നാല് കോടിയുടെ റേഞ്ച് റോവര്‍, നികുതിയായി ലഭിച്ചത് 63.5 ലക്ഷം രൂപ! രജിസ്‌ട്രേഷന്‍ നടന്നത് മലപ്പുറത്ത്
മലപ്പുറം: ഏതൊരു പുതിയ വാഹനം വാങ്ങുമ്പോഴും നമ്മള്‍ റോഡ് ടാക്‌സ് എന്ന പേരില്‍ വാഹന നികുതി അടക്കാറുണ്ട്. ഇന്ത്യയില്‍ വാഹനം കൈവശമുള്ള ഓരോ വ്യക്തിക്കും റോഡ് നികുതി നിര്‍ബന്ധമാണ്. വാഹനത്തിന്റെ എഞ്ചിന്‍ ശേഷി, വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി, വാഹനത്തിന്റെ പ്രായം, വാഹനത്തിന്റെ ഭാരം, വാഹനത്തിന്റെ മാതൃക എന്നിവ അടിസ്ഥാമാക്കിയാണ് വാഹന നികുതി ഈടാക്കുന്നത്.
അന്തര്‍സംസ്ഥാനമോ വിദേശത്ത് നിന്നോ വാഹനങ്ങള്‍ കൊണ്ടുവരുമ്പോഴും നികുതി അടക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 80 ശതമാനം റോഡുകളും സംസ്ഥാന സര്‍ക്കാരാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ സംസ്ഥാന നികുതി വിഹിതത്തിലേക്കാണ് ഈ തുക പോകുക.

ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒറ്റ വാഹനത്തിന്റെ രജിസ്‌ട്രേഷനിലൂടെ 63.5 ലക്ഷം രൂപ ലഭിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍ണ്ണ ആര്‍ ടി ഓഫീസിലാണ് ഇത്തരത്തില്‍ ഭീമമായ തുക രജിസ്‌ട്രേഷനിലൂടെ വാഹന നികുതിയായി ലഭിച്ചിരിക്കുന്നത്. യു കെയില്‍ നിന്ന് എത്തിച്ച പുത്തന്‍ മോഡല്‍ റേഞ്ച് റോവറിനാണ് 63,57520 രൂപ വാഹന നികുതിയായി ഈടാക്കിയത്.

പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഒ ഓഫിസില്‍ ഒരു വാഹനത്തിന് ഇതുവരെ ഈടാക്കിയതില്‍ ഏറ്റവും വലിയ നികുതി ആണിത്. ഒരു വാഹനത്തിന് ഇതുവരെ ഈടാക്കിയതില്‍ ഏറ്റവും വലിയ നികുതി ആണ് എന്ന് ജോയിന്റ് ആര്‍ ടി ഒ വിനോദ് കൃഷ്ണന്‍ വ്യക്തമാക്കിയത്. ഷിഫ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍, അരിപ്ര സ്വദേശി മുഹമ്മദ് ഷാജി ആണ് യു കെയില്‍ നിന്ന് പുത്തന്‍ മോഡല്‍ റേഞ്ച് റോവറര്‍ എത്തിച്ചത്.

കേരളത്തില്‍ ഈ മോഡല്‍ ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ല. നാല് കോടി രൂപയാണ് ഈ മോഡല്‍ റേഞ്ച് റോവറിന്റെ ഓണ്‍റോഡ് പ്രൈസ്. നേരത്തെ നടന്‍ ടൊവിനോ തോമസും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും രണ്ട് കോടി രൂപ വിലയുള്ള റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയിരുന്നു.

റേഞ്ച് റോവറിന്റെ ഡൈനാമിക് എച്ച് എസ് ഇയാണ് ടൊവിനോ തോമസ് സ്വന്തമാക്കിയത്. ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആദ്യ യൂണിറ്റാണ് ടൊവിനോ തോമസ് സ്വന്തമാക്കിയത്. വെറും 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണിത്.












Click it and Unblock the Notifications