വോട്ടെണ്ണല്‍ അടുക്കുമ്പോള്‍ കെടി ജലീലിന് നെഞ്ചിടിപ്പോ? ഭൂരിപക്ഷം ഇടിയും, പ്രതീക്ഷയോടെ യുഡിഎഫ്
മലപ്പുറം: ജില്ലയില്‍ ശക്തമായ മല്‍സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍. കെടി ജലീലിന്റെ മണ്ഡലമായതുകൊണ്ടുതന്നെ താരപരിവേഷമുണ്ടായിരുന്നു തവനൂരിന്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം ഉയര്‍ത്തി വെന്നിക്കൊടി നാട്ടിയ കെടി ജലീല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വളരെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ യുഡിഎഫ് അടവ് മാറ്റി പൊതുസമ്മതനുമായി ഇറങ്ങിയതോടെ കാര്യങ്ങള്‍ മാറി. സ്ത്രീ വോട്ടര്‍മാരും സിപിഎമ്മില്‍ നിന്നുള്ള ഒരു വിഭാഗത്തിന്റെയും വോട്ടുകള്‍ ഫിറോസ് കുന്നംപറമ്പിലിന് കിട്ടിയെന്ന പ്രചാരണവും ശക്തമാണ്. ഇതിനിടെയാണ് വോട്ട് പെട്ടി തുറക്കാന്‍ പോകുന്നത്....

തോറ്റു മടങ്ങിയവര്‍
മുസ്ലിം ലിഗിലെ ശക്തനായ പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തില്‍ മലര്‍ത്തിയടിച്ചതോടെയാണ് കെടി ജലീല്‍ താരമായത്. കുറ്റിപ്പുറം മണ്ഡലം മാറി തവനൂര്‍ വന്നപ്പോഴും ജലീലിനെ പിടിച്ചുകെട്ടാന്‍ യുഡിഎഫിന് സാധിച്ചില്ല. ആദ്യം വിവി പ്രകാശും പിന്നീട് ഇഫ്തിഖാറുദ്ദീനും ജലീലിനോട് തോല്‍വി അറിഞ്ഞു.

യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നത്...
2016ല്‍ 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ജലീല്‍ ഇത്തവണ ഭൂരിപക്ഷം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍. ഈ വേളയിലാണ് യുഡിഎഫ് ബദല്‍ സംവിധാനം ആലോചിച്ചത്. ഈ ആലോചന എത്തിയത് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിലേക്കാണ്. പൊതു സമ്മതനും യുഡിഎഫ് അനുഭാവിയുമായ ഫിറോസ് എത്തിയതോടെ യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നു.

ബലാബലത്തില്‍ അവസാനം
ഈസി വാക്കോവര്‍ പ്രതീക്ഷിച്ച കെടി ജലീലിന് പക്ഷേ, മണ്ഡലത്തിലെ ചിത്രം മാറുന്നതാണ് പിന്നീട് കാണാന്‍ സാധിച്ചത്. പ്രചാരണം ശക്തിപ്പെടുകയും ഏറ്റവും ഒടുവില്‍ ബലാബലം എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. മണ്ഡലത്തില്‍ പലയിടത്തും അക്രമം നടന്നത് സിപിഎം തോല്‍വി മണത്തു എന്നതിന്റെ സൂചനയാണെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നു.

എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍
യുഡിഎഫിന് പ്രതീക്ഷ വര്‍ധിച്ചെങ്കിലും കണക്കുകള്‍ ജലീലിന് അനുകൂലമാണ്. കാരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മേല്‍ക്കൈ എല്‍ഡിഎഫിനാണ്. 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം തദ്ദേശത്തിലുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനിരട്ടിയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും ജലീലിന് നേട്ടമാകും എന്ന് എല്‍ഡിഎഫ് കരുതുന്നു.

ഭൂരിപക്ഷം 3000
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി നിര്‍ത്തിയിട്ടും ജലീലിനെ മാറ്റാത്തതില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു എന്നാണ് വിവരം. ഭൂരിപക്ഷം 3000ത്തില്‍ താഴെയാകുമെന്നാണ് കെടി ജലീലുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത് എന്ന് യുഡിഎഫ് ക്യാമ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്നു.

യുഡിഎഫിന്റെ പ്രതീക്ഷ
ഫിറോസ് കുന്നംപറമ്പിലിന് സ്ത്രീ വോട്ടര്‍മാരുടെ വലിയ പിന്തുണ ലഭിച്ചുവെന്ന് ചില ഇടതു നേതാക്കള്‍ സംശയിക്കുന്നു. ചാരിറ്റി പ്രവര്‍ത്തന രംഗത്ത് അദ്ദേഹം നടത്തിയ സഹായങ്ങളാണ് ഇതിന് കാരണം. മാത്രമല്ല, ജലീലിനെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ബന്ധു നിയമന വിവാദവും തിരിച്ചടിയാകുമെന്ന പ്രതക്ഷയിലാണ് യുഡിഎഫ്.

ഒന്നും പറയാന്‍ സാധിക്കില്ല
യുഡിഎഫിന് തവനൂരില്‍ ജയം ഉറപ്പിക്കാം എന്ന് പറയാന്‍ സാധിക്കില്ല. ജലീലിന്റെ ഭൂരിപക്ഷം കുറയാനുള്ള സാധ്യതയാണ് ചില ഇടതുപക്ഷ നേതാക്കള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജില്ലയില്‍ ജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്ന സീറ്റുകളില്‍ തവനൂരുമുണ്ട്. യഥാര്‍ഥ ഫലത്തിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.












Click it and Unblock the Notifications