മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്‍വര്‍ എംഎല്‍എയുടെ കരാറുകാരന്റെ അനധികൃത വില്ല നിര്‍മ്മാണസ്ഥലത്തും ഉരുള്‍പൊട്ടല്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിലുണ്ടായ ഉരുള്‍പൊട്ടല്‍ ഭീതിക്ക് പുറമെ അദ്ദേഹത്തിന്റെ കാന്റീന്‍ കരാറുകാരന്റെ അനധികൃത വില്ല നിര്‍മ്മാണസ്ഥലത്തും ഉരുള്‍പൊട്ടി. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ അതീവപരിസ്ഥിതി ലോല പ്രദേശത്ത് മലയിടിച്ച് അനധികൃത വില്ല നിര്‍മ്മാണം നടത്തുന്നിടത്താണ് ഉരുള്‍പൊട്ടിയത്.

വനഭൂമിയിലെ ജണ്ട തകര്‍ത്ത് ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ റോഡ് വെട്ടി അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് നാല് മാസം മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയ സ്ഥലത്ത് വീണ്ടും നിര്‍മാണം പുനരാരംഭിച്ചപ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്.

landsliding-


വില്ല നിര്‍മ്മാണം നടക്കുന്നിടത്തുനിന്നും 100 മീറ്റര്‍ മാറിയാണ് മലവെള്ളപാച്ചിലില്‍ ഉരുള്‍പൊട്ടിയത്. ഇതിന് 300 മീറ്റര്‍ താഴ്ചയില്‍ ക്വാറിക്കായി കണ്ടെത്തിയ സ്ഥലത്തും ഉരുള്‍പൊട്ടലുണ്ടായി. ഏതാണ്ട് ഒരു കിലോമീറ്റര്‍ താഴ്ചയിലേക്ക് മരങ്ങളും പാറക്കഷ്ണങ്ങളും ഒലിച്ചെത്തി. മണ്ണുമാന്തിഉപയോഗിച്ച് വനാതിര്‍ത്തിയിലൂടെ വെട്ടിയുണ്ടാക്കിയ മണ്‍റോഡ് പലയിടത്തും ഒലിച്ചുപോവുകയും ചെയ്തു. ഒരാഴ്ചടമുമ്പുണ്ടായ ഉരുള്‍പൊട്ടല്‍ വിവരം സ്ഥലം സന്ദര്‍ശിച്ച കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും സംഘവും മറച്ചുവെക്കുകയും ചെയ്തു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ കാന്റീന്‍ നടത്തിപ്പുകാരനായ പാലക്കാട് സ്വദേശി അലിയാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വില്ലകള്‍ നിര്‍മ്മിക്കുന്നത്. ഏഴ് ഏക്കര്‍ വിലക്കുവാങ്ങിയാണ് 37 വില്ലകള്‍ പണിയുന്നത്. നാലു വില്ലകളുടെ അസ്ഥിവാരം പൂര്‍ത്തിയാക്കി കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശമാണിത്. ഇവിടെ 20 ഡിഗ്രി ചെരുവില്‍ മഴക്കുഴിപോലും പാടില്ല. എന്നാല്‍ ഇവിടെ 70 ഡിഗ്രി ചെരുവിലാണ് കീഴ്ക്കാംതൂക്കായ മലവാരത്ത് വില്ലകള്‍ പണിതുയര്‍ത്തുന്നത്. താമരശേരി റെയ്ഞ്ചിനു കീഴില്‍ നിത്യഹരിത വനമേഖലയായ അകമ്പുഴ വനത്തിനോട് ചേര്‍ന്നാണ് നിര്‍മ്മാണങ്ങള്‍. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഇവിടെ വര്‍ഷം മുഴുവന്‍ കോടമഞ്ഞുമൂടി തണുപ്പുള്ള കാലാവസ്ഥയാണ്. വനഭൂമിയുടെ ജണ്ട തകര്‍ത്ത് റോഡ് വെട്ടിയുള്ള നിര്‍മ്മാണത്തിനെതിരെ ഒരു നടപടിയും വനംവകുപ്പും സ്വീകരിച്ചിട്ടില്ല.

Malappuram
English summary
malappuram local news land sliding in illegal villa plot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X