മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആള്‍ക്കുട്ട മര്‍ദ്ദനം: യുവാവ് മരിച്ച കേസില്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആള്‍ക്കൂട്ട വിചാരണകള്‍ ആശങ്കാജനകമായി തുടരുമ്പോള്‍ പോലീസിന്റെ നിഷ്‌ക്രിയത്വം മൂലം ഇരകള്‍ പരാതിപ്പെടാന്‍ തയ്യാറാവുന്നില്ല. സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മനോവിഷമത്താല്‍ ഇന്നലെയാണ് യുവാവ് മലപ്പുറത്ത് തൂങ്ങി മരിച്ചത്. എന്നാല്‍ ഒരു മാസം മുമ്പ് തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ചേന്നരയില്‍ മദ്ധ്യവയസ്‌കനായ തമിഴ് നാട്ടുകാരനെ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കിയിരുന്നു.പ്രമുഖ രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലായിരുന്നു വിചാരണയും മര്‍ദ്ദനവും. ചേന്നര ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്ന മണികണ്ഠന്‍ ആയിരുന്നു സദാചാര പോലീസിന്റെ ഇര. രണ്ടരപ്പതിറ്റാണ്ടായി നാട്ടുകാര്‍ക്ക് സുപരിചിതനായ മണികണ്ഠന്‍ മദ്രസ്സ വിട്ടു വരികയായിരുന്ന പെണ്‍കുട്ടിയെ റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ചതാണ് കുറ്റം.

പൊതുനിരത്തില്‍ വെച്ചും നേതാവിന്റെ ഡ്രൈവിംങ്ങ് സ്‌കൂളില്‍ എത്തിച്ചും മര്‍ദ്ദിച്ചു.ബാലികയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം.തുടര്‍ന്ന് ഇവര്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.പോലീസെത്തിയാണ് മണികണ്ഠനെ മോചിപ്പിച്ചത്. തിരൂര്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച ഇയാളെ പിന്നീട് മകനോടൊപ്പം പറഞ്ഞു വിടുകയായിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിരുന്നില്ല. മൂന്നു മാസം മുമ്പ് തിരൂരില്‍ത്തന്നെ വികലാംഗയായ ഭിക്ഷക്കാരി പട്ടാപ്പകല്‍ സദാചാര പോലീസിന്റെ മര്‍ദ്ദനത്തിനിരയായി.

sajid11-153587

തമിഴ് നാട്ടുകാരിയായ ഭിക്ഷക്കാരി അന്ന് തിരൂരില്‍ നിന്നും നാടുവിട്ടു.കുട്ടികളെ തട്ടിക്കൊണ്ടുപോവാനെത്തിയ ആളാണെന്നാരോപിച്ച് പൊന്നാനിയില്‍ വൃദ്ധനായ ഭിക്ഷക്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് മൃതപ്രായനാക്കിയതും സമീപ കാലത്താണ്. ഇതിനു മുമ്പും ഒറ്റപ്പെട്ട ആള്‍ക്കൂട്ട വിചാരണയും കൊലപാതകവും ജില്ലയിലുണ്ടായി.വിദേശത്തു നിന്നുമെത്തിയ യുവാവിനെ രാത്രിയില്‍ സംശയാസ്പദ രീതിയില്‍ കണ്ടുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്നത് അരീക്കോടാണ്. തലക്കടത്തൂരില്‍ മോഷ്ടാവിനെ ജനക്കൂട്ടം കല്ലെറിഞ്ഞും തെക്കന്‍ കുറ്റൂരില്‍ മോഷ്ടാവിനെ തെങ്ങില്‍ കെട്ടിയിട്ട് ചവിട്ടിയും കൊലപ്പെടുത്തി. ആള്‍ക്കൂട്ട വിചാരണയും കൊലപാതകങ്ങളും നടന്നാല്‍ പോലീസ് കാര്യമായ നടപടി സ്വീകരിക്കാറില്ല.

സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മനോവിഷമത്താല്‍ ക്ലാരി പണിക്കര്‍പ്പടി പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദാണ്(24) വെള്ളിയാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ ആളുകളുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. കല്‍പ്പകഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മലപ്പുറം എസ്.പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച അര്‍ദ്ധരാത്രി ക്ലാരി മൂച്ചിക്കലിലെ വീടിന് സമീപത്ത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സാജിദിനെ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് കല്‍പ്പകഞ്ചേരി പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഷണക്കുറ്റം ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ പൊലീസിന് കൈമാറിയത്. അടുപ്പമുളള വീട്ടില്‍ പോയതാണെന്ന് യുവാവ് പൊലീസിന് മൊഴിനല്‍കി. തുടര്‍ന്ന് കേസെടുക്കാതെ പൊലീസ് യുവാവിനെ വിട്ടയച്ചു. ഇരുകൂട്ടര്‍ക്കും പരാതി ഇല്ലാഞ്ഞതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് ഭാഷ്യം.

പിടികൂടിയ സമയത്ത് കൈയും കാലും കഴുത്തും ചേര്‍ത്ത് കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിച്ചതോടെ മാനഹാനി കാരണമാണ് സാജിദ് ജീവനൊടുക്കിയതെന്ന് ബ ന്ധുക്കള്‍ പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും സംഭവത്തിന് കാരണക്കാരായ വ്യക്തികളുടെ പേര് പരാമര്‍ശിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇയാളെ മര്‍ദ്ദിച്ചവരെക്കുറിച്ചും ദൃശ്യം പ്രചരിപ്പിച്ചവരെ കുറിച്ചും കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, മര്‍ദ്ദനമേറ്റ യുവാവിനെ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നെന്നും കാര്യമായി പരിക്ക് കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് ഭാഷ്യം. പരാതിയില്ലെന്ന് യുവാവ് പറഞ്ഞത് മൂലമാണ് കേസെടുക്കാതിരുന്നതെന്നും മര്‍ദ്ദന സമയത്ത് എടുത്ത ചിത്രങ്ങള്‍ പ്രചരിക്കാനിടയായതാണ് യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളുണ്ടാവും .

.കല്‍പ്പകഞ്ചേരി എസ് ഐ കെ. ഷണ്‍മുഖന്‍ ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ക്ലാരി മഹല്ല് ജുമുഅ മസ് ജിദില്‍ ഖബറടക്കി. സാജിദ് കൂലിപ്പണിക്കാരനാണ്. മാതാവ്:പരേതയായ മറിയാമു. സഹോദരന്‍: മുഹമ്മദ് ഷാഫി.

Malappuram
English summary
malappuram local news about man's death after mob lynching.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X