വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ക്ക് കൊറോണ; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ മലപ്പുറം ഡിപ്പോ അടച്ചു. ചെര്‍പ്പുളശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ജീവനക്കാരന്‍ ഈ മാസം ഒമ്പതിനാണ് ഏറ്റവും അവസാനിമായി ഡിപ്പോയില്‍ വന്നത്. അന്ന് ചില രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ആറ് പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കമുള്ളതായി കരുതുന്നത്. ഇവര്‍ ആറുപേരെയും കൊറോണ പരിശോധന നടത്തും. സ്രവങ്ങള്‍ പരിശോധനയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്. രണ്ടുദിവസത്തേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിരിക്കുന്നത്. ഡിപ്പോ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.












Click it and Unblock the Notifications