മഞ്ചേരി ടൗണിലെ തീപിടുത്തം: തീ അണക്കാനായത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
മലപ്പുറം: മഞ്ചേരി ടൗണില്‍ ഇന്നലെയുണ്ടായ തീപിടുത്തം അണക്കാനായത് നാല് മണിക്കൂറിന്റെ പരിശ്രമത്തിനൊടുവില്‍, അരക്കോടി രൂപയുടെ നാശനഷ്ടം. മഞ്ചേരി കോര്‍ട്ട് റോഡിലുണ്ടായ അഗ്‌നിബാധയില്‍ പാദരക്ഷ വിപണന കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു. മലപ്പുറം റോഡില്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലതര്‍ പ്ലാനറ്റ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. രാവിലെയോടെ തീയും പുകയും ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അഗ്‌നിശമന രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു നടത്തിയ പരിശ്രമത്തിനൊടുവില്‍ നാലു മണിക്കൂറിനു ശേഷമാണ് തീയണക്കാനായത്.
അങ്ങാടിപ്പുറം സ്വദേശി പട്ടാണി വീട്ടില്‍ എസ് എ അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൂന്നു നില കെട്ടിടത്തിന്റെ അടിവശത്ത് 40 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയിലുമുള്ള മുറിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങള്‍ കുറവായിരുന്ന സ്ഥാപനത്തിലെ അഗ്‌നിബാധ ഏറെ വൈകിയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അതിശക്തമായ മഴ മൂലം കെട്ടിടത്തിന്റെ നിലയറയില്‍ വെള്ളം കെട്ടിനിന്നിരുന്നു. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായതാണ് അഗ്നിബാധക്കിടയാക്കിയതെന്ന് കരുതുന്നു. വിവരമറിഞ്ഞയുടന്‍ മഞ്ചേരി അഗ്‌നി രക്ഷ സേനയുടെ ഒരു വാട്ടര്‍ ടെണ്ടര്‍ സംഭവ സ്ഥലത്തെത്തി തീ പടരുന്നത് നിയന്ത്രണവിധേയമാക്കി. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും തീ പടരാനുള്ള സാഹചര്യം മുന്‍നിര്‍ത്തി മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കോഴിക്കോട് ബീച്ച് എന്നീ അഗ്നി ശമന കേന്ദ്രങ്ങളിലെ സേനയുടെ സഹായത്തോടെയാണ് നീണ്ട നാല് മണിക്കൂറുകള്‍ക്കു ശേഷം തീ നിയന്ത്രണ വിധേയമാക്കിയത് .

കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗവും പൂര്‍ണ്ണമായും കെട്ടി അടച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തു പ്രവേശിക്കാനായില്ല. വായു സഞ്ചാരം ഇല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ ഭിത്തി പൊളിച്ച് ശ്വസന സഹായികളുടെ സഹായത്തോടെ അകത്തെത്തിയാണ് സേനാംഗങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. കടയിലുണ്ടായിരുന്ന പാദരക്ഷകളും ബാഗുകളുമടക്കം എല്ലാ സാമഗ്രികളും കത്തി നശിച്ചു. ജില്ല ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍, മഞ്ചേരി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഇ കെ അബ്ദുല്‍ സലീം എന്നിവരുടെ നേതൃത്വത്തില്‍ 43 അഗ്നി-രക്ഷാ സേനാ അംഗങ്ങളും 8 അഗ്നി-രക്ഷാ വാഹനങ്ങളും ദൗത്യത്തില്‍ പങ്കാളിയായി. അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് കെട്ടിടത്തിലെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നില്ല. രക്ഷാ പ്രവര്‍ത്തനത്തില്‍ നാട്ടുകാരും മഞ്ചേരി പോലിസും ട്രോമ കെയര്‍ വളണ്ടിയര്‍മാരും പങ്കെടുത്തു.












Click it and Unblock the Notifications