മലപ്പുറത്ത് പോസ്റ്റല്‍ ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കണം: കുഞ്ഞാലിക്കുട്ടിയോട് യൂത്ത് ലീഗ്
മലപ്പുറം: മലപ്പുറത്ത് സ്വന്തമായ കെട്ടിടത്തില്‍ പോസ്റ്റല്‍ ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി ക്ക് നിവേദനം നല്‍കി. നിലവില്‍ മലപ്പുറം റവന്യു ജില്ലക്ക് മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളില്‍ മാത്രമേ ഡിവിഷന്‍ ഓഫീസുകളുള്ളു.
1980 ല്‍ ഹെഡ് പോസ്റ്റ് ഓഫീസിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അക്വയര്‍ ചെയ്ത 20 സെന്റ് സ്ഥലം മലപ്പുറം കോട്ടപ്പടിയുടെ ഹൃദയഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുകയാണ്. ഈ സ്ഥലം ഇവിടെ ഉണ്ടെന്നിരിക്കെ മലപ്പുറത്തെയും കോട്ടപ്പടിയിലേയും ഹെഡ് പോസ്റ്റ് ഓഫീസുകള്‍ വര്‍ഷങ്ങളായ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവക്കായി ഒരു ലക്ഷത്തോളം രൂപ വാടക ഇനത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മതിയായ സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇഇവയ്ക്ക് സ്വന്തമായ കെട്ടിടം ഉണ്ടാക്കുക വഴി സര്‍ക്കാരിന് ഭീമമായ ലാഭം ലഭിക്കുന്നതാണ്.

കൂടാതെ പോസ്റ്റല്‍ എ ടി എമ്മിന്റെ സേവനം ഉപയോഗപ്പെടുത്താനും ഇതുവഴി സാധിക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ പുനര്‍ നാമകരണം ചെയ്ത് ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് സ്വന്തമായ കെട്ടിടത്തില്‍ പോസ്റ്റല്‍ ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് എം പി ഉറപ്പു നല്‍കി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, ജില്ലാ പഞ്ചായത്ത് ്അംഗം പുല്ലാണി സെയ്ത്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, ട്രഷറര്‍ എന്‍ പി അക്ബര്‍, ഹക്കീം കോല്‍മണ്ണ, ഫാരിസ് പൂക്കോട്ടൂര്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്


Click it and Unblock the Notifications