മലപ്പുറത്ത് മങ്കിപോക്‌സ്? രോഗലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍, സ്രവം പരിശോധനയ്ക്ക് അയച്ചു
മലപ്പുറം: എം പോക്‌സ് (മങ്കി പോക്‌സ്) രോഗ ലക്ഷണത്തോടെ മലപ്പുറം ജില്ലയില്‍ ഒരാള്‍ നിരീക്ഷണത്തില്‍. എടവണ്ണ ഒതായി സ്വദേശിയായ 38 കാരനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ സ്രവത്തിന്റെ സാംപിളെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇന്നലെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദുബായിയില്‍ ജോലി ചെയ്യുന്ന യുവാവ് ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഇന്നലെയാണ് ശാരീരികാസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒപിയില്‍ ഇയാള്‍ ചികിത്സ തേടിയത്. പനിക്കൊപ്പം തൊലിപ്പുറത്ത് ചിക്കന്‍ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നും മങ്കി പോക്‌സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം എന്നും ഇത് മുന്‍കരുതലിന്റെ ഭാഗമാണ് എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്രവ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നേരത്തെ തന്നെ മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്. ലോകാരോഗ്യ സംഘടന മങ്കിപോക്‌സിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്‌സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതോടെയാണ് ജാഗ്രതാ നിര്‍ദേശവും അടിയന്തരാവസ്ഥയും ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.
എന്താണ് മങ്കിപോക്‌സ്?
ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1958 ലാണ്. കുരങ്ങനിലായിരുന്നു ആദ്യം രോഗബാധ കണ്ടെത്തിയത്. ഇങ്ങനെയാണ് മങ്കിപോക്‌സ് എന്ന പേര് ലഭിക്കുന്നത്. വൈറസ് ബാധയുള്ള കുരങ്ങ്, അണ്ണാന്‍, എലി പോലെയുള്ള ജീവികളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. പനി, തലവേദന, ശരീര വേദന എന്നിവയ്‌ക്കൊപ്പം ചിക്കന്‍ പോക്‌സിന് സമാനമായി ശരീരത്തില്‍ കുമിളകള്‍ പൊന്തുക എന്നിവയാണ് പ്രധാന ലക്ഷണം.
രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നത് വഴി രോഗം വ്യാപിക്കും. പൊതുവെ ഗുരുതരസ്വഭാവമില്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം മരണകാരണമായേക്കാം. വൈറസ് ബാധിച്ച് 5 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പുറത്തുവരും. രോഗം ഭേദമാകാന്‍ രണ്ടോ മൂന്നോ ആഴ്ചയെടുത്തേക്കും. ഈ വര്‍ഷം ഇതുവരെ 20000 ത്തോളം മങ്കിപോക്‌സ് കേസുകള്‍ ആഫ്രിക്കയില്‍ മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്.
500 ലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയടക്കം 13 രാജ്യങ്ങളിലാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒമ്പതിനാണ് ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ ക്ലേഡ് 2 ടൈപ്പ് എംപോക്സെന്ന വകഭേദമാണ് യുവാവില്‍ സ്ഥിരീകരിച്ചത്. ഇയാള്‍ വിദേശത്ത് നിന്ന് വന്ന് രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.
ഇത് ഒറ്റപ്പെട്ട കേസാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. 2022 ജൂലൈ മുതല്‍ ഇന്ത്യയില്‍ സമാനമായ 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള കോണ്‍ടാക്ട് ട്രേസിങ്, നിരീക്ഷണം, നിരീക്ഷണം, പൊതുജന ബോധവത്കരണം മുതലായ നടപടികള്‍ മങ്കിപോക്‌സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നുണ്ട്.












Click it and Unblock the Notifications