Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതിക്ക് പിന്നാലെ ഭൂമി കുലുക്കവും ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും, മലപ്പുറത്ത് ചുവര് വിണ്ടുകീറി!

മലപ്പുറം: മഴക്കെടുതികള്‍ക്ക് പിന്നാലെ മമ്പാട് ഭൂമി കുലുക്കവും ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും; അധികൃതര്‍ പരിശോധന നടത്തി, വീടിന്റെ ചുമര് രണ്ടുമീറ്ററോളം വിണ്ടുകീറി. പൊങ്ങല്ലൂര്‍ പൂച്ചപ്പാറക്കുന്നിലാണ് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ശബ്ദമുയര്‍ന്നതോടെ ജനം പരിഭ്രാന്തരായത്.. ശനിയാഴ്ച രാവിലെ ഏഴോടെ രണ്ട് തവണ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് 10-മണിയോടെ വീണ്ടും വലിയ ശബ്ദം ഉയര്‍ന്നു. ഈ സമയം നിലമ്പൂര്‍ സി.ഐ. ഉള്‍പ്പെടെ പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു.


വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പ്രദേശത്ത് ആദ്യമായി മുഴക്കം അനുഭവപ്പെട്ടത്. രാത്രി ഒന്‍പതോടെ വീണ്ടും ശബ്ദം മുഴങ്ങിയതോടെ ഇവിടെ ജനം സംഘടിച്ചു. കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരേയും ജന പ്രതിനിധികളേയും വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. മൂന്ന് വീടുകള്‍ക്ക് വിള്ളല്‍ കണ്ടെത്തി. ഇതില്‍ ഒരു വീടിന്റെ മുന്‍വശത്തെ ജനലിനോട് ചേര്‍ന്ന് രണ്ട് മീറ്ററോളം നീളത്തില്‍ വിള്ളലുണ്ട്.

earthquake

ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 40-ഓളം കുടുംബങ്ങള്‍ വെള്ളിയാഴ്ച രാത്രിതന്നെ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. ശേഷിക്കുന്ന വീടുകളില്‍ നിന്നും ആളുകള്‍ ഇറങ്ങി. ഈ സമയം മമ്പാട് അങ്ങാടിയില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ അപായ അലാറം മുഴങ്ങിയെന്നും നാട്ടുകാര്‍ പരിശോധനാ സംഘത്തെ ധരിപ്പിച്ചു. മുഴക്കമുയരുന്ന സമയത്ത് നേരിയ കമ്പനം അനുഭവപ്പെടുന്നതായും പരീക്ഷണാടിസ്ഥാനത്തില്‍ വെച്ച ഗ്ലാസുകള്‍ ഇളകിയെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നും 30-ഓളം കുടുംബങ്ങള്‍ ഇവിടെ നിന്ന് താമസം മാറ്റി. മലപ്പുറം അസി. ജിയോളജിസ്റ്റ് സുബേഷ് തൊട്ടിയില്‍, മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്‍.വി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച പരിശോധനകള്‍ നടത്തിയത്.

എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍ എന്നിവരും സ്ഥലത്ത് സന്ദര്‍ശനം നടത്തി. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസിയ, അംഗം പുന്നപ്പാല അബ്ദുല്‍ കരീം, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് തേലക്കാട് ഷിഫ്‌ന നജീബ്, അംഗങ്ങളായ കാഞ്ഞിരാല സമീന, ടി.പി. ഉമൈമത്ത്, എം. സരോജിനി, എം.ടി. അഹമ്മദ് തുടങ്ങിയവരും പരിശോധനാ സംഘത്തിന് വിവരങ്ങള്‍ നല്‍കാനെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാര്‍, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. പി. മോഹന ചന്ദ്രന്‍, നിലമ്പൂര്‍ സി.ഐ. കെ.എം. ബിജു, വണ്ടൂര്‍ സി.ഐ. എം. ബാബുരാജ് തുടങ്ങിയവരും നിലമ്പൂര്‍, ഏറനാട് തഹസില്‍ദാര്‍മാരും സ്ഥലം സന്ദര്‍ശിച്ചു.

മണ്ണിടിച്ചില്‍: കുണ്ടുതോട് പാലത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട്, നിലമ്പൂര്‍, ഗൂഡല്ലുര്‍ പാതയില്‍ മമ്പാട്, എടവണ്ണ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടുതോട് പാലത്തിലൂടെ വലിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി. കാറുകള്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കും മാത്രം പോകാനാണ് അനുമതി. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തില്‍ പാലത്തിന്റെ പ്രധാന തൂണിനോട് ചേര്‍ന്ന് വന്‍തോതില്‍ മണ്ണിടിഞ്ഞിരുന്നു. ഇത്തേതുടര്‍ന്നുള്ള അപകട ഭീതി കണക്കിലെടുത്താണ് വലിയ വാഹനങ്ങള്‍ വിലക്കിയത്. മഞ്ചേരി ഭാഗത്തു നിന്ന് നിലമ്പൂരിലേക്കുള്ള വാഹനങ്ങള്‍ക്ക് കാരക്കുന്ന്- തിരുവാലി വഴിയോ എടവണ്ണ സി.പി.എ. ജംഗ്ഷന്‍, ചെമ്പക്കുത്ത് തിരുവാലി വഴിയോ പോകാം. അരീക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങളും സി.പി.എ. ജംഗ്ഷന്‍, ചെമ്പക്കുത്ത് വഴി പോകണം. ട്രോമാകെയര്‍ പ്രവര്‍ത്തകരും പോലീസും ഈ പാതകളില്‍ നിലയുറപ്പിച്ച് വാഹന ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലില്‍ പാലത്തിന്റെ പ്രാധാന തൂണിന്റെ സംരക്ഷണഭിത്തി പാടേ അടര്‍ന്നിരുന്നു. തൂണിനോട് ചേര്‍ന്ന് രൂപപ്പെട്ട ദ്വാരവും തകര്‍ച്ചാ ഭീഷണിയിലാണ്. പാലത്തിന്റെ രണ്ടറ്റങ്ങളിലും വശങ്ങളിലും തോട് കരകവിഞ്ഞ് വന്‍തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്നുമുണ്ട്. ഗതാഗത ഭീഷണിയായതിനാല്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യങ്ങളുയര്‍ന്നിരുന്നു. അന്ത:സംസ്ഥാന പാതയായ ഇതു വഴി ദിനേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. പാലത്തിന്റെ സ്ഥിരം പ്രവര്‍ത്തിയ്ക്ക് സമയമെടുക്കുമെന്നും താത്ക്കാലിക പ്രവര്‍ത്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എമാരായ പി.കെ. ബഷീറും എ.പി. അനില്‍കുമാറും പറഞ്ഞു. യാത്രക്കാര്‍ സഹകരിക്കണമെന്നും എം.എല്‍.എമാര്‍ അഭ്യര്‍ഥിച്ചു. തൂണുകളോട് ചേര്‍ന്ന് മണ്ണ് നിറക്കുന്ന പ്രവര്‍ത്തി വെള്ളിയാഴ്ച രാത്രി തുടങ്ങിയിട്ടുണ്ട്. ഏറനാട് താലൂക്ക് തഹസില്‍ദാര്‍ പി. സുരേഷ് ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തികള്‍ വിലയിരുത്തി. കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+