പെണ്‍ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി
മലപ്പുറം: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ കൗണ്‍സില്‍യോഗത്തിനെത്തി. പോക്‌സോ കേസിലെ പ്രതി യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി നഗരസഭാ കാര്യാലയ പരിസരത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അയല്‍വാസിയും ബന്ധുവുമായ പത്തു വയസുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോക്‌സോ നിയമപ്രകാരം മഞ്ചേരി നഗരസഭയിലെ മംഗലശേരിയില്‍ നിന്നുള്ള ലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ അറസ്റ്റിലായത്. റിമാന്‍ഡിലായ കുട്ടന്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്.

ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തു വരികയായിരുന്നു. കുട്ടനെ കൗണ്‍സിലില്‍ തുടര്‍ന്നും സഹകരിപ്പിക്കുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ടി.വി. കാണാനെന്ന പേരില്‍ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂള്‍ അധ്യാപകരോടാണ് കുട്ടി വിവരം ആദ്യം അറിയിച്ചത്.
പിന്നീട് ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ പ്രതിയായ കുട്ടനെ ദലിത് ലീഗില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ കുറ്റം തെളിയും വരെ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് നഗരസഭ ഭരണ സമിതി കൈക്കൊണ്ടിരുന്നത്. നഗരസഭാംഗം ആറുമാസം തുടര്‍ച്ചയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തപക്ഷം അംഗത്വം നഷ്ടപ്പെടുമെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇന്നലെ ഭരണപക്ഷം കുട്ടനെ രഹസ്യമായി നഗരസഭാ കൗണ്‍സില്‍ എത്തിച്ചത്. കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പ്രതിപക്ഷാംഗങ്ങള്‍ കുട്ടനെ കാണുന്നത്. ഇതിനകം കുട്ടന്‍ മിനുട്‌സില്‍ ഒപ്പു വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങി പോയെങ്കിലും കൗണ്‍സില്‍ യോഗം തുടരുകയും മതിയായ അംഗബലം ഭരണ പക്ഷത്തിനുള്ളതിനാല്‍ പരിഗണനക്കു വന്ന അജന്‍ഡകള്‍ മൂന്നും പാസ്സാക്കുകയുമായിരുന്നു.












Click it and Unblock the Notifications