ഓട്ടോമാറ്റിക്ക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു, വിവരമറിഞ്ഞ മുത്തശ്ശിക്കും ദാരുണാന്ത്യം
മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പേരക്കുട്ടിയുടെ മരണ വിവരമറിഞ്ഞ് മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ വൈലത്തൂരില്‍ ആണ് സംഭവം. പള്ളിയിലേക്ക് പോകാന്‍ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്ന് അടയ്ക്കുന്നതിനിടയില്‍ ഗേറ്റിനുള്ളില്‍ കുടുങ്ങിയാണ് മുഹമ്മദ് സിനാന്‍ (9) മരിച്ചത്.
തിരൂര്‍ ആലിന്‍ചുവട് എം ഇ ടി സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും വൈലത്തൂര്‍ ചിലവില്‍ സ്വദേശി ചങ്ങനക്കാട്ടില്‍ കുന്നശ്ശേരി അബ്ദുള്‍ ഗഫൂറിന്റെയും സജിലയുടെയും മകനുമാണ് മുഹമ്മദ് സിനാന്‍. സിനാന്റെ മരണ വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോകവേ ആണ് വല്യുമ്മ ആസിയ (55) മരിച്ചത്. അബ്ദുള്‍ ഗഫൂറിന്റെ മാതാവാണ് ആസിയ. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് നാടിനെ നടുക്കിയ സംഭവം.

മുഹമ്മദ് സിനാന്‍ അയല്‍പക്കത്തെ വീടിന്റെ ഗേറ്റ് തുറന്ന് ആ വീടിന്റെ പറമ്പിലൂടെയാണ് പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകാറുള്ളത്. ഗേറ്റ് പെട്ടെന്ന് വന്ന് അടയുകയും ഗേറ്റിനുള്ളില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഗേറ്റിനുള്ളില്‍ കുടുങ്ങി പരിക്കേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തെിക്കുന്നത്.
ആദ്യം സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗേറ്റിന് സാങ്കേതിക തകരാര്‍ സംഭവിച്ചതാണ് അപകട കാരണം എന്നാണ് സംശയം. വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചിലവില്‍ ജുമാ മസ്ജിദ് കബറിസ്താനില്‍ കബറടക്കും. അസ്മ ഐവയാണ് സിനാന്റെ സഹോദരി.
വൈലത്തൂര്‍ ചിലവില്‍ മഹല്ല് മുന്‍ പ്രസിഡന്റ് സി കെ കുഞ്ഞലവി ഹാജിയുടെ ഭാര്യയാണ് മരിച്ച ആസിയ. ആസിയയുടെ മൃതദേഹം കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലാണ്. വെള്ളിയാഴ്ച കബറടക്കും. റഷീദ്, മൊയ്തീന്‍കുട്ടി എന്നിവരാണ് ആസിയയുടെ മറ്റ് മക്കള്‍. ആസിയയുടെ മൂത്ത മകനാണ് അബ്ദുല്‍ ഗഫൂര്‍.












Click it and Unblock the Notifications