'തൊപ്പിയെ' ഉദ്ഘാടകനായി വിളിച്ചു, ആളുകൂടി, പ്രതിഷേധം... കടയുടമകള്‍ക്കെതിരെ കേസ്
മലപ്പുറം: യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ ഉദ്ഘാടനത്തിന് വിളിച്ച കടയുടെ ഉടമകള്‍ക്കെതിരെ കേസ്. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ഒതുക്കുങ്ങലിലെ വസ്ത്ര വ്യാപാര ശാലയുടെ ഉടമകളായ നാല് പേര്‍ക്കെതിരെ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗതം തടസപ്പെടുത്തിയതിനും മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെയായിരുന്നു ഉദ്ഘാടനം. നിഹാദ് വരുന്നത് അറിഞ്ഞ് വലിയ ആള്‍ക്കൂട്ടമാണ് വന്നിരുന്നത്. അതോടൊപ്പം നിഹാദ് വരുന്നതിനെതിരെ നാട്ടുകാരില്‍ ഒരു വിഭാഗം പ്രതിഷേധവുമായും രംഗത്തെത്തി. ഇതോടെ പൊലീസ് നിഹാദിനെ തിരിച്ചയയ്ക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചയോടെ തന്നെ തൊപ്പി ആരാധകര്‍ എത്തി തുടങ്ങിയിരുന്നു.

ഇതിനിടെ പ്രതിഷേധക്കാരും തടിച്ച് കൂടിയതോടെ ഗതാഗത തടസമുണ്ടായി. ഇതോടെ പൊലീസ് ഇടപെട്ടു. നിഹാദ് ഒതുക്കങ്ങിലില്‍ എത്തും മുന്‍പു തന്നെ വഴിയരികില്‍ പൊലീസ് കാത്തു നിന്നു. സാഹചര്യം വിശദീകരിച്ച പൊലീസ് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നു വ്യക്തമാക്കി നിഹാദിനോട് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ഇക്കഴിഞ്ഞ ജൂണില്‍ വളാഞ്ചേരിയിലും നിഹാദ് ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.
അന്നും കുട്ടികളടക്കം വലിയ ആള്‍ക്കൂട്ടമാണ് എത്തിയിരുന്നത്. എന്നാല്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിന് തൊപ്പിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കടയുടമകള്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ എറണാകുളം എടത്തലയില്‍ സുഹൃത്തിന്റെ വീട്ടിലെത്തി നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. അശ്ലീല സംഭാഷണം അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്ന ശ്രീകണ്ഠാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലും തൊപ്പിയെ അറസ്റ്റ് ചെയ്തിരുന്നു.
കമ്പിവേലി നിര്‍മിച്ച് നല്‍കി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറഞ്ഞതിനായിരുന്നു തൊപ്പിയെ അറസ്റ്റ് ചെയ്തത്. കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ സജി സേവ്യര്‍ സേവ്യര്‍ തന്റെ നമ്പര്‍ സഹിതം ബോര്‍ഡ് വെച്ചിരുന്നു. ഈ നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറയുകയും അതിന്റെ വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു തൊപ്പി ചെയ്തത്. തന്റെ വീഡിയോകളില്‍ ചിലതിലെല്ലാം തൊപ്പി അസഭ്യം പറയുകയും ചെയ്യാറുണ്ട്.












Click it and Unblock the Notifications