മുസ്ലിം ലീഗ് സമ്മേളനത്തിനെതിരെ കെടി ജലീല്‍; 'ഇസ്രായേല്‍ മാല' പാടിയെന്ന് വിമര്‍ശനം
മലപ്പുറം: മുസ്ലിം ലീഗ് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം വന്‍ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരിക്കെ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. കോഴിക്കോട് നടന്നത് ഇസ്രായേല്‍ അനുകൂല സമ്മേളനമാണോ എന്ന ചോദ്യവുമായിട്ടാണ് അദ്ദേഹം രംഗത്തെത്തിയത്. സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂര്‍ എംപിയുടെ പ്രസംഗമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇസ്രായേലില്‍ ആക്രമണം നടത്തിയ പലസ്തീനിലെ ഹമാസിനെ ഭീകരവാദികള്‍ എന്നാണ് ശശി തരൂര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമുള്ളവരാണ് മുസ്ലിം ലീഗ്. പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ ശശി തരൂര്‍ മറിച്ചൊരു പ്രസംഗം നടത്തിയതാണ് സമ്മേളനത്തെ വിമര്‍ശിച്ച് കെടി ജലീല്‍ രംഗത്തുവരാന്‍ കാരണം. തരൂരിന്റെ പ്രസംഗ വീഡിയോ ഭാഗവും അദ്ദേഹം പങ്കുവച്ചു.

കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ...
കോഴിക്കോട്ട് നടന്നത് ഇസ്രായേല്‍ അനുകൂല സമ്മേളനമോ?
ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഫലത്തില്‍ ഇസ്രായേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക!
മിസ്റ്റര്‍ ശശി തരൂര്‍, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവര്‍ത്തനം എന്ന് താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ എന്തേ ഇസ്രായേലിനെ കൊടും ഭീകരര്‍ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റര്‍ തരൂര്‍, അളമുട്ടിയാല്‍ ചേരയും കടിക്കും. (മാളത്തില്‍ കുത്തിയാല്‍ ചേരയും കടിക്കും)
അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കള്‍ പൊറുക്കില്ല. ഫലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രായേല്‍ മാല'' പാടിയത്.
സമസ്തക്ക് മുന്നില്‍ 'ശക്തി' തെളിയിക്കാന്‍ ലീഗ് നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂര്‍ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്.
ഫലസ്തീനികളുടെ ചെലവില്‍ ഒരു ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവര്‍.












Click it and Unblock the Notifications