നടുറോഡില്‍ മര്‍ദ്ദനമേറ്റ സംഭവം; യുവതികള്‍ പിന്നോട്ടില്ല, എസ്പിക്കും വനിതാ കമ്മീഷനും പരാതി
മലപ്പുറം: പാണമ്പ്രയില്‍ നടുറോഡില്‍ മര്‍ദ്ദനമേറ്റ സഹോദരിമാര്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും. വനിതാ കമ്മീഷനും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കാന്‍ സഹോദരിമാര്‍ തീരുമാനിച്ചു. തേഞ്ഞിപ്പലം പോലീസിന്റെ വീഴ്ച കൂടി ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുക. അതിനിടെ തേഞ്ഞിപ്പലം പോലീസ് യുവതികളില്‍ നിന്ന് ഇന്ന് വീണ്ടും മൊഴിയെടുത്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. അല്ലെങ്കില്‍ അവര്‍ നാളെ മറ്റുള്ളവരെയും പരസ്യമായി മര്‍ദ്ദിക്കും. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നും യുവതികള്‍ പ്രതികരിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ന്യായം കിട്ടുന്നത് വരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. വനിതാ കമ്മീഷനുമായി ഫോണില്‍ സംസാരിച്ചിരുന്നു. നിയമ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമാണ് കമ്മീഷനില്‍ നിന്ന് ലഭിച്ചതെന്നും യുവതികള്‍ പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള പാണമ്പ്രയില്‍ വച്ചാണ് കാറിലെത്തിയ യുവാവ് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിരമാരെ മര്‍ദ്ദിച്ചത്. കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു സഹോദരിമാര്‍. കാര്‍ തെറ്റായി ഓവര്‍ടേക് ചെയ്തതിനെതിരെ പ്രതികരിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവിന്റെ മകനാണ് പ്രതി എന്നതിനാല്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
എംപി മന്‍സിലില്‍ അസ്‌നയും ഹംനയുമാണ് പരാതിക്കാര്‍. യൂണിവേഴ്‌സിറ്റി കഴിഞ്ഞ് കോഹിനൂര്‍ എത്തിയപ്പോഴാണ് കാര്‍ അമിത വേഗതയില്‍ ഇടതുഭാഗത്തുകൂടെ കയറിയത്. ഇതിനെതിരെ പ്രതികരിച്ച യുവതികള്‍ ഹോണടിച്ച് മുന്നോട്ട് പോയി. എന്നാല്‍ പാണമ്പ്ര ഇറക്കത്തില്‍ വച്ച് യുവാവ് സ്‌കൂട്ടറിന് കുറുകെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് അഞ്ച് തവണ അടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ആളുകള്‍ കൂടി വന്ന വേളയില്‍ പ്രതി വേഗം സ്ഥലം വിടുകയായിരുന്നു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷബീറിന്റെ പേരിലാണ് കേസ്.
കാറില്‍ നിന്നിറങ്ങിയ യുവാവ് മറ്റു ചോദ്യങ്ങളൊന്നുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതികള്‍ പറയുന്നു. പോലീസ് നിസാരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത് എന്നാണ് ഇവരുടെ ആക്ഷേപം. യുവതികളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പോലീസ് സത്വര നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. സംഭവം നടക്കുന്ന വേളയില്‍ റോഡിലൂടെ പോയിരുന്നവരാണ് വീഡിയോ എടുത്തതും പ്രചരിപ്പിച്ചതും. പ്രതിയുടെ കാര്‍ നമ്പര്‍ ഉള്‍പ്പെടെയാണ് യുവതികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്.












Click it and Unblock the Notifications