മലപ്പുറത്ത് വിവാഹത്തലേന്ന് വരന്റെ വീട്ടിലെത്തി മുൻവനിതാ സുഹൃത്തിന്റെ അക്രമം; വിവാഹം വേണ്ടെന്ന് വെച്ച് വധു
എടപ്പാൾ (മലപ്പുറം): വിവാഹ വീട്ടിൽ നാടകീയ സംഭവങ്ങൾ. ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്റെ വീട്ടിൽ കയറി മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തിൽ വരനേയും ബന്ധുക്കളേയും ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ചങ്ങരംകുളം മേലെ മാന്തടത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹത്തിൽ നിന്ന് വധുവിന്റെ വീട്ടുകാർ പിന്മാറി.
ആക്രമണത്തിൽ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ 5 പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും പ്രതിശ്രുതവരനും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് പറയുന്നത്. പഠനകാലത്തെ സൗഹൃദം ഒരു വർഷം മുമ്പ് വീണ്ടും തുടങ്ങിയതാണെന്നും പറയുന്നു.

യുവതിക്ക് വരൻ വിവാഹം വാഗ്ദാനം നൽകിയിരുന്നെന്നും എന്നാൽ ഇയാൾ മറ്റൊരു വിവാഹം കഴിക്കുന്ന കാര്യം അറിഞ്ഞതിന് പിന്നാലെയായിരുന്നു സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഇരുപതോളം പേർക്കൊപ്പം എത്തി അക്രമം നടത്തിയത്. വരനെ ഉൾപ്പെടെ ആക്രമിച്ചതിന് പുറമെ കല്യാണ വീട്ടിലെ സാധനങ്ങളും അടിച്ച് തകർത്തുവെന്നാണ് വരന്റെ വീട്ടുകാർ പറയുന്നത്.
സംഭവം അറിഞ്ഞതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിച്ചു. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും ഇരു വീട്ടുകാരും പൂർത്തിയാക്കിയിരുന്നു. അതേസമയം യുവാവിന്റെ വീട്ടുകാർ തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പോലീസ് കേസ് എടുത്തു.












Click it and Unblock the Notifications