പൂജ ചെയ്തിട്ട് നിധി ലഭിച്ചില്ല; പൂജാരിയെ തടഞ്ഞുവച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കൊണ്ടോട്ടി: മലപ്പുറത്ത് പൂജാരിയെ തടഞ്ഞുവെച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൂജ ചെയ്തിട്ടും നിധി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു പൂജാരിയെ തടഞ്ഞുവെച്ചത്. സാമ്പത്തിക അഭിവൃദ്ധിക്കും, നിധിക്കും വേണ്ടിയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജാഫര്‍ പൂജ നടത്തിയത്. എന്നാല്‍ ഇയാള്‍ വിചാരിച്ച ഫലം ലഭിക്കാതായതോടെ പ്രകോപിതനായിരുന്നു. തുടര്‍ന്നായിരുന്നു പൂജാരിയെ തടഞ്ഞത്.
ജാഫറാണ് പോലീസ് പിടിയിലായിരിക്കുന്നത്. കരിപ്പൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജാഫര്‍ അലിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് സുഹൃത്തുക്കളെ കൂടി പോലീസ് തിരയുന്നുണ്ട്. ഒന്‍പത് മാസം മുമ്പായിരുന്നു പൂജാരിയെ ജാഫര്‍ വീട്ടിലേക്ക് പൂജ ചെയ്യാനായി വിളിച്ചുവരുത്തിയത്. വീട്ടിലും പോത്ത് ഫാമിലുമെല്ലാം പൂജ നടത്തുകയും ചെയ്തു. ഇത് കഴിഞ്ഞാല്‍ മണ്ണിനടിയില്‍ നിന്ന് നിധി ലഭിക്കുമെന്നും, സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നാണ് പൂജാരി ജാഫറിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

ലക്ഷങ്ങളാണ് തുടര്‍ന്ന് ഇയാള്‍ പൂജാരിക്ക് നല്‍കിയത്. പല തവണ പൂജ ചെയ്തിട്ടും പക്ഷേ ഫലമൊന്നും ലഭിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച പൂജയ്ക്കായി വീണ്ടും പൂജാരി ജാഫറിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്നാണ് തടഞ്ഞുവെച്ചത്. തന്റെ പണം തിരികെ ചോദിച്ചായിരുന്നു ജാഫര്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. പൂജാരിയുടെ ഭാര്യയാണ് ജാഫറിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്.












Click it and Unblock the Notifications