കടലുണ്ടിപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: തിരൂരങ്ങാടി കടലുണ്ടിപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി തെയ്യിലക്കടവ് മൂഴിക്കലിലാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ പുഴിയിലുണ്ടായിരുന്ന മീന്‍പിടുത്തക്കാരാണ് മൃതദേഹം കണ്ടത്. ഒഴുകിയെത്തിയ മൃതദേഹം പുഴിയരികിലെ പുല്‍ക്കാട്ടില്‍ തങ്ങിനില്‍ക്കുകയായിരുന്നുവെന്ന് മീന്‍പിടുത്തക്കാര്‍ പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളത്തുണിയില്‍പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുതദേഹം തിരൂരങ്ങാടി പോലീസാണ് കരക്കെത്തിച്ചത്. തുടര്‍ന്ന് നീല ടാര്‍പായയില്‍വെച്ചുപരിശോധന നടത്തി. സംഭവം അറിഞ്ഞ് ചേളാരി തെയ്യിലക്കടവ് മൂഴിക്കലില്‍ നിരവധി ആളുകള്‍ തടിച്ചു കൂടി. തുടര്‍ന്നുനാട്ടുകാരുടെ നേതൃത്വത്തില്‍ ചെറിയ അന്വേഷണങ്ങള്‍ നടന്നെങ്കിലും ഒരുവിവരവും ലഭിച്ചില്ല.
അടുത്തുള്ള വീടുകളും ഇതിനുസമീപം കൃഷിചെയ്യുന്നവരുടെ അടക്കം മൊഴിയെടുത്ത് തുടര്‍ദിവസങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കും. ഇതിന് പുറമെ ഇന്നലെ തിരൂര്‍ പുഴയിലും അജ്ഞാത ജഡം കണ്ടെത്തി. പൊറൂര്‍ ഭാഗത്താണ് പുരുഷന്റെ ജഡം കണ്ടെത്തിയത്.പാന്റും ഷര്‍ട്ടും ധരിച്ച നിലയിലുള്ള ജഡം ജീര്‍ണ്ണിച്ചിരുന്നു. ഫയര്‍ഫോഴ്‌സാണ് മൃതദേഹം കരയിലേക്കെടുത്തത്. തിരൂര്‍ പോലീസ് കേസെടുത്തു.


Click it and Unblock the Notifications