കാടിന്റെ മകന്‍ ഇനി നാട് ഭരിക്കും; നിലമ്പൂര്‍ ബ്ലോക്കില്‍ സുധീഷ് മിന്നും താരം
നിലമ്പൂര്‍: മലപ്പുറത്ത് വ്യത്യസ്തമായ വിജയഗാഥ രചിച്ചിരിക്കുകയാണ് സുധീഷ്. 15 കിലോമീറ്ററിലധികം താണ്ടിയെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട സുധീഷ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ പെട്ടയാളാണ് സുധീഷ്. ഈ വിഭാഗത്തില്‍ നിന്ന് പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. 21 വയസ് കഴിഞ്ഞ സുധീഷ് പ്ലസ് ടു വിജയിച്ചിട്ടുണ്ട്. നിലമ്പൂര്‍ ബ്ലോക്കിലെ എസ്ടി സംവരണമായ വഴിക്കടവ് ഡിവിഷനിലാണ് സുധീഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്. ഉള്‍വനത്തിലെ പുഞ്ചകുന്ന് കോളനിയിലാണ് താമസം.

ഒട്ടേറെ റെക്കോര്‍ഡുകള്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ മലപ്പുറം ജില്ല ഇപ്പോള്‍ സുധീഷിലൂടെ മറ്റൊരു റോക്കോര്‍ഡ് കൂടി അടയാളപ്പെടുത്തിയിരിക്കുന്നു. ആദിവാസി മേഖലകളിലേക്ക് റോഡും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീഷ് മല്‍സരിച്ചത്.
ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ആദിവാസി വിഭാഗമാണ് ചോലനായ്ക്കര്‍. അടുത്ത കാലം വരെ ഗുഹകളില്‍ മാത്രമായിരുന്നു ഈ വിഭാഗം താസമിച്ചിരുന്നത്. മറ്റു ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ വേറിട്ട ജീവിത രീതി പുലര്‍ത്തിവരുന്നവരാണ് ഇവര്‍. സുധീഷിന്റെ കോളനിയിലേക്ക് യാത്രാ മാര്‍ഗമില്ല. വികസനം എത്തിയിട്ടുമില്ല. എല്ലാത്തിനും മാറ്റം വേണമെന്ന തോന്നലില്‍ നിന്നാണ് സുധീഷ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications