കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഇനി സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ്: സംഭവം മലപ്പുറത്ത്!!
മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍പിള്ളയെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റാക്കി. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് എട്ടിനെതിരെ ഒമ്പതു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിമതന്‍ കരുണാകരന്‍പിള്ളയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച കരുണാകരന്‍പിള്ള കോണ്‍ഗ്രസിന്റെ വിപ്പു ലംഘിച്ചാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായത്. സി.പി.എമ്മില്‍ നിന്നും കാലുമാറി അംഗത്വം രാജിവെച്ച് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിച്ച സി.എച്ച് സുലൈമാന്‍ഹാജിയെയാണ് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിച്ചത്.

17 അംഗങ്ങളുള്ള പോത്തുകല്‍ പഞ്ചായത്തില്‍ ഒമ്പത് അംഗങ്ങളുമായി കോണ്‍ഗ്രസിലെ കരുണാകരന്‍പിള്ളയായിരുന്നു പ്രസിഡന്റായിരുന്നത്. ഞെട്ടിക്കുളം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം താര മരണപ്പെട്ടതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വിജയിച്ചതോടെ എട്ടംഗങ്ങളുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഒമ്പതു സീറ്റായി ഭരണവും ലഭിച്ചു. മുമ്പ് കോണ്‍ഗ്രസില്‍ നിന്നും കാലുമാറി സി.പി.എമ്മിലെത്തിയ സി. സുഭാഷിനെയാണ് പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന പാര്‍ട്ടിഅംഗം സി.എച്ച് സുലൈമാന്‍ഹാജി പാര്‍ട്ടി ഭാരവാഹിത്വവും പഞ്ചായത്തംഗത്വവും രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് സുലൈമാന്‍ഹാജി വിജയിച്ചതോടെ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനായി ഭൂരിപക്ഷം.
സുലൈമാന്‍ഹാജിയെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതോടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍പിള്ള കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ച് സി.പി.എം പാളയത്തിലെത്തി. കരുണാകരന്‍പിള്ള പഞ്ചായത്ത് പ്രസിഡന്റായെങ്കിലും കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ചതിന് കൂറുമാറ്റ നിയമപ്രകാരം ആയോഗ്യനാക്കപ്പെടും. എന്നാല്‍ ഇതിനുള്ള സമയപരിധി വരെ പഞ്ചായത്ത് ഭരിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷണന്റെ അയോഗ്യത വന്നാലും കോടതിയില്‍ ചോദ്യം ചെയ്യാം. അപ്പോഴേക്കും പഞ്ചായത്ത് ഭരണസമിതിയും കാലാവധി കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. കരുണാകരന്‍പിള്ളക്കാവട്ടെ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പഞ്ചായത്ത് പ്രസിഡന്റാകാനുള്ള അപൂര്‍വ്വ അവസരവും ലഭിച്ചു.
പോത്തുകല്ലില്‍ ഇരു മുന്നണികളുടെയും പ്രസിഡന്റായി സി കരുണാകരന്‍ പിള്ള. 2015-നവംബറില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പതിനേഴ് വാര്‍ഡുകളുള്ള പോത്തുകല്ലില്‍ ഒന്‍പത് സീറ്റുകളോടെ യു.ഡി.എഫാണ് അധികാരത്തില്‍ വന്നത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സി കരുണാകരന്‍ പിള്ള തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ ഞെട്ടിക്കുളം വാര്‍ഡംഗമായിരുന്ന കോണ്‍ഗ്രസിലെ താര അനില്‍ 2016-ല്‍ മരണപ്പെട്ടതിനത്തെുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി വിജയിക്കുകയും ഭരണം ഇടതിന് ലഭിക്കുകയുമായിരുന്നു. തുടര്‍ന്ന് സി.പി.എമ്മിലെ സി. സുഭാഷ് പ്രസിഡന്റായി. പ്രസിഡന്റ് നിര്‍ണയത്തില്‍ അവഗണന നേരിട്ടതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന അംഗം സി.എച്ച്. സുലൈമാന്‍ ഹാജി ആദ്യം പാര്‍ട്ടി സ്ഥാനങ്ങളും പിന്നീട് പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. ഇതോടെ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ സുലൈമാന്‍ ഹാജി പോത്തുകല്‍ വാര്‍ഡില്‍ വിജയം നിലനിര്‍ത്തി. ഇതോടെ ഭൂരിപക്ഷം നഷ്ടമായ പ്രസിഡന്റ് സി.പി.എമ്മിലെ സി. സുഭാഷ് സ്ഥാനം രാജിവെച്ചു. ഈ ഒഴിവിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്.
നിലവില്‍ കോണ്‍ഗ്രസിലെ സി. കരുണാകരന്‍ പിള്ള എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന് അറിയിച്ച് രംഗത്തുവരികയും കോണ്‍ഗ്രസിലെ സംഘടനാ പദവികള്‍ ഒഴിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വൈസ് പ്രസിഡന്റ് വത്സല അരവിന്ദനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും കരുണാകരന്‍ പിള്ള പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നങ്കിലും വിട്ടുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications