കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് മിനിലോറി ബൈക്കിലിടിച്ചു: ബൈക്കില്‍ സഞ്ചരിച്ച യുവാവ് മരിച്ചു
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് മിനിലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാക്കഞ്ചേരിക്കടുത്ത് പുല്‍പറമ്പില്‍ മലയില്‍ കൊല്ലംകണ്ടി ബാലകൃഷ്ണന്റെ മകന്‍ ഷിബിന്‍ (23) ആണ് മരിച്ചത്. ബൈക്കില്‍ കൂടെ യാത്ര ചെയ്തിരുന്ന പള്ളിക്കല്‍ ബസാര്‍ സ്വദേശി സൗപര്‍ണികയില്‍ സുരേഷിന്റെ മകന്‍ സുജിത്ത് (22) ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാലിക്കട്ട് സര്‍വകലാശാലക്കടുത്ത് ചെട്ടിയാര്‍മാട് ഒലിപ്രംകടവ് റോഡിലെ ഹാജിയാര്‍ വളവില്‍ ഇന്നലെ വൈകീട്ടോടെയാണ് അപകടം. ബൈക്ക് യാത്രക്കാരായ ഇരുവരും കാക്കഞ്ചേരിയില്‍ നിന്നും ഒലിപ്രംകടവ് ഭാഗത്തേക്ക് പോകവേ വളവില്‍ വെച്ച് ഒലിപ്രം കടവ് ഭാഗത്ത് നിന്നും വന്ന മിനി ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വഴി മധ്യേ ഷിബിന്‍ മരിച്ചു. സുജിത്തിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറിയ മിനിലോറി തെങ്ങിലിടിച്ചാണ് നിന്നത്. ഷിബിന്റെ മാതാവ്:സിന്ധു. സഹോദരങ്ങള്‍: ശ്രീരാഗ്, ശ്രീഷ്മ.












Click it and Unblock the Notifications