സമസ്തയുടെ കേന്ദ്രമുശാവറ അംഗവും പ്രമുഖ സുന്നി പണ്ഡിതനുമായ പി.കുഞ്ഞാണി മുസ്ലിയാര്‍ അന്തരിച്ചു
സമസ്തയുടെ കേന്ദ്രമുശാവറ അംഗവും പ്രമുഖ സുന്നി പണ്ഡിതനുമായ പി.കുഞ്ഞാണി മുസ്ലിയാര്‍ അന്തരിച്ചു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്ലിയാര്‍(78) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഇന്ന് രാത്രി ഏഴരയോടെയാണ് മരണപ്പെട്ടത്.
പരേതനായ പൊറ്റയില്‍ ഉണ്ണമായീന്‍ മുസ്്ലിയാര്‍, ഉമ്മാച്ചുട്ടി ദമ്പതികളുടെ മകനായി മേലാറ്റൂര്‍ അത്താണിക്കലില്‍ 1940 ഡിസംബര്‍ 29ന് ജനിച്ച പൊറ്റയില്‍ മുഹമ്മദ് എന്ന കുഞ്ഞാണി മുസ്്ലിയാര്‍ കര്‍മശാസ്ത്ര രംഗത്ത് പ്രഗല്‍ഭ പണ്ഡിതനായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മലപ്പുറം ജില്ലാ ജന. സെക്രട്ടറിയുമായ അദ്ദേഹം സുന്നി മഹല്ല് ഫെഡറേഷന്‍(എസ്.എം.എഫ്)മലപ്പുറം ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്, പെരിന്തല്‍മണ്ണ താലൂക്ക് വൈസ് പ്രസിഡന്റ്, മേലാറ്റൂര്‍ പഞ്ചായത്ത്്- മേഖലാ പ്രസിഡന്റ്, ജാമിഅഃ നൂരിയ്യ അറബിയ്യ മുദരിസ്, ജോ.സെക്രട്ടറി, ദാറുല്‍ഹികം ഇസ്ലാമിക് സെന്റര്‍ വര്‍ക്കിങ് പ്രസിഡന്റ്, ദാറുന്നജാത്ത് കരുവാരക്കുണ്ട് വൈസ് പ്രസിഡന്റ്, പുത്തനഴി,കിഴക്കുംപാടം, മേലാറ്റൂര്‍ ഹൈസ്‌കൂള്‍പടി എന്നീ മഹല്ലുകളിലെ ഖാസി, എടപ്പറ്റ ഏപ്പിക്കാട്, പുളിയക്കോട് മൈനര്‍ ബസാര്‍, ആഞ്ഞിലങ്ങാടി എന്നിവിടങ്ങളിലെ മേല്‍ഖാസി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്്. ഖബറടക്കം വ്യാഴായ്ച്ച ഉച്ചയ്ക്ക് 12.30ന് എടപ്പറ്റ മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
1940 ഡിസംബര്‍29-ന് ജനനം
1940 ഡിസംബര്‍29-ന് പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്ലിയാരുടെയും പുതുക്കൊള്ളി ഉമ്മു ആയിശകുട്ടി(ഉമ്മാച്ച കുട്ടി) യുടെ മകനായി കരുവാരക്കുണ്ടിനടുത്ത് പുത്തനഴി പുത്തന്‍കുളത്തെ തറവാട്ടുവീട്ടില്‍ ജനനം. കാപ്പ്കൊളപ്പറമ്പ് സ്വദേശിനി പി.സഫിയ്യയാണ് കുഞ്ഞാണിമുസ്ലിയാരുടെ സഹധര്‍മ്മിണി.എം.എസ്.എഫ് മുന്‍ സംസ്ഥാന ജ.സെക്രട്ടറിയും നിലവില്‍ സംസ്ഥാന മുസ്ലിംയൂത്ത്ലീഗ് ട്രഷററുമായ പി.എം ഹനീഫ് ഉള്‍പ്പെടെ അഞ്ചു മക്കള്‍.
പൊന്നാനിയില്‍ നിന്നെത്തിയ ഖാളി കുടുംബം, പൊന്നാനിയായിരുന്നു ഏറെകാലം കേരളത്തിലെ ഇസ്ലാമിക വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രം. മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖാളിമാരേയും ഖത്തീബുമാരേയും അയച്ചു കൊടുത്തിരുന്നതും പൊന്നാനിയില്‍ നിന്നായിരുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി എത്തിപ്പെടുന്നവര്‍ അവിടെതന്നെ സ്ഥിരതാമസമാക്കുകയും നാട്ടുകാരുടെ സ്നേഹാദരവുകള്‍ പറ്റി ആ നാടിന്റെ ഭാഗമായി തീരുകയുമാണ് പതിവ്. അങ്ങിനെ വള്ളുവനാട് ഭാഗത്തേക്ക് ഖാളിമാരായി വന്നവരുടെ തലമുറയാണ് കുഞ്ഞാണി മുസ്ലിയാരുടെ പൊറ്റയില്‍ തറവാട്. മുസ്ലിയാരകത്ത്, ഓടക്കല്‍ തുടങ്ങിയ കുടുംബപരമ്പരകളും ഇങ്ങനെ പൊന്നാനിയില്‍ നിന്നെത്തിയ ഖാളി കുടുംബാംഗങ്ങളാണ്.
പിതാമഹന്മാരില്‍ ആരോ ഈ ഭാഗത്തേക്ക് ഖാളിയായി നിശ്ചയിക്കപ്പെടുകയും അങ്ങനെ ഈ പ്രദേശത്തിന്റെ ആത്മീയനേതൃത്വം ഏറ്റെടുത്ത് ഈ മണ്ണിന്റെ ഭാഗമായിത്തീരുകയും ചെയ്തു. പൊന്നാനി മഖ്ദും കുടുംബത്തിലേക്കാണ് ഇവരുടെയെല്ലാം വേരുകള്‍ വന്നുചേരുന്നത്. കുഞ്ഞാണി മുസ്ലിയാരുടെ പിതാമഹന്‍മാരെല്ലാം പ്രസിദ്ധരായ പണ്ഡിതന്‍മാരായിരുന്നു. പിതാവ് ഉണ്ണിമോയിന്‍ മുസ്ലിയാര്‍ ഭഅസ്മാഅ്' ചികില്‍സയില്‍ പ്രഗല്‍ഭനായിരുന്നു. പിശാച് ബാധയേറ്റയാളുടെ തലയില്‍ കത്തി അടിച്ചുകയറ്റി ബാധയൊഴിപ്പിക്കുന്ന ചികില്‍സാരീതി വരെ അദ്ദേഹത്തിനറിയാമായിരുന്നു.
പഠനകാലം
ഓത്ത് പള്ളികളായിരുന്നു അന്നത്തെ പഠനകേന്ദ്രങ്ങള്‍. ഖുര്‍ആന്‍ പഠനത്തോടൊപ്പം ഭമഈനത്തുല്‍ ഇസ്ലാം' എന്ന പേരില്‍ ഇസ്ലാം കാര്യങ്ങള്‍, ഈമാന്‍ കാര്യങ്ങള്‍ നിത്യജീവിതത്തില്‍ അത്യാവശ്യമായ കാര്യങ്ങള്‍, മൗലൂദ് കിതാബുകള്‍, ബദ്ര്‍ ബൈത്ത് എന്നിവയൊക്കെയാണ് അന്ന് ഓത്ത് പള്ളികളില്‍ വെച്ച് പഠിപ്പിച്ചിരുന്നത്. മൗലൂദ് ബൈത്തുകള്‍ കാണാതെ ചൊല്ലാന്‍ പഠിപ്പിക്കുക അന്നത്തെ ഒരു രീതിയായിരുന്നു. തന്റെ എട്ടാമത്തെ വയസ്സില്‍ പുലാമന്തോള്‍ സ്വദേശി മയമുണ്ണി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നുകൊണ്ടാണ് ദര്‍സ് പഠനത്തിന് തുടക്കമിടുന്നത്.
പിന്നെ വള്ളിക്കാപ്പറ്റ കോയണ്ണി മുസ്ലിയാരുടെ കീഴില്‍ എടപ്പറ്റ, ഏപീക്കാട് എന്നീ സ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തോളം ഓതി താമസിച്ചെങ്കിലും തന്റെ അടങ്ങാത്ത വിജ്ഞാനതൃഷ്ണ കൂടുതല്‍ നല്ല ദര്‍സും ഏറ്റവും നല്ല ഗുരുവര്യരെയും തേടിപോകാന്‍ കുഞ്ഞാണി മുസ്ലിയാര്‍ക്ക് പ്രചോദനമായി. അങ്ങനെയാണ് പ്രമുഖപണ്ഡിതനും സൂഫിവര്യനുമായ അരിപ്ര സി.കെ.മൊയ്തീന്‍ ഹാജിയുടെ ദര്‍സിലെത്തുന്നത്. അടുത്തവര്‍ഷം തലശ്ശേരിക്കടുത്ത പുല്ലൂക്കര ദര്‍സില്‍ ചേര്‍ന്നെങ്കിലും ഒരു പ്രത്യേകതരം പനി പടര്‍ന്നുപിടിച്ചത് കാരണം അവിടെ കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഏതാനും മാസങ്ങള്‍ തുവ്വൂരിലെ കുഞ്ഞിമുസ്ലിയാരുടെ ദര്‍സില്‍ പഠിച്ചു. ശൈഖുനാ കെ.സി.ജമാലുദ്ദീന്‍ മുസ്ലിയാരുടെ കൂടെയായിരുന്നു അടുത്തത്.
കരുവാരക്കുണ്ടിലും പയ്യനാട്ടുമായി ഓരോ വര്‍ഷങ്ങള്‍. പിറ്റെ വര്‍ഷം പ്രമുഖപണ്ഡിതന്‍ ഒ.കെ.ഉസ്താദിന്റെ ചാലിയത്തെ ദര്‍സില്‍ ഒരു വര്‍ഷം. വീണ്ടും കെ.സി. ജമാലുദ്ദീന്‍ മുസ്ലിയാരുടെകൂടെ കരുവാരകുണ്ട് ദര്‍സിലേക്ക്. അടുത്തവര്‍ഷം ബാഖിയാത്തില്‍ പോകാനായിരുന്നു പരിപാടിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ബ്ബല്യമോ മറ്റോ കാരണം ബാഖിയത്ത് അടച്ചിട്ടതിനാല്‍ ആ ലക്ഷ്യം സഫലമാകാതെ പോവുകയും കെ.സി.ഉസ്താദ് ഹജ്ജിന് പോവുകയും ചെയ്തതിനാല്‍ അല്‍പകാലം ഉസ്താദ് കുട്ടി മുസ്ലിയാര്‍ ഫള്ഫരിയുടെ പൊടിയാട്ടെ ദര്‍സില്‍ ചേര്‍ന്നു. ഹജ്ജിന് ശേഷം വീണ്ടും കെ.സി. ഉസ്താദിന്റെ കൂടെതന്നെ ചേര്‍ന്നു. അടുത്ത വര്‍ഷം ബാഖിയാത്തില്‍ പോയി. രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം 1965-ല്‍ ബാഖിയാത്തില്‍ നിന്നു പിരിഞ്ഞു.
അധ്യാപന ജീവിതം
1965-ല്‍ മഞ്ചേരിക്കടുത്ത മുടിക്കോട് ജമുഅ മസ്ജിദില്‍ മുദരിസായികൊണ്ടാണ് കുഞ്ഞാണി മുസ്ലിയാര്‍ തന്റെ അധ്യാപന ജീവിതത്തിന് തുടക്കമിടുന്നത്. ഉയര്‍ന്ന കിതാബുകള്‍, ഓതുന്ന മുതിര്‍ന്ന കുട്ടികള്‍ അടക്കം 27 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു ആ ദര്‍സില്‍. ആ പ്രദേശത്തുകാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ വേറെയും. സ്വന്തം നാടായ പുത്തനഴിയിലാണ് പിന്നീട് അദ്ദേഹം ദര്‍സ് തുടങ്ങിയത്. ബിരുദധാരികളും അല്ലാത്തവരുമായ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ നിത്യസന്ദര്‍ശകരായി. സമീപപ്രദേശങ്ങളിലെ മുദരിസുമാര്‍ക്കും ഖാളിമാര്‍ക്കുമെല്ലാം സംശയങ്ങള്‍ തീര്‍ക്കാനും മസ്അലകളുടെ കുരുക്കഴിക്കാനും ഒരു ആശ്വാസതുരുത്തും അഭയകേന്ദ്രവുമായി ഈ പ്രദേശവും ഇവിടുത്തെ ഈ മഹാ ഗുരുവര്യനും മാറി. അന്നുമുതല്‍ ഇതുവരെ നാലര പതിറ്റാണ്ടിലതികമായി ഈ പ്രദേശത്തുകാരുടെ ഖാളിയും മുദരിസുമായി കുഞ്ഞാണി മുസ്ലിയാര്‍ ഉണ്ട്.
കര്‍ഷകനായ പണ്ഡിതന്‍
സാധാരണ പണ്ഡിതരെപ്പോലെ ജോലി കഴിഞ്ഞുവന്ന് വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനൊന്നും കുഞ്ഞാണി മുസ്ലിയാരെ കിട്ടില്ല. ഗ്രന്ഥപാരായണത്തോടൊപ്പം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിനോദമാണ് കൃഷിയും. ഒരുപക്ഷെ പണ്ഡിതര്‍ക്കിടയിലെ സമ്പന്നനും സമ്പന്നര്‍ക്കിടയിലെ പണ്ഡിതനും ആയിരിക്കും അദ്ദേഹം. പൂര്‍വ്വികമായി ലഭിച്ചതും തന്റെ സ്വപരിശ്രമത്താല്‍ നേടിയെടുത്തതുമായ വിശാലമായ കൃഷിയിടത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെയാണ് വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതും ഒട്ടേറെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും.
സംഘടനാ രംഗത്തേക്ക്
ഇന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും സമസ്തയുടെ മലപ്പുറം ജില്ല ജ.സെക്രട്ടറിയാണ് കുഞ്ഞാണി ഉസ്താദ്. കെ.ടി. ഉസ്താദിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ മറ്റൊരു പേരും ആര്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. ശാന്തപ്രകൃതനും നിശ്ശബ്ദനും ആണെങ്കിലും അതിസൂക്ഷ്മതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഈ ജ്ഞാനപ്രതിഭയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അര്‍ഹതപ്പെട്ട പദവിതന്നെയാണ് ഈ സ്ഥാനലബ്ദി.
അഗാധമായ പാണ്ഡിത്യവും ജീവിതത്തില്‍ പുലര്‍ത്തുന്ന അതിസൂക്ഷ്മതയും കുഞ്ഞാണി മുസ്ലിയാരെ മറ്റു പലരില്‍നിന്നും വ്യത്യസ്തനാക്കുന്നു. ദീനിസ്ഥാപന നടത്തിപ്പ് വ്യവസായവല്‍ക്കുകയും സ്ഥാപനത്തോടൊപ്പമോ അതിനേക്കാളേറെയോ സ്ഥാപന നടത്തിപ്പുകാര്‍ വളരുകയും ചെയ്യുന്ന ഇക്കാലത്ത് കുഞ്ഞാണി മുസ്ലിയാരെപോലെയുള്ള സൂക്ഷ്മാലുക്കളായ ഒരു പണ്ഡിതനെ അപൂര്‍വ്വമായേ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
മര്‍ഹൂം നാട്ടിക ഉസ്താദിന്റെ സ്വപ്ന പദ്ധതിയായിരുന്നുവല്ലൊ മേലാറ്റൂര്‍ ദാറുല്‍ഹികം ഇസ്ലാമിക് സെന്റെര്‍. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദീനി സേവനാസംരഭങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ബൃഹത്പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ അതൊരു മഹാസംഭവമാകുമായിരുന്നു. മേലാറ്റൂര്‍ ടൗണില്‍ നിലവിലുണ്ടായിരുന്ന ഓട്ടുകമ്പനിയും ഏഴ് ഏക്കറോളം വരുന്ന സ്ഥലങ്ങളും വിലക്ക് വാങ്ങികൊണ്ട് പദ്ധതിക്ക് അതിഗംഭീരമായി തുടക്കം കുറിക്കപ്പെടുകയും പ്രാഥമികപ്രവര്‍ത്തനങ്ങല്‍ നടക്കുകയും ചെയ്തു. സമുദായ സ്നേഹികളെയും പ്രസ്ഥാനബന്ധുക്കളെയും മാത്രമല്ല നാട്ടിലെ നന്മ കാംക്ഷിക്കുന്ന മുഴുവന്‍ ആളുകളിലും പ്രതീക്ഷകള്‍ നല്‍കി ദാറുല്‍ഹികം പിച്ചവെക്കാന്‍ തുടങ്ങുമ്പോഴാണ് അതിന്റെ നായകന്റെ വിടവാങ്ങല്‍.
സമുദായത്തിനും ദാറുല്‍ഹികമിനും വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ആ കര്‍മ്മയോഗി രോഗിയാവുകയും ആരും നിനച്ചിരിക്കാത്ത ഒരു സമയത്ത് അദ്ദേഹം നമ്മെ വിട്ടുപിരിയുകയും ചെയ്തു. ദാറുല്‍ഹികം അനാഥമാകുമോ എന്നുപോലും തോന്നിയ ഘട്ടം. ആ സന്നിഗ്ദ്ധഘട്ടത്തിലാണ് തന്റെ വാര്‍ദ്ധക്യവും അവശതകളും മാറ്റിവെച്ചുകൊണ്ട് കുഞ്ഞാണി മുസ്ലിയാരുടെ രംഗപ്രവേശനം. നേരത്തെതന്നെ ദാറുല്‍ഹികമിന്റെ വൈ:പ്രസിഡന്റായിരുന്നുവെങ്കിലും മൂസ മുസ്ലിയാരുണ്ടായിരുന്നതുകൊണ്ട് ബാധ്യതകളൊന്നും തന്റെ ചുമലില്‍ വരുമായിരുന്നില്ല.
ഭാര്യ: പുലേകളത്തില്‍ സഫിയ കുളപറമ്പ്.മക്കള്‍: പരേതനായ പി.എം ഹനീഫ്(മുസ്്ലിംയൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍), പ്രൊഫ: റഷീദ് അഹമ്മദ്(കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, കെ.ടി.എം കരുവാരക്കുണ്ട്), പരേതയായ ആയിശകുട്ടി, ഫസലുറഹ്മാന്‍ വാഫി(അധ്യാപകന്‍), സ്വാദിഖ്. മരുമക്കള്‍: ഹംസത്ത് അമ്മിനിക്കാട്, റഹ്മത്ത്്, സഫ്ന, നാഫിഅ.












Click it and Unblock the Notifications