വയറ്റിലുള്ളത് കൈവിഷം, ഇറക്കാന്‍ മന്ത്രവാദം; ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സിദ്ധന്‍ അറസ്റ്റില്‍
മലപ്പുറം: കൈവിഷം ഇറക്കാന്‍ കൊണ്ടുവന്ന യുവതിയെ ബലാത്സംഗം ചെയ്ത സിദ്ധനെ പൊലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ ആണ് സംഭവം. സിദ്ധന്‍ ബാബു എന്ന് വിളിക്കുന്ന തിരൂരങ്ങാടി സ്വദേശിയായ ബാബു എന്ന മുന്നിയൂര്‍ പാറാക്കാവ് ശാന്തിനഗര്‍ ചെകുത്താന്‍ മൂലയിലെ പുന്നശ്ശേരി സുബ്രഹ്‌മണ്യനെ ആണ് പൊലീസ് യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
കൈവിഷം ഉള്ളില്‍ ചെന്നു എന്ന് പറഞ്ഞ് ചികിത്സക്കെത്തിയ 27 കാരിയായ യുവതിയെ ആണ് സിദ്ധന്‍ ബാബു ബലാത്സംഗം ചെയ്തത്. ഈ മാസം അഞ്ചാം തിയതി ആണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ വീട്ടില്‍ ചികിത്സയ്ക്കായി എത്തിച്ച യുവതിയെ ആണ് ബലാത്സംഗം ചെയ്തത്. ചികിത്സിക്കാന്‍ യുവതിയെ മാത്രം മുറിക്കുള്ളിലേക്ക് പ്രവേശിപ്പിച്ച സിദ്ധന്‍ ബാബു പിന്നീട് ബലാത്സംഗം ചെയ്തു എന്നാണ് യുവതി നല്‍കിയ പരാതി.

തിരൂരങ്ങാടി പൊലീസാണ് സിദ്ധന്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. മാനസിക രോഗികള്‍ക്ക് ചികിത്സ നല്‍കി വരുന്നയാളാണ് സിദ്ധന്‍ ബാബു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ ചികിത്സാരീതി പാരമ്പര്യ വൈദ്യമോ ജ്യോതിഷമോ ഒന്നുമല്ല. മന്ത്രവാദത്തിന്റെ രീതിയില്‍ ആണ് ഇയാള്‍ ചികിത്സ നടത്തുന്നത്. തകിടുകള്‍ എഴുതി നല്‍കുക, ചരട് ജപിച്ച് കൊടുക്കക, കൈവിഷ ചികിത്സ തുടങ്ങിയവയായിരുന്നു ചികിത്സാരീതി.
തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഒരു ബന്ധു പഠിപ്പിച്ച് തന്നതാണ് മന്ത്രങ്ങള്‍ എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ദൂരെ ദിക്കിലുള്ളവരാണ് ഇയാളുടെ അടുത്തേക്ക് കൂടുതലായും ചികിത്സക്കായി എത്തിയിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. വിട്ടുമാറാത്ത അസുഖം മാറ്റുന്നതിന് വയറ്റിലുള്ള കൈവിഷം നീക്കം ചെയ്യണം എന്നാണ് ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
യുവതിക്കും സഹോദരനും ആരോ കൈവിഷം നല്‍കിയിട്ടുണ്ട് എന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. സഹോദരന് ചികിത്സ നല്‍കിയതിന് ശേഷം യുവതിയെ മുറിയിലേക്ക് വിളിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടെ ആണ് സിദ്ധന്‍ ബാബു യുവതിയെ ബലാത്സംഗം ചെയ്തത്.
ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടി എത്തി. ഇതോടെ സിദ്ധന്‍ ബാബു ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ധന്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications