മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലയിലെ പ്രളയം സംബന്ധിച്ച സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ഗുരുതര വീഴ്ചയെന്ന് മുസ്ലിംലീഗ്, മന്ത്രി ജലീലിനെ ചുമതലയില്‍ നിന്ന് മാറ്റണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ പഞ്ചായത്ത് വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രളയ ബാധിത പ്രദേശങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ മാത്രമായി ചുരുങ്ങിയത് അതീവ ഗുരുതരമായ വീഴ്ചയാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ആരോപിച്ചു.

<strong>മഹാപ്രളയം ഒഴിവാക്കാമായിരുന്ന ദുരന്തം; മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്</strong>മഹാപ്രളയം ഒഴിവാക്കാമായിരുന്ന ദുരന്തം; മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്

മലപ്പുറം ജില്ലയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മന്ത്രി കെ.ടി ജലീല്‍ ഈ സംഭവത്തെ കുറിച്ച് 'ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല' എന്നാണ് പ്രതികരിച്ചത്. അദ്ദേഹം കൂടി അംഗമായിട്ടുള്ള ഒരു മന്ത്രി സഭയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവ: ന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിനെ കുറിച്ച് വളരെ നിരുത്തരവാദപരമായ പ്രതികരണമാണിത്.

KT Jallel

ഇത് ആരും കെട്ടി ചമച്ച വാര്‍ത്തയല്ല. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ട വിവരമാണ്. മലപ്പുറം ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയവും സൗകര്യവും സന്‍മനസ്സുമുള്ള മറ്റൊരു മന്ത്രിയെ ചുമതല ഏല്‍പ്പിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

ജില്ലയിലെ 90% പ്രദേശങ്ങളിലും പ്രളയ ദുരിതം ബാധിച്ചിട്ടുണ്ട്. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപുഴ, തൂത പുഴ, ഒലിപ്പുഴ, കരിമ്പുഴ, വള്ളിയാര്‍പുഴ, തിരൂര്‍ പുഴ, ചെറുപുഴ, തുടങ്ങിയ പ്രധാനപുഴകളുടെയും ഇവയിലേക്ക് വെള്ളം ഒഴുകി വരുന്ന കൈവഴികളുടെയും കരകളില്‍ താമസിക്കുന്ന മുഴുവന്‍ ജനങ്ങളും പ്രദേശങ്ങളും പ്രളയ കൊടുതിയുടെ ഇരകളാണ്.

ഇത്തരമൊരു പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് നല്‍കുന്നതിന് അവലംബിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പോലുള്ള വളരെ ഗൗരവമുള്ള വിഷയം വളരെ അശ്രദ്ധമായും ലാഘവത്തോടെയുമാണ് ഉന്നതതലങ്ങളില്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് സര്‍ക്കാര്‍ വെബ് സൈറ്റിലെ വെളിപ്പെടുത്തല്‍.

ഇങ്ങിനെയൊരു പ്രഖ്യാപനം ജില്ലാ കലക്ടറും അറിയില്ല എന്നാണ് മുസ്ലിം ലീഗ് പ്രതിനിധി സംഘത്തോട് അദ്ദേഹം പറഞ്ഞത്. സംസ്ഥാന ഗവ:ന്റെ മലപ്പുറം ജില്ലയിലെ ഔദ്യോഗികവും ആധികാരികവുമായ വക്താവായ ജില്ലാ കലക്ടര്‍ പോലും അറിയാതെ സംസ്ഥാന ഗവ:ന്റെ വെബ് സൈറ്റില്‍ ഇത്തരമൊരു വിവരം പ്രസിദ്ധീകരിച്ചുവെങ്കില്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് മുസ്ലിംലീഗ് ആേരാപിച്ചു.

മലപ്പുറം ജില്ലയില്‍ പ്രളയം മൂലം കഷ്ട നഷ്ടങ്ങള്‍ അനുഭവിച്ചവര്‍ക്ക് ലഭ്യമാവേണ്ട നഷ്ടപരിഹാരങ്ങളൂം ആശ്വാസ പദ്ധതികളും യഥാ സമയം ലഭ്യമാവാതിരുന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കും അതിനുത്തരവാദി എന്ന് മുസ്ലിം ലീഗ് കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ഇത്തരം ഗൗരവമുള്ള വിഷയങ്ങള്‍ ശ്രദ്ധിക്കാനും ഇടപെടാനും മന്ത്രിക്ക് കഴിയുന്നില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. ഓഗസ്റ്റ് 20നാണ് പഞ്ചായത്ത് വകുപ്പിന്റെ വെബ് സൈറ്റില്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

പിന്നീട് അപ്പ്‌ഡേറ്റ് ചെയ്യാത്തതാണ് ഈ അപാകതക്ക് കാരണമെന്ന അഴ കൊഴമ്പന്‍ മറുപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. 20-ാം തിയ്യതിക്കും എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയൊന്നാകെ പ്രളയ ജലത്തില്‍ മുങ്ങിയിരിക്കുകയായിരുന്നു. 20ന് ജലനിരപ്പ് താഴ്ന്ന് വെള്ളമൊഴിഞ്ഞ് വീടുകള്‍ വൃത്തിയാക്കി പലരും വീടുകളില്‍ താമസം തുടങ്ങിയിരുന്നു. സത്യം ഇതായിരിക്കെ ഉന്നത തലത്തിലേക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ടുകള്‍ യഥാസമയം അയച്ച് കൊടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.

യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കേണ്ട ഗുരുതരമായ സ്ഥിതി വിശേഷം നിലനില്‍ക്കുന്ന പ്രളയ കെടുതിയുടെ വിവര ശേഖരണത്തില്‍ 10 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ വെബ് സൈറ്റിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടില്ല എങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ വമ്പിച്ച പരാജയം മാത്രമായേ ഈ സംഭവത്തെ കാണാന്‍ കഴിയൂ. ഈ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രളയ ദുരിതാശ്വാസത്തിന്റെ ഏകോപന ചുമതലയുള്ള ജില്ലയിലെ മന്ത്രിക്ക് മാറി നില്‍ക്കാനാവില്ല.

ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും പ്രളയത്തില്‍ ജില്ലയൊന്നാകെ മുങ്ങി പോവുകയും ചെയ്ത് ദിവസങ്ങള്‍ കുറെ കഴിഞ്ഞ് 10 ദിവസത്തിന് ശേഷം ജലവിതാനം താഴ്ന്ന് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിന് ശേഷം 23നാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മന്ത്രി ഒരു അവലോകന യോഗം പോലും വിളിച്ച് ചേര്‍ത്തത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയില്‍ ആകെ 5 പഞ്ചായത്തുകളെ മാത്രമെ പ്രളയം ബാധിച്ചിട്ടുള്ളു എന്ന സര്‍ക്കാര്‍ വെബ് സൈറ്റിലെ വെളിപ്പെടുത്തല്‍കൂടി ഉണ്ടായിട്ടുള്ളത്. പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ജനങ്ങള്‍ നല്‍കിയ സംഭാവനയിലൂടെ സര്‍ക്കാര്‍ സമാഹരിച്ച ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന വിവിധ സഹായങ്ങള്‍ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍മാരിലൂടെ വിതരണം ചെയ്യുന്നതിന്ന് ഉദ്യോഗസ്ഥര്‍ സൗകര്യം ഒരുക്കുന്നതിനായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പ്രളയത്തിന്ന് പുറമെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പ്രളയം കൂടി ഉണ്ടാവുമെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ നടക്കേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങളെയും ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിക്കും.

യോഗത്തില്‍ ജന; സെക്രട്ടറി അഡ്വ: യു.എ ലത്തീഫ്, മറ്റ് ഭാരവാഹികളായ എം.എ ഖാദര്‍, എം.അബ്ദുള്ളക്കുട്ടി, അഷ്‌റഫ് കോക്കൂര്‍, പി.എ റഷീദ്, സി.മുഹമ്മദലി, എം.കെ ബാവ, ഉമ്മര്‍ അറക്കല്‍, ഇസ്മായീല്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുറഹ്മാന്‍, പി.പി സഫറുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രളയക്കെടുതികളുടെ ദുരന്തമുണ്ടാക്കിയ കണ്ണീര്‍ കയത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ച് കൊണ്ടിരുന്ന ആയിരക്കണക്കിന് പാവപ്പെട്ട വരെ സര്‍ക്കാര്‍, ലീസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇതിനെതിരെ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിക്കുന്നതിന് മുസ്ലിം ലീഗ് തീരുമാനിച്ചു.

Malappuram
English summary
Malappuram Local News about Muslim League against KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X