മലപ്പുറത്ത് ഉരുള്‍പ്പൊട്ടല്‍; നാല് ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, കടലില്‍ പോകരുത്
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍. മഴ കനക്കുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ നാല് ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ താഴേക്കാട് പഞ്ചായത്തില്‍ അരക്കുപറമ്പ് മാട്ടറക്കല്‍ പ്രദേശത്താണ് ഉരുള്‍പ്പൊട്ടല്‍. ശക്തമായ മഴ തുടരുകയാണ്. ആളപായമില്ല. മണ്ണും കല്ലുമെല്ലാം ഒലിച്ചുവന്നിട്ടുണ്ട്. വൈദ്യുതി ബന്ധം തകരാറിലായി. മുന്‍കരുതലിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നഷ്ടത്തിന്റെ കണക്ക് അറിവായിട്ടില്ല. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
വ്യാഴാഴ്ച മുതലുള്ള നാല് ദിവസത്തേക്കാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മി. മി മുതല്‍ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ജാഗ്രത പാലിക്കേണ്ട സ്ഥലങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ വ്യാഴാഴ്ച മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ലക്ഷദ്വീപ് തീരങ്ങളിലും, കേരള തീരത്തും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
656 പേര്‍ക്ക് കൊറോണ
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 656 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴിയാണ് കൂടുതല്‍ പേര്‍ക്കും രോഗം. 635 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. 7.85 ശതമാനമാണ് ടിപിആര്‍. 631 പേര്‍ ബുധനാഴ്ച മാത്രം കോവിഡ് മുക്തരായി. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 24,724 പേരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5,611 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സക്കീന അറിയിച്ചു.
കായിക രംഗത്ത് തൊഴിലവസരം; മന്ത്രി
കായിക രംഗത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി നേടിയ അഖിലേന്ത്യാ ഫുട്ബോള്‍ കിരീട നേട്ടത്തിന്റെ സുവര്‍ണജൂബിലി ആഘോഷം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൈമറിതലം മുതല്‍ സ്പോര്‍ട്സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പഞ്ചായത്ത്തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ വരുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications