കൊലക്കേസ് പ്രതികളായ അന്‍വര്‍ എംഎല്‍എയുടെ സഹോദരി പുത്രന്‍മാരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായംതേടാനൊരുങ്ങി പോലീസ്, പ്രതികള്‍ വിദേശത്തെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: എടവണ്ണ മനാഫ് കൊലക്കേസിലെ പ്രതികളായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരി പുത്രന്‍മാരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായംതേടാനൊരുങ്ങി പോലീസ്, പ്രതികള്‍ വിദേശത്താണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നത്. അതേ സമയം ഏറെ കോളിളക്കം സൃഷ്ടിച്ച വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ ഇന്നലെ മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി.
ഡിഎംഡികെ നേതാവും തമിഴ് നടനുമായ ക്യാപ്റ്റൻ വിജയകാന്ത് ആശുപത്രിയിൽ, അഭ്യൂഹങ്ങൾ പരത്തരുതെന്ന് ഡിഎംഡികെ
എളമരം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇനി ഈ കേസില്‍ പിടികൂടാനുള്ള പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരി പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവരാണ്. വിദേശത്തു കഴിയുന്ന ഇവരെ പിടികൂടാനാണ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഉദ്ദേശിക്കുന്നത്.

1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വെച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. നിലവില്‍ എം എല്‍ എയായ പി വി അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. എന്നാല്‍ ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറുമാറിയതിനെ തുടര്‍ന്ന് 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. സംഭവം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് ഇക്കഴിഞ്ഞ മെയ് 30ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രതികളിലൊരാളായ മുനീബ് പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നതായും മനാഫിന്റെ സഹോദരന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഒളിവിലായിരുന്ന നാല് പ്രതികള്‍ക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാണമെന്നും മൂന്നു മാസത്തിനകം കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് രണ്ടു പേര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്. 1995ല്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം പൊലീസ് 2001ലാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനിടയില്‍ പ്രതികള്‍ ജോലി തേടി വിദേശത്തേക്ക് പോകുകയായിരുന്നു.
2009ല്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി വിധി വന്നുവെങ്കിലും വിചാരണക്ക് ഹാജരാകാത്തതിനാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കു മേലുള്ള കേസില്‍ തീര്‍പ്പുണ്ടായില്ല. എന്നാല്‍ മുഖ്യ പ്രതികള്‍ മൊത്തം കുറ്റവിമുക്തരായതിനാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചതുമില്ല. ഇന്നലെ റിമാന്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെപ്തംബര്‍ മൂന്നിന് കോടതി പരിഗണിക്കും.












Click it and Unblock the Notifications