തം ഗൗരവമേറിയതാണ്. ഇതറിഞ്ഞ മുഖ്യമന്ത്രി പരോള്‍ റദ്ദ് ചെയ്ത് ഇരുവരെയും ജയിലിലേക്കയച്ചു'
(അവലംബം: ജോമോന്‍ പുത്തന്‍പുരക്കലിന്റെ 'അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീല്‍' എന്ന ആത്മകഥയില്‍ നിന്ന്)
ഏമാന്റെ മുന്നില്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്ന് അധികം നാറുന്നതിന് മുമ്പ് സ്വയം രാജിവെച്ച് പോവുക. അതല്ലെങ്കില്‍ ചീഞ്ഞ്‌നാറിപ്പുഴുത്ത് സ്വാഭാവിക വീഴ്ചക്ക് കാത്തിരിക്കുക. ഏതാണ് വേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കാം.












Click it and Unblock the Notifications