കൗതുകമായി മലപ്പുറത്തെ ചിരിക്കുന്ന ചക്ക; സോഷ്യൽമീഡിയയിൽ വൈറലായി 'സൂര്യമാനസം'
വിചിത്രമായ, അല്ലെങ്കിൽ കേട്ടാൽ വിശ്വസിക്കാൻ അല്പം പ്രയാസം തോന്നുന്ന എത്രയോ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഒരു കർഷകന്റെ ബാഹുബലി വാഴയിൽ ഉണ്ടായ ഏഴടിയിൽ അധികം നീളവും 60 കിലോ ഭാരവും ഉള്ള വാഴക്കുലയുടെ വാർത്ത അത്ഭുതത്തോടെയാണ് നമ്മൾ കേട്ടറിഞ്ഞത്.
വയനാട്ടിലെ മാനന്തവാടിയിലെ 52.350 കിലോഗ്രാം ഭാരവും 77 സെന്റിമീറ്റര്‍ നീളവും 117 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ഭീമൻ ചക്കയെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ചിരിക്കുന്ന മനുഷ്യന്റെ മുഖമുള്ള ചക്കയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചക്ക എങ്ങനെ മനുഷ്യനെ പോലെ ചിരിക്കും എന്ന ചോദ്യമായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത്. എന്നാൽ ഈ ചിരിക്കുന്ന ചക്കയാണ് സോഷ്യൽമീഡിയയിലെ താരം. മലപ്പുറത്താണ് ഈ ചിരിയൻ ചക്കയെ കണ്ടെത്തിയത്. സംഭവം വിശദമായി അറിയാം.

ഈ ചക്ക സാധരാണ ചക്ക പോലല്ല. ഈ ചക്കക്ക് പല്ലുണ്ട്, കണ്ണുണ്ട് , മൂക്കുണ്ട് , ചുണ്ടിൽ ചിരിയുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് ആകെ സംശയം ആകുന്നുണ്ടല്ലേ. യഥാർത്ഥ പല്ലും മുക്കും ഉണ്ടെന്നല്ല, പക്ഷേ ഈ ചക്ക കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലമ്പൂരിന് അടുത്ത് മീൻകുളത്തി കാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലെ പ്ലാവിലെ ചക്കയാണ് ഇപ്പോൾ നാട്ടിലേയും സോഷ്യൽമീഡിയയിലേയും താരം.
സൂര്യമാനസം എന്ന പേരിലാണ് ചക്ക വൈറൽ ആവുന്നത്. സോഷ്യൽമീഡിയയിൽ വൈറൽ ആയതോടെ ചക്ക കാണാൻ നിരവധിപേരാണ് എത്തുന്നത്. വാസുദേവന്റെ വീട്ടിൽ 20 കൊല്ലം മുമ്പ് നട്ട പ്ലാവിലാണ് ഈ ചിരിയൻ ചക്ക ഉണ്ടായത്. ഒറ്റ നോട്ടത്തിൽ ചിരിക്കുന്ന ചക്കയുടെ മുഖമാണ് ഈ ചക്കയ്ക്കെന്നാണ് വീട്ടുകാർ പറയുന്നത്.
സോഷ്യൽമീഡിയയിൽ ഈ ചക്ക താരമായതോടെ നിരവധിപേരാണ് ചക്ക കാണാൻ എത്തുന്നത്. ചക്കയിൽ മനുഷ്യന്റെ മുഖത്ത് ഉള്ളപോലെ കണ്ണും മൂക്കും, പല്ലും പുറന്തള്ളി വരാൻ തുടങ്ങിയപ്പഴാണ് വീട്ടുകാരും ഈ ചക്ക ശ്രദ്ധിക്കാൻ തുടങ്ങിയത്. കഴിഞ്ഞ നാല് വർഷമായി ഈ പ്ലാവിൽ ചക്ക ഉണ്ടാവാറുണ്ട്, എന്നാൽ ആദ്യമായാണ് ഇങ്ങനെയൊരു ചക്ക ഉണ്ടായതെന്നാണ് വീട്ടുകാർ പറയുന്നത്.












Click it and Unblock the Notifications