പ്രണയത്തെ എതിര്‍ത്ത് ക്ലാസെടുത്തു; മലപ്പുറത്ത് മദ്രസ അധ്യാപകനെ പള്ളിയില്‍ നിന്നിറക്കി മര്‍ദ്ദിച്ചു
മലപ്പുറം: തിരൂരില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കണമെന്ന് പറഞ്ഞ് പള്ളിയിലെ റൂമിലെത്തി മദ്രവ അധ്യാപകനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പ്രണയത്തിനെതിരെ ക്ലാസെടുത്തെന്ന് പറഞ്ഞാണ് സംഘം മദ്രസാ അധ്യാപകനെ മര്‍ദ്ദിച്ചത്. തൃപ്രങ്ങോട് പാലോത്ത് പറമ്പിലെ മദ്‌റസ അധ്യാപകനെയാണ് മര്‍ദ്ദിച്ചത്. പള്ളിയില്‍ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് കാരണമായത് പ്രണയ വിരുദ്ധ ക്ലാസാണെന്ന് പ്രതികള്‍ മൊഴി നല്‍കി. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍, മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാനെയാണ് സംഘം മര്‍ദ്ദിച്ചത്. വല്യുമ്മാക്ക് സുഖമില്ലെന്ന് പറഞ്ഞ് മൂവരും ഉച്ചയോടെ പള്ളിയിലെ താമസ മുറിയില്‍ എത്തി പ്രാര്‍ത്ഥിക്കാന്‍ കൂടെ വരണം എന്ന് അധ്യാപകനോട് പറയുകയായിരുന്നു.
സംഘത്തിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി നടന്നുവരാമെന്ന് അറിയിച്ചതോടെ സംഘം ആക്രമിക്കുകയും ശേഷം കാറില്‍ രക്ഷപ്പെടുകയുമായിരുന്നു. 20കാരനായ കുന്നത്ത് മുട്ടനൂര്‍ സ്വദേശി മുഹമ്മദ് ഷാമില്‍ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബന്ധുവിന്റെ കാറിലാണ് ഇവര്‍ പള്ളിയിലെത്തിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രണയത്തെ എതിര്‍ത്ത് ക്ലാസെടുത്തെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മുഖേന വിവരം അറിഞ്ഞതോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. സംഘം എത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications