കഴിഞ്ഞ ദിവസം മരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു; ആഘോഷമില്ലാതെ തലക്കാട്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് മരിച്ച സ്ഥാനാര്‍ഥി ജയിച്ചു. തിരൂര്‍ തലക്കാട് പാറശേരി വെസ്റ്റ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സഹീറ ബാനുവാണ് ചൊവ്വാഴ്ച മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് വാഹന അപകടത്തില്‍പ്പെട്ട അവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. സഹോദരന്റെ മകനോടൊപ്പം ബാങ്കില്‍ പോയി തിരിച്ചുവരവെ കാറിടിച്ചാണ് അപകടമുണ്ടായത്.
Recommended Video

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സഹീറ ബാനു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവുമാണ്. രണ്ടു തവണ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000ലും 2010വുമായിരുന്നു ഇത്. കഴിഞ്ഞ തവണ ഏതാനും വോട്ടുകള്‍ക്കാണ് തോറ്റത്. ഇത്തവണ വിജയം പ്രതീക്ഷിച്ചിരിക്കെയാണ് അപകടവും മരണവും. തലക്കാട് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായിരുന്നു സഹീറ ബാനു. 239 വോട്ടിനാണ് ഇവര്‍ 15ാം വാര്‍ഡില്‍ നിന്ന് ജയിച്ചത്.
സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായ സുലൈല ബീവിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തൈവളപ്പില്‍ സൈതാലി എന്ന മമ്മിക്കുട്ടിയാണ് സഹീറ ബാനുവിന്റെ ഭര്‍ത്താവ്. മുഹമ്മദ്, ബഷീര്‍, അഹമ്മദ്, റുബീന എന്നിവരാണ് മക്കള്‍. 15ാം വാര്‍ഡില്‍ ഇനിയും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ആറ് മാസത്തിനകമായിരിക്കും തിരഞ്ഞെടുപ്പ്.
അതേസമയം, തിരൂര്‍ മുന്‍സിപ്പാലിറ്റി ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 38ല്‍ 19 വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. രണ്ടു വിമതരും ജയിച്ചിട്ടുണ്ട്. ചെയര്‍മാന്‍ കെ ബാവ പരാജയപ്പെട്ടു എന്നതാണ് മറ്റൊരു പ്രത്യേകത. എല്‍ഡിഎഫ് 16 സീറ്റിലാണ് ജയിച്ചത്. എന്‍ഡിഎക്ക് ഒരു സീറ്റ് കിട്ടി. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വിമതരാണ് ജയിച്ചിട്ടുള്ളത്.












Click it and Unblock the Notifications