കെവി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം; ജയില്‍ മോചനം ഉടന്‍, വന്‍ പ്രതിഷേധം
മലപ്പുറം: ഒട്ടേറെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന റിട്ട. അധ്യാപകന് കെവി ശശികുമാറിന് എല്ലാ കേസുകളിലും ജാമ്യം. രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതിയും മറ്റു നാലു കേസുകളില്‍ പെരിന്തല്‍മണ്ണ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. എല്ലാ കേസിലും ജാമ്യം ലഭിച്ചതിനാല്‍ പ്രതി വൈകാതെ ജയിലില്‍ നിന്ന് പുറത്തിറങ്ങും.
മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ മുന്‍ അധ്യാപകനാണ് ശശി കുമാര്‍. മലപ്പുറത്തെ പ്രധാന സിപിഎം നേതാവുമായിരുന്നു. കേസില്‍ ഉള്‍പ്പെട്ടതോടെ പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. അധ്യാപകനായിരിക്കെ ശശികുമാര്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് പൂര്‍വ വിദ്യാര്‍ഥികള്‍ നല്കിയ പരാതിയിലാണ് ശശി കുമാറിനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി മുങ്ങിയിരുന്നു. പിന്നീട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടലെ ബത്തേരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ പല വിദ്യാര്‍ഥിനികളെയും പ്രതി പീഡിപ്പിച്ചുവെന്നാണ് ആരോപണം. പോലീസ് അന്വേഷണം തുടങ്ങിയ പിന്നാലെ ഫേസ്ബുക്ക് വഴിയും മറ്റും പൂര്‍വ വിദ്യാര്‍ഥികള്‍ ആരോപണവുമായി രംഗത്തുവന്നിരുന്നു. നേരത്തെ പരാതി നല്‍കിയിട്ടും സ്കൂള്‍ മാനേജ്മെന്റ് നടപടിയെടുത്തില്ലെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പിണറായി വിജയാ കാണിച്ചുതരാം; ഭീഷണിയുമായി പിസി ജോര്‍ജ്, 'പോലീസ് എന്റെ കാലില്‍ വീണു'
അതേസമയം, ശശി കുമാറിന് ജാമ്യം ലഭിച്ചതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടന്ന കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. എംഎസ്എഫ് മുന്‍ നേതാവ് നജ്മ തബ്ഷീറ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. നജ്മയുടെ വാക്കുകള്‍ ഇങ്ങനെയാണ്-
കന്യാസ്ത്രീകളുടെ പരാതിയിന്മേല് ബിഷപ്പ് ഫ്രാങ്കോക്കെതിരെ ചുമത്തിയ കേസില്‍ നിന്നും അയാള്‍ സുഖമായി ഊരിപ്പോന്നത് പ്രോസിക്യൂഷന്റെ 'മിടുക്ക്' കൊണ്ടാണെന്നു കണ്ടവരാണു നമ്മള്. സര്‍ക്കാര്‍ ഭാഗം വിചാരിച്ചാല്‍ എന്തും നടക്കുമെന്നു സാരം!
കെ വി ശശികുമാര്‍ എന്ന അധ്യാപകന്റെ ചെയ്തികള്‍ കേവലമൊരു 'പീഡനം' എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല.
30 വര്‍ഷം നിരന്തരമായി അയാള്‍ ചെയ്തുകൊണ്ടിരുന്ന ലൈംഗിക വൈകൃതങ്ങള്‍ ഒരുപാട് തലമുറകളെ ശാരീരികമായും മാനസികമായും വിദ്യഭ്യാസപരമായും ബാധിച്ചിട്ടുണ്ട്.
മറ്റൊരു പൂര്‍വ വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പിനെ ഇന്നു പേടിയോടെയാണു വായിച്ചു തീര്‍ത്തത്.
എന്നിട്ടും ഇന്നയാള് കോടതിയില്‍ നിന്നു പോക്സോ കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരിക്കുന്നു.
സര്‍ക്കാര്‍ ആരെയാണു സംരക്ഷിക്കുന്നത്?
ഈ സര്‍ക്കാര്‍ ഇവിടെ ആര്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്?!